Tuesday, 12 June 2018

History ends in Eraniel...ഇരണിയലില്‍ ചരിത്രം അവസാനിക്കുന്നു



CPF Vengad

Eraniel palace at Kanyakumari Tamil Nadu India,which is the first major palace of the Travancore dynasty in Kerala is today gasping for breath.
There is no clear evidence about the construction of the palace,but I think the construction took place more than 600 years ago.
Located on a campus 3.5 acres, the palace has three identified parts,such as Padippura, main palace and spring palace.
Today the ravage of time and vandals have reduced the palace to a skeleton. The roof tiles have been mercilessly raided. The teak and rose wood beems have been stolen.
Local people says that 45 different  types of wooden sculptures were plunded from the palace and shipped abroad.
Dear friends a pale shadow of its glorious past,the palace today evokes dismay and grief in the mind of heritage lovers...




സിപിഎഫ് വേങ്ങാട്

നൂറ്റാണ്ടുകള്‍ അമര്‍ത്തിച്ചവിട്ടിപ്പോയ ചരിത്രത്തിന്റെ രാജ വീഥികളില്‍ ഇപ്പോള്‍ കുളമ്പടികളുടെ ശബ്ദമില്ല. രാജ വിളംബരങ്ങളുടെ പ്രകമ്പനങ്ങളില്ല. ആളുകള്‍ തിങ്ങി നിറഞ്ഞ കൊട്ടാരവളപ്പില്‍ രാജാവോ റാണിയോ തോഴിമാരോ ഇല്ല. തകര്‍ന്നടിഞ്ഞ ഒരു കൊട്ടാരത്തിന്റെ അവശിഷ്ടള്‍മാത്രം...അതെ, നിലംപൊത്തിയ കൊട്ടാരക്കൂമ്പാരമാണ് ഇന്ന് ഇരണിയലിലുള്ളത്.
അപരിചിതരെ പോലും കണ്ണ് നിറക്കുന്ന ഒരു ചരിത്രസാക്ഷിയുടെ ദയനീയ കാഴ്ച വിവരണാതീതമാണ്. തിരുവിതാംകൂര്‍ രാജ വംശത്തിന്റെ ആദ്യത്തെ രാജധാനിയായ ഈ ചരിത്ര സ്മാരകം എല്ലും തോലുമായി കിടക്കുന്ന കാഴ്ച കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന് നേരെ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ഇടിഞ്ഞു പൊളിഞ്ഞ ചുമരുകളും നിലംപൊത്തിയ മേര്‍ക്കൂരകളും കാണുന്ന ആരും അറിയാതെ നിലവിളിച്ചുപോകും....'തിരുവിതാംകൂര്‍ വാണ പൊന്നു തമ്പുരാക്കന്‍മാരെ നിങ്ങളിത് കാണുന്നില്ലയോ' എന്ന്. കാരണം സ്ഥിതി അത്രമാത്രം ദയനീയവും വേദനാജനകവുമാണ്.
ചരിത്രത്തിന്റെ ഗതിവിഗതികള്‍ മാറ്റി മറിച്ച പല സംഭവങ്ങള്‍ക്കും മൂകസാക്ഷിയായ ഒരു കൊട്ടാരത്തിന്റെ അവസ്ഥക്ക് കാരണം തമിഴ്‌നാട് സര്‍ക്കാറാണ്. കാരണം സംസ്ഥാന രൂപികരണത്തോടെ കന്യാകുമാരി ജില്ലയിലായി ഇരണിയല്‍. അതോടെ കൊട്ടാരത്തിന്റെ പതനവും ആരംഭിച്ചു.
ഇരണിയല്‍ കൊട്ടാരം ഇനി എത്രനാള്‍ എന്ന ചോദ്യമുയരുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തോട് തമിഴ്‌നാട് സര്‍ക്കാര്‍ അനുവര്‍ത്തിച്ച് വരുന്ന അവഗണനാ മനോഭാവമാണ് കൊട്ടാരം നമ്മോട് പറയുന്നത്. തകര്‍ന്ന് കിടക്കുന്ന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ നമ്മളെ അതിന്റെ ഗതകാല ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും.
ഉച്ചവെയിലിന്റെ തീഷ്ണത കുറഞ്ഞ് വരുന്ന ഒരു വ്യാഴാഴ്ച ദിവസമാണ് ഇരണിയല്‍ തേടിപ്പോയത്. ഒരു കാലത്ത് കുതിര വണ്ടികളും ആനയും അമ്പാരിയും നിറഞ്ഞ് നിന്ന ഇരണിയല്‍ ഇന്ന് ഒരു സാധാരണ നഗരമാണ്. ഒരു കൊട്ടാരം അവിടെ ഉണ്ടായിരുന്നുവെന്നോ ഒരു രാജവംശത്തിന്റെ തലസ്ഥാനമാണിതെന്നോ പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഏറെ പ്രയാസം.
ഇരണിയല്‍ ജംഗ്ഷനില്‍ നിന്ന് ഏതാണ്ട് മൂന്നുകിലോമീറ്റര്‍ അകലെയാണ് തിരുവിതാംകൂറിന്റെ ഈ രാജധാനി. തമിഴ്‌നാട് സര്‍ക്കാര്‍ കൊട്ടാരത്തിന് മുന്നിലായി സ്ഥാപിച്ച തമിഴില്‍ ഏഴുതിയിരിക്കുന്ന ബോര്‍ഡ്  മുന്‍ വശത്തെ ഗേറ്റിന് മുന്നിലായി തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാം. മുന്നിലും പിന്നുലുമുള്ള ഗേറ്റുകള്‍ ഇപ്പോള്‍ പുട്ടിയിട്ട നിലയിലാണ്. പിന്‍ ഭാഗത്തെ മതിലിന് ഉയരം കുറവായതിനാല്‍ കൊട്ടാര വളപ്പിലേക്ക് ചാടിക്കടക്കാനായി. വല്ലപ്പോഴുമെത്തുന്ന ചരിത്രാന്വേഷകരോട് തന്റെ കഴിഞ്ഞ കാല കഥകള്‍ അയവിറക്കുകയാണ് തിരുവിതാംകൂറിന്റെ ഈ രാജധാനി.

