Tuesday 29 June 2021

ഡിലനോയി സ്മാരകം

   സി പി എഫ് വേങ്ങാട് 

പത്തിരുപതു വർഷങ്ങൾക്ക് മുമ്പ് ഒരു ചരിത്രാന്വേഷണത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ പുലിയൂർ കുറിച്ചിയിലുള്ള ഉദയഗിരി കോട്ടയിലെ ഡിലനോയി സ്മാരകം തേടിച്ചെന്നപ്പോൾ പകർത്തിയ ചിത്രങ്ങളാണിത്. 

ശ്രദ്ധിക്കാനാളില്ലാതെയും വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും അനാഥമായി കിടക്കുകയായിരുന്നു ഈ സ്മാരകം. ഇപ്പോൾ ഇതിന്റെ അവസ്ഥ എന്താണെന്ന് അറിയില്ല. 


കുളച്ചൽ യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെടുകയും പിന്നീട് തിരുവിതാംകൂറിന്റെ വലിയ പടത്തലവനായി മാറുകയും ചെയ്ത ഡിലനോയിയുടെയും മറ്റും കല്ലറകൾ ഇവിടെ കാണാം. 


ഞാനിവിടെ സന്ദർശിക്കുന്ന സമയത്ത് പള്ളിയുടെ മേൽക്കൂര തകർന്ന് ചുമരുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കാലപ്പഴക്കത്താൽ തേയ്മാനം സംഭവിച്ചു ദ്രവിച്ച നിലയിലാണ് ചുമരുകൾ. കോട്ടക്കകത്തെ കാട്ടിൽ മേഞ്ഞു കൊണ്ടിരിക്കുന്ന കന്നുകാലി കൂട്ടങ്ങൾ വിശ്രമിക്കുന്നത് ഇവിടെയാണ്. വലിയ വാളൻ പുളി മരങ്ങൾ നിറഞ്ഞു നിൽക്കുന്ന വിജനമായ പ്രദേശമായിരുന്നു ഇവിടം. പഴുത്തു വീഴുന്ന പുളി ശേഖരിക്കാനെത്തുന്ന നാടോടി സംഘങ്ങളെ ഇവിടെ കണ്ടിരുന്നു. ഈ സ്മാരകത്തിന് മുന്നിലായി തമിഴ്നാട്‌ സർക്കാർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.


മുമ്പ് തിരുവിതാം കൂറിന്റെ ഭാഗമായിരുന്നു തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെട്ട ഈ പ്രദേശം. പിന്നീട് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ തമിഴ്‌നാടിന്റെ അതിർത്തിക്കുള്ളിലായി. ഏതായാലും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തോടുള്ള തമിഴ്‌നാടിന്റെ അവഗണന ഇതിൽ നിന്നും വ്യക്തമാണ്.

No comments:

Post a Comment