Wednesday 28 February 2018

ഡിലനോയിയുടെ ആത്മാവ് ഇപ്പോഴും സ്പന്ദിക്കുന്നു


സി പി എഫ് വേങ്ങാട്

ഉദയഗിരി കോട്ടക്കുള്ളിലെ കല്ലറയിലിരുന്ന് ഡിലനോയിയുടെ ആത്മാവ് ഇപ്പോഴും വിലപിക്കുകയാവാം… താന്‍ ഏറെ സ്്‌നേഹിച്ച തിരുവിതാംകൂര്‍ ജനത പോലും തന്നെ ഓര്‍ക്കുന്നിലല്ലോ എന്നോര്‍ത്ത്.
ഡച്ച് തടവുകാരനായി പിടിക്കപ്പെട്ട് പിന്നീട് തിരുവിതാംകൂറിന്റെ വലിയപടത്തലവന്‍ പട്ടം അലങ്കരിച്ച വിദേശിയാണ് ജനറല്‍ ഡിലനോയി. തിരുവിതാംകൂര്‍ കൈവരിച്ച പേരും പെരുമക്കും പിന്നില്‍ നിസ്വര്‍ത്ഥനായി പ്രവര്‍ത്തിച്ച് ഈ വിദേശിയുടെ ചരിത്രത്തെ അവഗണിക്കുക വയ്യ. എന്നാല്‍ ഇങ്ങനെ ഒരു മനുഷ്യനെയും അദ്ദേഹത്തിന്റെ കല്ലറയെയും തിരുവനന്തപുരത്ത് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും അറിയില്ലെന്നത് ചരിത്രത്തിന്റെ വിരോധാഭാസം എന്നല്ലാതെ മറ്റെന്ത് പറയാന്‍…
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടപ്പോള്‍ കേരളത്തിന് നഷ്ടമായത് കാലത്തിന്റെ കഥ പറയുന്ന ഒട്ടനവധി ചരിത്ര സ്മാരകങ്ങളാണ്. കേരളത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ച സംഭവങ്ങള്‍ക്ക് സാക്ഷികളായ ഈ ചരിത്ര സ്മാരകങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദയഗിരി കോട്ടയും ഡിലനോയി സ്മാരകവും. ശ്രദ്ധിക്കാനാളില്ലാതെയും വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും തമിഴ് മണ്ണില്‍ ചിതലരിക്കുകയാണ് ഈ കേരള ചരിത്രം. തിരുവിതാംകൂര്‍ രാജവംശത്തിന്റെ പുരാവൃത്തം തേടിയുള്ള യാത്രക്കിടെയാണ് ജീര്‍ണിച്ച മുഖവുമായി നിലകൊള്ളുന്ന ചില ചരിത്ര സ്മാരകങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. അതില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഡിലനോയി സ്മാരകം. അറിയുന്തോറും വിസ്മയമേകുന്നതാണ് ഡിലനോയിയുടെ ചരിത്രം.
കേരളത്തല്‍ ആധിപത്യം സ്ഥാപിച്ച ഡച്ചുകാരെ കെട്ടുകെട്ടിച്ച യുദ്ധമാണ് 1741ലെ കുളച്ചല്‍ യുദ്ധം. തിരുവിതാംകൂര്‍ മഹാരാജാവായ മാര്‍ത്താണ്ഡ വര്‍മ്മയുടെ യുദ്ധ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ തോറ്റോടിയ ഡച്ചുപടക്ക് പിന്നീട് കേരളം വിട്ട് പോകേണ്ടിവന്നു. ഡച്ചുകാരില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ കണ്ടുകെട്ടിയ മഹാരാജാവ് യുദ്ധത്തടവുകാരായി പിടിച്ച ഡച്ചുകാരെ ഉദയഗിരികോട്ടയില്‍ താമസിപ്പിച്ചു. ഇവരില്‍ ബല്‍ജിയം ദേശക്കാരനായ ഒരു പട്ടാളക്കാരന്‍ രാജാവിന്റെ പ്രീതി പിടിച്ചു പറ്റി. അദ്ദേഹത്തിന്റെ യുദ്ധമികവും കഴിവും മനസിലാക്കിയ മാര്‍ത്താണ്ഡവര്‍മ്മ ആ പട്ടാളക്കാരനെ തിരുവിതാംകൂറിന്റെ വലിയ പടത്തലവനായി നിയമിച്ചു. ഇദ്ദേഹമാണ് ജനറല്‍ ഡിലനോയി. ഒന്നു കൂടി വ്യക്തമാക്കിയാല്‍ തിരുവിതാംകൂറിന് വേണ്ടി തന്റെ ജിവന്‍ വെടിയും വരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച വിദേശിയായ പട്ടാളക്കാരന്‍. ഡിലനോയിയുടെ നേതൃത്വത്തിലാണ് പിന്നിട് മാര്‍ത്താണ്ഡ വര്‍മ്മ നിലവിലുള്ള കോട്ടകള്‍ പൊളിച്ചുമാറ്റി കരിങ്കല്ലു കൊണ്ട് കെട്ടി തന്റെ രാജ്യം ശക്തിപ്പെടുത്തിയത്(1). പിന്നീട് തീരുവിതാംകൂര്‍ നേടിയ പല യുദ്ധവിജയങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും പിന്നില്‍ ഡിലനോയിയുടെ കഴിവും പ്രവര്‍ത്തനവുമുണ്ടായിരുന്നു.
