Tuesday 27 July 2021

വേങ്ങാടിന്റെ ഇതിഹാസം

 

സി പി എഫ് വേങ്ങാട് 

ഏതൊരു ദേശത്തിന്റെയും സ്ഥലനാമ ചരിത്രം എന്നത് പോലെ വേങ്ങാട് എന്ന സ്ഥലപ്പേരിലും സവിശേമായ ഒരു ചരിത്രമുണ്ട്. അഞ്ചരക്കണ്ടിയിൽ നിന്ന് അല്പം മറി 'വെങ്കാട്' എന്ന സ്ഥലമുണ്ടെന്നും അവിടെ ചരക്ക് തോണികൾക്ക് എളുപ്പം പോയിവരമെന്നും  വില്യം ലോഗന്റെ മലബാർ മാന്വലിൽ കാണാം.  വേങ്ങാടിനെ കുറിച്ചുള്ള ലോഗന്റെ ആദ്യത്തെ പരാമർശവും ഇത് തന്നെ. 'വെങ്കാട്'എന്നാണ് ലോഗന്റെ പരാമർശം.  അതിനു പിന്നിൽ ഒരു കാട് ഒളിഞ്ഞിരിപ്പുണ്ട്.  നൂറ്റാണ്ടുകൾക്ക് മുമ്പ് വേങ്ങ മരങ്ങൾ തിങ്ങി നിറഞ്ഞ കാടായിരുന്നത്രെ ഈ പ്രദേശം. അഞ്ചരക്കണ്ടി പുഴ നൽകിയ ഔദാര്യത്തിൽ വേങ്ങ മരങ്ങൾ തിങ്ങി നിറഞ്ഞ ഈ പ്രദേശത്തെ വേങ്ങക്കാട് എന്ന് വിളിച്ചു പൊന്നു. ഈ വേങ്ങക്കാട് ആണ് പിന്നീട് വേങ്ങാട് ആയി മാറിയതെന്നാണ് പ്രബലമായ വിശ്വാസം. ഈ വിശ്വാസത്തെ ബലപ്പെടുത്തുന്ന ചില വസ്തുതകൾ ഇവിടെ ഇപ്പോഴും കാണാം.  ഇവിടെ അവശേഷിക്കുന്ന കാട്ടു പ്രദേശത്തു ഇപ്പോഴും വേങ്ങ വൃക്ഷങ്ങൾ യഥേഷ്ടമുണ്ട്.

എന്നാൽ തിരുവങ്ങാടാണ് വേങ്ങാട് ആയി മാറിയതെന്ന ചിലരുടെ വാദം വസ്തുതകൾക്ക് നിരക്കുന്നതല്ല. തലശ്ശേരിയുടെ ആദ്യകാല നാമമാണ് ശ്വേതാരണ്യപുരി എന്ന തിരുവങ്ങാട്. ഇക്കാര്യം നേരത്തെ ഒരു പോസ്റ്റിൽ വിവരിച്ചതിനാൽ വീണ്ടും ആവർത്തിക്കുന്നില്ല. തിരുവങ്ങാടുമായി വേങ്ങടിനുള്ള ചെറിയൊരു ബന്ധം തെരുവിലെ മഹാവിഷ്ണു ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്.ഈ നാടിന്റെ തന്നെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം. അതെന്താണെന്ന് നോക്കാം.









                                                                           