അല്‍പ്പം ചരിത്രം
ഏതാണ്ട് 500 വര്‍ഷം മുമ്പാണ് ഇരണിയല്‍ കൊട്ടാരത്തിന്റെ നിര്‍മാണമെന്ന് വിശ്വസിച്ച് പോരുന്നു. തെക്കെ തേവന്‍ചേരിയില്‍ കോയിക്കല്‍ എന്നായിരുന്നത്രെ കൊട്ടാരത്തിന്റെ ആദ്യ നാമം. 1601ല്‍ പത്മനാഭപുരം കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയാകുന്നതുവരെ ഇരണിയല്‍ കൊട്ടാരമായിരുന്നു വേണാടിന്റെ ഭരണ തലസ്ഥാനം. 1629ല്‍ രവിവര്‍മ കുലശേഖര രാജാവാണ് ഇവിടെനിന്ന് പത്മനാഭപുരത്തേക്ക് തലസ്ഥാനം മാറ്റിയത്
മൂന്നര ഏക്കറില്‍ മൂന്ന് ഭാഗങ്ങളായി നാലുകെട്ട് രൂപത്തില്‍ നിര്‍മ്മിച്ച കൊട്ടാരമാണ് ഇരണിയല്‍. പടിപ്പുര, പ്രധാന കൊട്ടാരം, (കുതിര മാളിക)വസന്തമാളിക(സ്പ്രിംഗ് പവലിയന്‍) എന്നിവയാണിവ. കൊട്ടാരത്തിലെ കുതിരമാളികയുടെ വാസ്തുവിദ്യയെക്കുറിച്ചും ചുമര്‍ചിത്രങ്ങളെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ പുരാവസ്ഥുരേഖകള്‍ പരിശോധിച്ചാല്‍ കാണാം. വേനല്‍ചൂടിനെയും മണ്‍സൂണ്‍ മഴയെയും പ്രതിരോധിക്കാന്‍ കഴിയുന്ന വിധത്തിലാണ് വാസ്തുശാസ്ത്ര പ്രകാരം കൊട്ടാരത്തിന്റെ നാലുകെട്ട് പണിതിരിക്കുന്നത്. പ്രധാനമായും മണ്‍കട്ടയും ലൈം പല്‍സ്റ്ററും ഉപയോഗിച്ചാണ് കൊട്ടാരച്ചുമരുകളുടെ നിര്‍മാണം. മേല്‍ക്കൂരകളും വാതിലുകളും വീട്ടിത്തടികളിലാണ് പണിതിരിക്കുന്നത്.
ചേരമാന്‍ പെരുമാള്‍ കേരളം വിട്ടുപോയത് ഈ കൊട്ടാരത്തില്‍ നിന്നാണെന്നും ഇവിടെ ഉറങ്ങിയ പെരുമാളെ നേരം വെളുത്തപ്പോള്‍ കണ്ടില്ലെന്നുമുള്ള ഐതിഹ്യവും പഴമക്കാര്‍ പറയുന്നുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന കരിങ്കല്ലില്‍ തീര്‍ത്ത ഒറ്റക്കല്‍ കിടക്ക ഇവിടെ ഇപ്പോഴും കാണാം. കട്ടിലിന്റെ വശങ്ങളിലായി കല്ലില്‍കൊത്തിയ ചിത്രപ്പണികളുണ്ട്. കട്ടിലിന്റെ മേല്‍ക്കൂരയിലും മനോഹരമായ ചിത്രപ്പണികളും പെയിംഗുകളും ഉണ്ടായിരുന്നു.
തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സ്ഥാനാരോഹണത്തിന് മുമ്പ് ഇവിടെയെത്തി വസന്തമണ്ഡപത്തില്‍ ഉടവാള്‍വെച്ച് നമസ്‌കരിക്കുന്ന പതിവുണ്ടായിരുന്നു. ആദ്യം ആയ് രാജ്യത്തിന്റെയും പിന്നീട് വേണാടിന്റെയും ഭാഗമായിരുന്ന ഇരണിയല്‍ പാണ്ഡ്യ ചോള വിജയനഗര രാജാക്കന്മാരാല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോഴത്തെ അവസ്ഥ