36 വര്‍ഷക്കാലം തിരുവിതാംകൂറിന്റെ വലിയ പടത്തലവനായി സേവനമനുഷ്ഠിച്ച ഈ ഡച്ചു കാരന്‍ 1777ല്‍ ഉദയഗിരി കോട്ടയില്‍ അസുഖ ബാധിതനായി മരണപ്പെട്ടു. അന്ന് തിരുവിതാംകൂര്‍ ഭരണം നടത്തിയിരുന്നത് മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയായ ധര്‍മ്മ രാജയായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞ പ്രകാരം ഡിലനോയിയെ സര്‍വവിധ ബഹുമതികളോടെയും ഉദയഗിരികോട്ടക്കകത്തെ ഡച്ചുപള്ളിയില്‍ അടക്കം ചെയ്തു. രാജഭരണം നാടുനീങ്ങുകയും തമിഴ് ഭാഷ സംസാരിക്കുന്ന ഉദയഗിരി തമിഴ്‌നാടിന്റെ അതിര്‍ത്തിക്കുള്ളിലാവുകയും ചെയ്തതോടെ കേരള ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഈ വിദേശിയോടുള്ള അവഗണനയും ആരംഭിച്ചുവെന്ന് പറയാതെ വയ്യ.
തിരുവനന്തപുരത്ത് നിന്നും നാഗര്‍കോവിലിലേക്ക് പോകുന്ന വഴിയില്‍ പുലിയൂര്‍ കുറിച്ചിയിലെ വേളിമല താഴ് വരയിലാണ് ഉദയഗിരികോട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടക്കകത്തെ പള്ളിയിലാണ് കാലപ്പഴക്കത്താല്‍ ജീര്‍ണിതാവസ്ഥയിലായ ഡിലനോയിയുടെ ശവകുടീരമുള്ളത്. കാടുപിടിച്ച കോട്ടക്കകത്ത് വളര്‍ന്ന് പന്തലിച്ച്് നില്‍ക്കുന്ന വാളന്‍പുളി മരങ്ങള്‍. വാളന്‍പുളി ശേഖരിക്കാനായി തമിഴരായ ഒരു കൂട്ടം നാടോടികള്‍ ഇവിടെ തമ്പടിച്ചിട്ടുണ്ട്. ഇഴ ജന്തുക്കളുണ്ടെന്ന് നാടോടികള്‍ മുന്നറിയിപ്പ് തന്നതിനെ തുടര്‍ന്ന് കയ്യിലൊരു വടിയുമായി പുല്ലുകള്‍ വകഞ്ഞ് മാറ്റി പള്ളിയെ ലക്ഷ്യമാക്കി നടന്നു. ഇതിന് മുന്നിലായി ഇംഗ്ലീഷിലും തമിഴിലും വിവരങ്ങള്‍ എഴുതിയ ബോര്‍ഡ് തൂക്കിയിട്ടുണ്ട്.
ഡച്ച് വാസ്തു ശില്‍പ്പ മാതൃകയില്‍ നിര്‍മ്മിച്ച പള്ളി നാശത്തെ നേരിട്ടു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ശ്രദ്ധിക്കാനാളില്ലാതെയും വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും നാശത്തെ നേരിടുകയാണ് ഈ സ്മാരകം. തേക്ക് തടിയില്‍ നിര്‍മിച്ച കഴുക്കോലുകള്‍ പ്രദേശ വാസികള്‍ ഇളക്കിയെടുത്ത് സ്വന്തം വീടിന് മേല്‍ക്കൂര പണിതു. അവശേഷിക്കുന്ന ചുമരുകള്‍ ഏതു സമയത്തും നിലംപൊത്തുമെന്ന അവസ്ഥയിലാണ്.
പള്ളിക്കകത്ത് വിശ്രമിക്കുകയായിരുന്ന വന്യമൃഗ സ്വഭാവം കാട്ടുന്ന കന്നുകാലി കൂട്ടങ്ങള്‍ എന്റെ കാല്‍പെരുമാറ്റം കേട്ടപ്പോള്‍ വെളിയിലേക്ക് പോയി. മൂന്നോളം ശവക്കക്കറകളാണ് ഇവിടെയുള്ളത്. എല്ലാം വേലികെട്ടി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും മേല്‍കൂരിയില്ലാത്ത പള്ളിക്കകത്ത് വെയിലും മഴയുമേറ്റ് കല്ലറയിലെ വിവരങ്ങള്‍ മാഞ്ഞു തുടങ്ങി. ഇപ്പോള്‍ ഇതിന്റെ അവകാശികളായ തമിഴനാട് പുരാവസ്തു വകുപ്പാകട്ടെ ഇതിന് മുന്നില്‍ ഒരു ബോര്‍ഡ് വെച്ചതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തോടുള്ള തമിഴകത്തിന്റെ അവഗണന ഇതില്‍ നിന്നും മനസിലാക്കാവുന്നതാണ്. കേരള സര്‍ക്കാര്‍ ഇടപെട്ട് ഇവയെ രക്ഷിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ തിരുവിതാംകൂറിന് വേണ്ടി അകമഴിഞ്ഞ് പ്രവര്‍ത്തിച്ച ഡിലനോയിയും അദ്ദേഹത്തിന്റെ സ്മാരകവും കേള്‍വിയില്‍ തെളിയുന്ന ചിത്രമായേക്കും.

(1) Travancore Archaeological series. Vol.1, Page 51

No comments:

Post a Comment