ക്ഷേത്രം ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തിന് സമീപം നൂറ്റാണ്ടുകൾക്ക് മുമ്പ് കൊട്ടാരത്തിൽ തങ്ങൾ എന്നൊരാൾ താമസിച്ചിരുന്നു. ഇന്ന് വേങ്ങാട് എൽ പി സ്കൂൾ നിലനിൽക്കുന്ന സ്ഥലത്താണ് കൊട്ടാരത്തിൽ ഇല്ലം. അന്ന് കിലോമീറ്റർ അകലെയുള്ള തലശ്ശേരി തിരുവങ്ങാട്ടെ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ ചെന്നായിരുന്നു കൊട്ടാരത്തിൽ തങ്ങളും പരിവാരങ്ങളും തൊഴുതിരുന്നത്. പ്രായം ഏറെ കഴിഞ്ഞപ്പോൾ തങ്ങൾക്ക് തിരുവങ്ങാട് ക്ഷേത്രത്തിലെ ദർശനം സാധിക്കാതെ വന്നു. അങ്ങിനെ ദുഖിതനായി കഴിയുന്ന അവസരത്തിൽ തങ്ങൾക്ക് ഒരു വെളിപാട് ഇണ്ടായി. 'ഇനി ഞാൻ അങ്ങോട്ട് വന്നു തന്നെ കണ്ടോളാം' എന്നായിരുന്നു ആ വെളിപാട്. അങ്ങിനെ തങ്ങൾ തന്നെ അവിടെ ദേവനെ പ്രതിഷ്ഠ നടത്തി പ്രാർത്ഥിച്ചു തുടങ്ങി. നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ തങ്ങളുടെ പിന്മുറക്കാരിൽ ആരോ ആണ് ഇന്നത്തെ അമ്പലത്തിൽ പ്രതിഷ്ഠ നടത്തുന്നത്. ആയിരത്തിലേറെ വർഷത്തെ പഴക്കമുണ്ട് ഈ ഐതീഹ്യത്തിന്. വേങ്ങാട് അങ്ങാടിയിലെ ജുമാഅത്ത് പള്ളിയുടെ ചരിത്രത്തിനും ഈ പഴക്കം തന്നെയുണ്ട്. ഇതാണ് വേങ്ങാടും തിരുവാങ്ങാടും തമ്മിലുള്ള ബന്ധം. പേരിലെ സാമ്യത മാത്രമല്ലാതെ വേങ്ങാട് എന്ന പേരുമായി ഈ ഐതീഹ്യത്തിന് ഒരു ബന്ധവും ഇല്ല.

കഴുവേറ്റൽ 

വേങ്ങാടിന്റെ ചരിത്രാന്വേഷണത്തിനിടെ ഏറെ ഞെട്ടലോടെ കണ്ടെത്തിയ സംഭവമാണ് കഴുവേറ്റൽ. രണ്ടു പേരെയാണ് ഇവിടെ കഴുവേറ്റിയതെന്നാണ് ലഭ്യമായ രേഖകൾ നൽകുന്ന വിവരം.

നമ്മുടെ നാട്ടുകാരനും ഈയിടെ അന്തരിച്ച എഴുത്തുകാരനുമായ വേങ്ങാട് മുകുന്ദൻ മാഷുടെ ' വേങ്ങാടിന്റെ പുസ്തകം' എന്ന ഗ്രന്ഥത്തിന് Vijayan T M എഴുതിയ അവതാരികയിൽ ഇക്കാര്യം സൂചിപ്പിക്കുന്നതായി അറിയുന്നു.

 മോഷണ കുറ്റം ആരോപിച്ചു കോട്ടയം രാജാവിന്റെ നിർദേശ പ്രകാരം വേങ്ങാട്ടുകാരായ രണ്ടുപേരെ ഇവിടെ വെച്ചു കഴുവേറ്റിയെന്നതിനു രേഖകൾ ഉണ്ട്. ഒരു വീട്ടിൽ നിന്ന് മോഷണം നടത്തി എന്നാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. നട്ടാചാരപ്രകാരം നടന്ന വിചാരണയിൽ ഇവർ കുറ്റം ഏറ്റു പറഞ്ഞിരുന്നുവത്രേ. എന്നാൽ വിചാരണ പേരിന് മാത്രമാണെന്നും പറയപ്പെടുന്നു. തുടർന്ന് കുറച്ചു കാലം തടവിൽ പാർപ്പിച്ചതിനു ശേഷമാണു ഇവരെ വധശിക്ഷക്ക് വിധിക്കുന്നത്. 1795 ജൂണിലോ അതിനു മുമ്പോ ആണ് ശിക്ഷ നടപ്പാക്കിയതെന്ന് ലോഗൻ തന്റെ മലബാർ മാന്വലിൽ വിവരിക്കുന്നു.

കഴുവേറ്റുക എന്നു പറഞ്ഞാൽ അതി ക്രൂരമായ ഒരു ശിക്ഷാ രീതിയാണ്. എന്നാൽ പലരും ഇതിനെ തൂക്കിക്കൊല്ലലായി തെറ്റിദ്ധരിച്ചിരിക്കുന്നതായി കാണാം. 