പേടിപ്പെടുത്തുന്ന പൊന്തക്കാടുകള്‍ക്ക് നടുവിലെ തകര്‍ന്നൊരു നാലുകെട്ടാണ് ഇന്ന് ഇരണിയല്‍ കൊട്ടാരം. പൊളിഞ്ഞു വീണെങ്കിലും പോയകാലത്തിന്റെ പ്രൗഢിയുടെ ശവക്കല്ലറയായി അകത്തളത്തിന്റെയും വസന്തമണ്ഡത്തിന്റെയുമെല്ലാം അവശിഷ്ടങ്ങള്‍ ഇന്നും കാണാം.
മുഖ മണ്ഡപം തകര്‍ന്ന് നിലം പൊത്തിയിരിക്കുന്നു. തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ മരഉരുപ്പടികള്‍ വിവിധ സ്ഥളങ്ങളിലായി കൂട്ടിക്കിടക്കുന്നു. പ്രധാന കൊട്ടാരത്തിലേക്ക് കടന്നാല്‍ ദയനീയമായ കാഴ്ച മനസ് നിയന്ത്രിച്ച് കാണുകയല്ലാതെ മറ്റ് പോം വഴികളില്ല. തകര്‍ന്ന് വീണ ചുമരുകളും ചിത്രപ്പണികള്‍ ആലേഖനം ചെയ്ത വലിയ തൂണുകളും അനാഥമായി കിടക്കുന്നു.
നടുമുറ്റത്ത് അവശിഷ്ടങ്ങളുടെ കൂമ്പാരം ഇവിടെ വലിയ കാട്ടുമരങ്ങള്‍ വളര്‍ന്നു പൊന്തിയിരിക്കുന്നു. ഇഴ ജീവികളുടെ വിഹാര കേന്ദ്രവുമാണിവിടം.
വലിയ കരിങ്കല്‍ ഭിത്തികളില്‍ കൊത്തിയിരിക്കുന്ന ചിത്രപ്പണികള്‍ ജീര്‍ണതകള്‍ക്കിടയിലും ഏറെ മനോഹരമായി തോന്നി. നടുമുറ്റത്തിന് ഇരു വശത്തുമുള്ള മുറികളാവട്ടെ മഴയും വെയിലുമേറ്റ് ജീര്‍ണിച്ചിരിക്കുകയാണ്. ഇതിന്റെ മച്ചുകള്‍ ദ്രവിച്ച് മുകള്‍ ഭാഗത്തെ മുറികള്‍ കാണാനാവും. വലിയ കിടപ്പുമുറിയും അടുക്കളയും കാലപ്പഴക്കത്താല്‍ ഏതെന്ന് തിരിച്ചറിയാനാവില്ല.
തേക്ക് തടിയില്‍ തീര്‍ത്ത മച്ചുകള്‍ ചിതലരിച്ചും ദ്രവിച്ചും  ഒടിഞ്ഞു തൂങ്ങിയിരിക്കുന്നത് കാണാം. ഒഴിഞ്ഞ മദ്യ ബോട്ടിലുകളും പാന്‍പരാഗ് പോലുള്ള ലഹരി വസ്തുക്കളും ഇവിടെ യഥേഷ്ടം. ഇതിന്റെ വശത്തായി മുകളിലേക്ക് കയറി ചെല്ലാനുള്ള കോണിപ്പടിയുണ്ട്. കാലപ്പഴക്കത്താല്‍ ദ്രവിച്ച ചവിട്ടു പടികള്‍ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു. പിരിവള സമ്പ്രദായത്തില്‍ നിര്‍ച്ചിരിക്കുന്ന മേല്‍ക്കൂരയുടെ കഴുക്കോലുകള്‍ ഇളികിയിരിക്കുന്നു. കാലത്തെ അതിജീവിക്കാന്‍ കഴിവുള്ള മൂത്ത തേക്കിന്‍ തടികളായത് കൊണ്ട് മാത്രമാണ്  അവ ഇപ്പോഴും നില നിന്ന് പോരുന്നത്.
