Thursday 10 October 2019

അമരമ്പലം കോവിലകം




സി പി എഫ് വേങ്ങാട്




സാമൂതിരി ഭരണത്തിന്‍ കീഴില്‍ ശക്തമായ സാമന്ത പദവി അലങ്കരിച്ചിരുന്ന ഒരു കോവിലകമുണ്ട് മലപ്പുറം ജില്ലയില്‍... അമരമ്പലം. മലബാറിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും വെട്ടിപ്പിടിച്ച സാമൂതിരിക്ക് താങ്ങും തണലുമായി നിന്നവരാണ് ഇവര്‍. നിലമ്പൂര്‍ കോവിലകം കഴിഞ്ഞാല്‍ സാമൂതിരിയുടെ സാമന്ത രാജാക്കന്‍മാരില്‍ പ്രമുഖരാണ് അമരമ്പലത്തുകാര്‍. അതുകൊണ്ട് തന്നെ ഈ പ്രദേശം ഉള്‍പ്പെട്ട വലിയൊരു ഭാഗത്തിന്റെ നികുതി പരിക്കാനുള്ള അവകാശവും അവശ്യ ഘട്ടങ്ങളില്‍ സൈന്യങ്ങളെ സംഘടിപ്പിച്ച് നല്‍കലുമാണ് ഈ നാടുവാഴികളുടെ പ്രധാന ചുമതല.


മലപ്പുറത്തെ വണ്ടൂരില്‍ നിന്നും പൂക്കോട്ടുപാടം ബസില്‍ കയറിവേണം ഈ കോവിലകത്തേക്ക് പോകാന്‍. അമരമ്പലം കയറ്റം എന്ന സ്ഥലത്തിറങ്ങി ഏതാണ്ട് രണ്ട് കിലോമീറ്ററോളം ഓട്ടോയില്‍ സഞ്ചരിച്ചാല്‍ പഴമയുടെ പ്രതീകമായ ഈ രാജ ഭവനത്തിലെത്താം. മരണമില്ലാത്ത ഋഷിമാര്‍ വാണിരുന്ന സ്ഥലമെന്ന നിലയിലാണ് ഈ പ്രദേശത്തിന് അമരമ്പലം എന്ന പേര്‍ വന്നത്. കോവിലകത്തെ കാരണവരെ ബഹുമാനപൂര്‍വം കാരണമുല്‍പ്പാട് എന്നും മറ്റുള്ള പുരുഷന്‍മാരെ  തിരുമുല്‍പ്പാട് എന്നും വിളിച്ചുപോന്നു. സ്ത്രീകള്‍ തമ്പാട്ടി എന്നാണ്  പേരിനൊപ്പെം ചേര്‍ത്തിരുന്നത്.
മൂന്ന് നിലകളിലായി പണിത എട്ടുകെട്ടാണ് അമരമ്പലം കോവിലകം. തേക്കും ഈട്ടിയും വെട്ട്കല്ലും കൊണ്ടാണ് നിര്‍മാണം. യഥേഷ്ടം കാറ്റും വെളിച്ചവും പ്രവേശിക്കുന്ന നിര്‍മാണ രീതി ആരെയും വിസമയിപ്പിക്കും. ചരിത്ര പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരത്തിലെ തറ പോലെ ഈ കോവിലകത്തിന്റെ  മുകളിലത്തെ മുറികളുടെ നിലം കണ്ണാടി പോലെ മിനുസമുള്ളതാണ്. കണ്ണാടിത്തറ എന്നാണ് ഇതിനെ സാധാരണ വിളിക്കുന്നത്. പല ചേരുവകളും ഉള്‍പ്പെടുത്തിയുണ്ടാക്കിയ സുര്‍ക്കി മിശ്രിതം കൊണ്ടാണ് നിലം ഇത്തരത്തില്‍ മിനുസപ്പെടുത്തി എടുക്കുന്നത്.
സുഹൃത്തുക്കളെ അമരമ്പലം കോവിലകത്തെക്കുറിച്ച് ചരിത്ര രേഖകള്‍ ഒന്നും തന്നെ ലഭ്യമല്ല. അന്വേഷിച്ച് കണ്ടെത്തിയ വിസ്മയമേകുന്ന വിവരങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്. അത് കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍  ഇപ്പോഴിവിടെ പങ്ക് വെക്കാനാവില്ലെന്ന് അറിയിക്കുന്നു.