Tuesday 29 June 2021

അറിയുമോ ഈ ബ്രണ്ണൻ സായിപ്പിനെ

 

സി പി എഫ് വേങ്ങാട് 

പത്തൊമ്പതാം നൂറ്റാണ്ടിൽ അറബിക്കടലിലുണ്ടായ ഒരു കപ്പലപകടം തലശ്ശേരിക്ക് അനുഗ്രഹമാവുകയായിരുന്നു. കാരണം മറ്റൊന്നുമല്ല,തകർന്ന കപ്പൽ ഛേദത്തോടൊപ്പം ഒരു വെള്ളക്കാരൻ തലശ്ശേരി തീരത്തടിഞ്ഞു... എഡ്‌വാർഡ് ബ്രണ്ണൻ. ജീവന്റെ തുടിപ്പുകൾ ബാക്കിയുണ്ടായിരുന്ന ബ്രണ്ണനെ ഏതാനും മുക്കുവർ ചേർന്ന് രക്ഷപ്പെടുത്തി.

മരണത്തിൽ നിന്നും താൻ രക്ഷപ്പെട്ടത്തിയ തീരദേശ പട്ടണത്തെ അദ്ദേഹം പിന്നെ വിട്ടുപോയില്ല. തലശ്ശേരിയെ സ്വന്തം നാടിനെ പോലെ സ്നേഹിച്ചു ഇവിടെ ജീവിച്ചു മരിക്കുകയായിരുന്നു.

താൻ രക്ഷപ്പെട്ടത്തിയതിന് ദൈവത്തിന് നന്ദി സൂചകമായി ബ്രണ്ണൻ നിർമിച്ച ദേവാലയമാണ് കോട്ടക്ക് പിന്നിലെ സെന്റ് ജോൺസ് ഇംഗ്ലീഷ് പള്ളി. അദ്ദേഹത്തിന്റെ കല്ലറ പള്ളി സെമിത്തേരിയിൽ ഇപ്പോഴും കാണാം.

തലശ്ശേരിക്ക് അദ്ദേഹം നൽകിയ ഏറ്റവും വലിയ സംഭാവനയാണ് ഒരു ഇംഗ്ലീഷ് വിദ്യാലയത്തിന്റെ നിർമാണം. തന്റെ സമ്പാദ്യത്തിലെ ഒരുഭാഗം ഇതിനായി അദ്ദേഹം നീക്കിവെച്ചിരുന്നതായി രേഖകളുണ്ട്. ജാതി, വർഗ, ലിംഗ വെത്യാസമില്ലാതെ അദ്ദേഹം ബീജാ വാപം നൽകിയ പള്ളിക്കൂടമാണ് പിന്നീട് ബ്രെണ്ണൻ സ്കൂളായും ബ്രണ്ണൻ കോളേജായും രൂപാന്തരപ്പെട്ടത്. ഈ കലാലയത്തിലൂടെ താശ്ശേരിയുടെ പേരും പെരുമായും വാനോളം ഉയർന്നു എന്നത് ചരിത്ര സത്യം. എന്നാൽ തലശ്ശേരി ബ്രണ്ണനോട്‌ കാട്ടിയതെന്താണ് ആദരവോ അനീതിയോ?

ഹെർമ്മൻ ഗുണ്ടർട്ടിനു നഗര ഹൃദയത്തിൽ തന്നെ പ്രതിമയും അദ്ദേഹത്തിന്റെ പേര് ഒരു റോഡിനും നൽകി നമ്മൾ മതിയാവോളം ആദരവ് കാട്ടി. ഗുണ്ടർട്ടിന്റെ മകളുടെ പുത്രനും നൊബേൽ സമ്മാന ജേതാവുമായ ഹെർമ്മൻ ഹെസ്സെയുടെ 126ആം ജന്മ ദിനാഘോഷത്തിന്റെ തുടക്കം ദിവസങ്ങൾ നീണ്ട പരിപാടികളോടെ തലശ്ശേരിയിൽ ആഘോഷിച്ചു. ഹെസ്സെയുടടെ അമ്മ മേരി ഗുണ്ടർട്ട് ജനിച്ചത് തലശ്ശേരി ഇല്ലിക്കുന്നു ബംഗ്ലാവിലാണ്. ഈ പൊക്കിൾക്കൊടി ബന്ധമാണ് ഹെസ്സെയുടെ ജന്മ ദിനാഘോഷത്തിന് തലശ്ശേരിയിൽ തുടക്കം കുറിക്കാൻ കാരണമായത്.

എന്നാൽ തലശ്ശേരിക്ക് വേണ്ടി ജീവിച്ചു മരിച്ച ബ്രണ്ണനെ ഓർക്കാൻ പോലും വിദേശികൾ വിസ്മയ തീരം എന്ന് വിളിച്ച തലശ്ശേരി മറന്നുപോകുന്നു എന്നത് ചരിത്രത്തിന്റെ വിരോധാഭാസം എന്നല്ലാതെ മറ്റെന്തു പറയാൻ?

(ചിത്രത്തിൽ കാണുന്നത് 1999 സെപ്റ്റെമ്പർ 26ന് കേരള കൗമുദി വരാന്തപ്പതിപ്പിൽ 'അറിയുമോ ഈ ബ്രണ്ണൻ സായിപ്പിനെ'എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം )

No comments:

Post a Comment