ഇനി ഇവിടെ നിന്നും വസന്തമാളികയിലേക്ക് പോകാം. രാജാവ് പള്ളിയുറക്കം നടത്തിയിരുന്ന മാളികയാണിത്. ഇതിലേക്ക് പോകാന്‍ കരിങ്കള്‍ പാളികള്‍ പാകിയ വഴികളുണ്ട്. കൊട്ടാരത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ മാളിക കലാവൈഭവം വിളിച്ചോതുന്നവയാണ്. അതിമനോഹരമാണ് വന്തമാളിക. വെയിലും മഴയും ഏല്‍ക്കാത്ത രീതിയില്‍ മുകളില്‍ നിന്ന ചെരിച്ച് താഴ്ത്തിയ ഈ മണ്ഡപം വളരെ മനോഹരമാണ്. കൊത്തു പണികളാലും വര്‍ണങ്ങളാലും അലങ്കരിച്ച ഈ പള്ളിയറയുടെ ഇപ്പോഴത്തെ അവസ്ത കണ്ടാല്‍ ഏതൊരാളുടെയും കണ്ണ് നിറയും.
തകര്‍ന്ന് വീണ മര ഉരുപ്പടിയും മേല്‍ക്കൂരകളുമാണ് ഇന്ന് വസന്ത മണ്ഡപത്തിനുള്ളത്. തറയില്‍ നിന്നും  കരിങ്കല്‍ പാളികളാല്‍ ഉയര്‍ത്തിക്കെട്ടിയ ഈ മണ്ഡപത്തിന്റെ നിര്‍മാണ വൈഭവം അതിശയിപ്പിക്കുന്നതാണ്. മണ്ഡപത്തിന്റെ മധ്യ ഭാഗത്തായാണ് ചരിത്ര പ്രസിദ്ധമായ കരിങ്കല്‍ കട്ടിലുള്ളത്. വലിയ കരിങ്കള്‍ പാളിയിലാണ് ഇത് കൊത്തിയെടുത്തത്. ഇതിന്റെ വശങ്ങളിലും തറയിലും കൊത്തുവേലകള്‍കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.  കഠിനമായ വേനലിലും  തണുപ്പനുഭവപ്പെടുന്ന ഈ കരിങ്കല്‍ കട്ടില്‍ ആരെയും വിസ്മയിപ്പിക്കും. ഒരു കാലത്ത് രാജാവ് പള്ളിയുറക്കം നടത്തിയിരുന്ന ഈ  മണ്ഡപത്തില്‍ ഇപ്പോഴും ആരൊക്കെയോ പള്ളിയുറക്കം നടത്തുന്നുണ്ടെന്ന് കാര്യത്തില്‍ സംശയമില്ല. ഒഴിഞ്ഞ മദ്യക്കുപ്പികളും ഗര്‍ഭ നിരോധന ഉറകളും  ഇവിടെ യഥേഷ്ടം. തറയിലുറപ്പിച്ച ഈ കട്ടില്‍ ഇളക്കിയെടുത്ത് കൊണ്ട് പോകാന്‍ കഴിയാനാവാത്തതിനാലാണ് ഇപ്പോഴും ഇവിടെ അനാഥമായി കിടക്കുന്നത്. നിര്‍മാണത്തിലെ അപൂര്‍വ്വതയും ആകൃതിയും  ചരിത്ര പ്രാധാന്യവും കൊണ്ട് കേള്‍വി കേട്ട വസന്ത മണ്ഡപം ഇനി കേള്‍വിയില്‍ തെളിയുന്ന ചിത്രമായേക്കും.
ഇനി ഇവിടെ നിന്നിറങ്ങി കൊട്ടാരത്തിന്റെ പിന്നിലൂടെ നടന്നാല്‍ കരളലിയുന്ന കാഴ്്ചകളാണ് കാണാനാവുക. ദ്രവിച്ച് അസ്ഥി പഞ്ചരമായി കിടക്കുന്ന  മേല്‍ക്കൂരയും കഴുക്കോലുകളും ചുമരുകളും  ഇനി എത്രനാള്‍ എന്ന ചോദ്യം മാത്രമാണ് അവശേഷിപ്പിക്കുന്നത്. കൊട്ടാര ചുമരുകളില്‍ ചില