എന്താണ് കഴുവേറ്റൽ എന്നു നോക്കാം.

മുതുകിന്റെ അടിയിൽനിന്നും കഴുത്തറ്റം വരെ മൂർച്ചയുള്ള ഒരു ഇരുമ്പ് കുന്തം കയറ്റി അതിന്റെ താഴത്തെ അറ്റം നിലത്തു ഉറപ്പിച്ചിരിക്കുന്ന തൂണിൽ തറച്ചു ഒരു പീഠത്തിൽ ഇരുത്തുന്ന വധശിക്ഷാ രീതിയാണിത്. പൊതുവായ സ്ഥലത്താണ് ഇത് നടപ്പാക്കുക. കയ്യും കാലും ബന്ധിച്ചതിനാൽ ഒന്ന് പിടയാൻ പോലും കുറ്റവാളികൾക്കാവില്ല. വെയിലോ മഴയോ കൊണ്ട് വേദനയും വിശപ്പും ദാഹവും സഹിച്ചു സാവധാനം മരണപ്പെടുക എന്നതാണ് ഈ രീതിയുടെ സ്വഭാവം. ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലുമെടുക്കും കുറ്റവാളി മരണപ്പെടാൻ. സംസ്കൃതത്തിൽ ' ചിത്രവധമെന്നും' മലയാളത്തിൽ 'ഉഴച്ചു കൊല്ലൽ' എന്നും ഈ ശിക്ഷ രീതി അറിയപ്പെടുന്നു.മൂന്നോളം സംഭവങ്ങളിലായി പഴശ്ശിയുടെ പടയാളികൾ വേങ്ങാട് നാലുപേരുടെ വധ ശിക്ഷ നടപ്പാക്കി എന്നാണ് എന്റെ ബലമായ സംശയം.


തീവെപ്പ്..!

അഞ്ചരക്കണ്ടി പുഴയുടെ ഓരം ചേർന്ന് നിലകൊള്ളുന്ന ഒരു പ്രദേശമാണ് വേങ്ങാട് എന്ന് മുൻപ് എഴുതിയ പല കുറിപ്പുകളിലും ഞാൻ സൂചിപ്പിച്ചുവല്ലോ. പുഴയുടെ സാമീപ്യം വേങ്ങാടിനെ കുറച്ചൊന്നുമല്ല പ്രശസ്തമാക്കിയത്. ഗുണമേന്മയുള്ള ഒന്നാന്തരം കുരുമുളക് ഇവിടെ ധാരാളമായി വിളഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കോട്ടയം രാജാവിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു എന്നും ഈ പ്രദേശം. വേങ്ങാട് അങ്ങാടിയിൽ കോട്ടയം രാജാവിന്റെ സൈന്യം രണ്ടു പേരെ കഴുവേറ്റിയ സംഭവം കഴിഞ്ഞ പോസ്റ്റിൽ വിവരിച്ചുവല്ലോ? ആ നടപടിയും ഈ ഒരു നിരീക്ഷണത്തിന്റെ ഭാഗമായിട്ടാണെന്ന് വേണം കരുതാൻ. അങ്ങാടിയിൽ ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക് ഒരു പാണ്ടികശാല (ചരക്ക് ഗോഡൗൺ )ഉണ്ടായിരുന്നുവെന്ന് ലോഗൻ 'മലബാർ മാന്വലി'ൽ സൂചിപ്പിക്കുന്നു. ഇതിന് അവർ കാവലും ഏർപ്പെടുത്തി. ബ്രിട്ടീഷ്കാർക്കെതിരെയുള്ള സൈനിക നീക്കത്തിന്റെ ഭാഗമായി അങ്ങാടിയിലെ പാണ്ടികശാലയും അഞ്ചരക്കണ്ടി കറപ്പ തോട്ടവും ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുക കോട്ടയം രാജാവിന്റെ ഒരു രീതിയാണ്.