സ്ഥലങ്ങളില്‍ വലിയ ദ്വാരങ്ങള്‍ കാണാം. തമിഴ്‌നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഗോഡൗണായി ഈ കൊട്ടാരം ഉപയോഗപ്പെടുത്തിയിരുന്ന കാലത്ത് രാത്രികാലങ്ങളില്‍ അരി മോഷ്ടിക്കാനെത്തിയവരാണ് ഈ തുരങ്കം നിര്‍മിച്ചതെന്നാണ് പരിസരവാസികള്‍ പറയുന്നത്. മാത്രമല്ല  കൊട്ടാരത്തിലെ അപൂര്‍മായ പല മര ഉരുപ്പടികളും തടിയിലും സ്ഫടികത്തിലും നിര്‍മ്മിച്ച അപൂര്‍വ കരകൗശല വസ്തുക്കളും കപ്പലേറി വിദേശത്തെത്തിയെന്നും പരിസരവാസികള്‍ പറയുന്നു.
തേക്ക് തടിയില്‍ തീര്‍ത്ത കൊട്ടാരത്തിലെ പല മര ഉരുപ്പടികളും സമീപ വാസികളില്‍ ചിലര്‍ വീട്ടാവശ്യത്തിനായി ഉപയോഗിച്ചു. അനാഥമായി കിടക്കുന്ന മര ഉരുപ്പടികള്‍ ഇപ്പോഴും  രാത്രികാലങ്ങളില്‍ മോഷ്ടിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നത്തിവരുന്നു. കൊട്ടാര വളപ്പില്‍ ഇപ്പോള്‍ ഒരു വോളിബോള്‍ കോര്‍ട്ടുണ്ട്. ഈ ലേഖകന്‍ ഇരണിയല്‍ കൊട്ടാരം സന്ദര്‍ശിക്കുമ്പോള്‍ (2642018) ഒരു സംഘം  യുവാക്കള്‍ കൊട്ടാര വളപ്പില്‍ നിന്ന് വോളിബോള്‍ കളിച്ചുകൊണ്ടിരിക്കുന്നത് കണ്ടു. ഇത് ഒരു പഴയ കൊട്ടാരമാണെന്ന കാര്യമേ അവര്‍ക്കറിയു. തമിഴ് കലര്‍ന്ന മലയാള ഭാഷയിലുള്ള അവരുടെ സംസാരത്തില്‍ നിന്ന് തന്നെ കേരളത്തിന്റെ ചരിത്ര സ്മാരകങ്ങളോടുള്ള അവഗണന വ്യക്തമായപ്പോള്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് കടന്നില്ല.
ഇരണിയല്‍ കൊട്ടാരത്തിന്റെ ബാക്കിയായ അവശിഷ്ടങ്ങളും ഇനി എത്രനാള്‍ എന്ന ചോദ്യം മാത്രമാണ് ഈ കൊട്ടാരം കണ്ടു മടങ്ങുന്നവരുടെ മനസിലുണ്ടാവുകയുള്ളു. അതുകൊണ്ട് തന്നെ തിരുവിതാംകൂറിന്റെ ആദ്യകാല രാജഭവനമായ ഈ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത് അവ പഴയ രൂപത്തില്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ഇതിനായി നമ്മുടെ ഭരണാധികാരികള്‍ വേണ്ട നടപടിയെടുക്കേണ്ടിയിരിക്കുന്നു. വെറുമൊരു കൊട്ടാരമല്ല ഒരു നാടിന്റെ ചരിത്രമാണ് ചിതലരിച്ചു പൊളിഞ്ഞുവീണിരിക്കുന്നത്. വരും തലമുറക്ക് പാഠമാകേണ്ട ചരിത്രശേഷിപ്പുകളാണ് കാടുമൂടിക്കിടക്കുന്നതെന്ന കാര്യവും നാം മറന്നു പോകരുത്.

Tuesday, 13 March 2018

Day Zero or Water Emergency

CPF Vengad

Everything on Earth requires water to sustain itself. But abusing water means that we are lessening its ability to provide us with this basic necessity. Water is a limited resource and while Earth is a self-contained ecosystem, meaning Earth always has, and will always have, the same amount of water, the population growth puts a strain on water supplies and clean water is reduced by the pollution and contamination we create.
Cape Town One of the World famous city in South Africa may be the first global city to ‘run out of water’. 'Day Zero', when the city will transition from the current preservation measures (49 liters/day) to disaster restrictions, will begin when dam levels hit 13.5 per cent of capacity. The business district and 'informal settlements' – shacks with no running water or sanitation – are exempt; people in other areas will collect their daily water allocation of 25 liters in plastic containers from taps at specified locations.
Amid a drought, the city had set a 49 liters daily limit and had told citizens 'Day Zero' was approaching when people would have to queue at standpipes. But water saving efforts in the South African city has seen the day pushed back from April to 27 August.
It is a great warning to our Gods own country.  For a state that is better known as the 'Land of 44 Rivers' and one whose entire western boundary is made up of pristine shorelines, the biggest issue being faced in Kerala is that of a lack of water, not just any water, but potable water. Water scarcity is turning out to be a major cause for concern with Kerala being declared a drought state in the year 2016. It is the worst drought to have hit the state in 115 years. If the forecast of the State Meteorological Department is mapped together with the reports coming from the groundwater authorities, Kerala is on the verge of a crisis of mammoth proportions.
So take care about water... otherwise Gods own country will also going face 'Day Zero' for the coming days.


ഡേ സീറോ അഥവാ ജല അടിയന്തരാവസ്ഥ

സിപിഎഫ് വേങ്ങാട്


ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ മുല്യമുള്ള വസ്തുവാണ് വെള്ളം. ഭൂമിയില്‍ യഥേഷ്ടമുണ്ടായിരുന്ന ഈ ദ്രാവകത്തിന്റെ ലഭ്യത ഇന്ന് അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു. വെള്ളം കുറഞ്ഞാലും കൂടിയാലും ലോകത്തിന് ദോഷം തന്നെ. ഒരുകാലത്ത് കടുത്ത വേനലില്‍ പോലും അടിത്തട്ട് കാണാതിരുന്ന കേരളത്തിലെ പുഴകള്‍ ഇന്ന് വേനലിന്റെ തുടക്കത്തില്‍ തന്നെ വറ്റിവരളുന്ന കാഴ്ചയാണ്. നഗരങ്ങളില്‍ ശുദ്ധജലക്ഷാമം പ്രധാന പ്രശ്‌നം തന്നെ. വേനല്‍ ശക്തമാകുന്നതോടെ ഹോട്ടലുകളും ജ്യൂസ് കടകളും അടച്ചിടുന്ന പതിവ് രീതി കേരളത്തില്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത് വര്‍ഷാവര്‍ഷം രൂക്ഷമാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നാല്‍പ്പതിലേറെ നദികളുള്ള കേരളത്തിലെ സ്ഥിതിയാണിത്.
രാജ്യത്തിന്റെ കാര്യമെടുക്കുമ്പോള്‍ ഇത് ഏറെ ഭയാനകമാണ്. അതി കഠിനമായ ചൂടും സൂര്യ താപവും രാജ്യത്ത് അസഹനീയമായി മാറി. വെള്ളമുള്ള സ്ഥലം തേടി ജനങ്ങള്‍ താമസം മാറുന്ന രീതി രാജ്യത്ത് തുടങ്ങിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളിലെ സ്ഥിതി ഇതിലും ദയനീയമാണ്. പൊതുവെ ജല ദൗര്‍ലഭ്യം നേരിടുന്ന ആഫ്രിക്കന്‍ വന്‍കരയാണ് കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത ഏറെ അനുഭവിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ പ്രധാന നഗരമായ കൈപ് ടൗണ്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ ഡേ സീറോ എന്ന രീതി അലംഭിച്ചു കഴിഞ്ഞു. കാരണം ഇത്തരം കഠിനമായ നിയമങ്ങള്‍ക്ക് മാത്രമെ കുടിവെള്ളം പാഴാക്കുക പോലുള്ള ഭീകരമായ അവസ്ഥയെ മറി കടക്കാനാവുവെന്നാണ് ചുണ്ടിക്കാട്ടപ്പെടുന്നത്. 
ഇവിടെ ഒരു കുപ്പി വെള്ളം കിട്ടാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരായി ആഫ്രിക്കന്‍ ജനങ്ങള്‍ മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതീയ നീക്കം. ഡേ സീറോ ഒഴിവാക്കാന്‍ വിദേശ രാജ്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയും അതിന് സജ്ജമാകേണ്ടിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നുവേണം കരുതാന്‍. 