അക്കാലത്തു  നൂറുദ്ധീൻ ശൈഖ് എന്നുപേരായ ഒരു പണ്ഡിതൻ വേങ്ങാട് അങ്ങാടിയിൽ ജീവിച്ചിരുന്നു. ഇറാനിലെ ഹമദാൻ ദേശക്കാരായിരുന്നു ഇദ്ദേഹത്തിന്റെ പൂർവികർ. കോലത്തിരി രാജാവിന്റെ സ്നേഹവും പരിലാളനയും ലഭിച്ചിരുന്നവരാണ് അദ്ദേഹത്തിന്റെ കുടുംബം. ഒരിക്കൽ നൂറുദ്ധീൻ ശൈഖ്‌ കോട്ടയം രാജാവുമായി ഒരു പ്രാദേശിക പ്രശ്നത്തിന്റെ പേരിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഈ പ്രശ്നം വലിയ തർക്കത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങിയപ്പോൾ അദ്ദേഹത്തോട് കീഴടങ്ങാൻ കോട്ടയം രാജാവ് ആവശ്യപ്പെട്ടു. അതിനു ശൈഖ്‌ തയാറാവാതെ വന്നപ്പോൾ അദ്ദേഹത്തെ ജീവനോടെ പിടികൂടി കൊണ്ടുവരാൻ രാജാവ് തന്റെ സൈന്യാധിപനായ മായൻ മൂപ്പനോട് ആവശ്യപ്പെട്ടു. മോശമല്ലാത്ത ഒരു സൈന്യവുമായി മായൻ മൂപ്പൻ അങ്ങാടിയിലെത്തി. അപ്പോഴേക്കും നൂറുദ്ധീൻ ശൈഖ്‌ കോലത്തിരി രാജാവിൽ അഭയം തേടിയിരുന്നു.

ഇതിൽ കുപിതനായ കോട്ടയം സൈന്യാധിപൻ അങ്ങാടിയിലും പരിസരങ്ങളിലുമുള്ള ആറോളം പള്ളികൾ തീവെച്ചു നശിപ്പിച്ചു. വട്ടക്കണ്ടി പള്ളി, പിലാത്തോട്ടം പള്ളി, തായലെ പള്ളി ( പടുവിലായി ) മീത്തലെ പള്ളി, അങ്ങാടി പള്ളി, (ഇന്നത്തെ പള്ളി അല്ല )നുച്ചിയിൽ പുഴക്കരയിൽ ഉണ്ടായിരുന്ന ആലിക്ക പള്ളി എന്നീ ദേവാലയങ്ങളാണ് തീവെച്ചും ആനകളെ കൊണ്ട് ചവിട്ടി ഇടിച്ചും തകർത്തത്. മീത്തലെ പള്ളിക്കാട്ടിൽ തകർന്ന പള്ളിയുടെ ചുമരും തറയും ഇപ്പോഴും കാണാം. മുമ്പ് ഇവിടെ ഖബറിന് കുഴിയെടുക്കുമ്പോൾ ആന ചങ്ങലയുടെയും കുന്തങ്ങളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. വട്ടക്കണ്ടിയിലും തകർന്ന പള്ളിയുടെ ഭാഗങ്ങളുണ്ട്. നുച്ചിയിൽ ആലിക്ക പള്ളിയുടെ അവശിഷ്ടം ഈ അടുത്ത കാലം വരെ ഉണ്ടായിരുന്നതായി അങ്ങാടിയിലെ പഴയ തലമുറ ഇപ്പോഴും സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല ഈ പള്ളികളുടെ ഓർമ്മക്കായി റംസാൻ കാലത്ത് ഇശാ നിസ്കാരത്തിനായി ഏഴു ബാങ്കുകൾ വിളിക്കുന്ന അത്യപൂർവ ആചാരവും അങ്ങാടി പള്ളിയിൽ നടത്തി വരാറുണ്ട്. തകർക്കപ്പെട്ട ആറു പള്ളികളുടെയും വേങ്ങാട് അങ്ങാടി പള്ളിയുടെ ഒരു ബാങ്കും ചേർത്താണ് ഈ ഏഴു ബാങ്ക്. നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരത്തിനു ഇപ്പോഴും മുടക്കം വരുത്തിയിട്ടില്ല.


സഹായക ഗ്രന്ഥങ്ങൾ 

1. A Voyage to the East Indies, Paulinus St. Bartolomeo

2.Malabar Manual- William Logan

3. കേരള ചരിത്ര പഠനങ്ങൾ, വേലായുധൻ പണിക്കശ്ശേരി