കേപ് ടൗണ്‍ നല്‍കുന്ന പാഠം

മാനവരാശി ഇന്നോളം നേരിട്ടിട്ടില്ലാത്ത ഒരു വന്‍ദുരന്തമാണ് ഡേ സീറോ. വരുന്ന ഓഗസ്റ്റ് മാസത്തോടെ ലോകത്തെ ഒരു പ്രധാനനഗരം ഈ ദുരന്തം ഏറ്റുവാങ്ങും. ജലസ്രോതസുകളെല്ലാം പൂര്‍ണമായും വറ്റിവരണ്ട് തൊണ്ടനനക്കാന്‍ വെള്ളംകിട്ടാതെ മനുഷ്യര്‍ പലായനം ചെയ്യുന്ന ദിനം. ജീവജലമില്ലാതെ സസ്യങ്ങള്‍ കരിഞ്ഞുണങ്ങുകയും, മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങുകയും ചെയ്യുന്ന അവസ്ഥ. കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോകുന്ന ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ്ടൗണാണ് ഒരുപക്ഷെ നാളെ ലോകത്തെമുഴുവന്‍ ബാധിച്ചേക്കാവുന്ന വന്‍ദുരന്തത്തിന്റെ വ്യാപ്തി ഇന്നേ കാട്ടിത്തരുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും ഒരു പരിഹാരമാര്‍ഗവും ഇനി ഫലംകാണില്ലെന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ ഭരണകൂടം.
കേപ് ടൗണില്‍ 49 ലിറ്ററാണ് ദിവസം ഒരാള്‍ക്ക് അനുവദിച്ചിരിക്കുന്ന ജലത്തിന്റെ അളവ്. ഒരോ ദിവസവും വീട്ടിലെത്തിക്കുന്ന 49 ലിറ്റര്‍ വെള്ളം കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കും. മിച്ചം വരുന്നത് മാത്രം മറ്റ് ആവശ്യങ്ങള്‍ക്കും. ഷവറിനു താഴെ കുളിക്കാന്‍ ഒരാള്‍ എടുക്കുന്ന പരമാവധിസമയം 90 സെക്കന്റാണ്. കഴുകാതെയും വ!ൃത്തിയാക്കാതെയും സൂക്ഷിക്കുന്ന തലമുടി ജലസംരക്ഷണം എന്ന സാമൂഹിക ഉത്തരവാദിത്വ ബോധമാണ് ലോകത്തിന് കാട്ടിക്കൊടുക്കുന്നത്. 
അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നും പുറംതള്ളുന്ന മലിനംജലം ശുദ്ധീകരിച്ചാണ് ശുചിമുറികളില്‍ ഉപയോഗിക്കുന്നത്. 49 ലിറ്റര്‍ വെള്ളമെന്നതും ഏതാനും നാളുകള്‍ക്കപ്പുറം സ്വപ്‌നംമാത്രമായി മാറുമെന്ന് കേപ്ടൗണ്‍ തിരിച്ചറിഞ്ഞിറിക്കുന്നു. ചരിത്രത്തിലെ ആദ്യത്തെ 'ഡേ സീറോ'യെ ഭയത്തോടെ കാത്തിരിക്കുകയാണ് 40 ലക്ഷത്തിലേറെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മഹാനഗരം.
അടുത്തകാലത്തൊന്നും കേപ് ടൗണ്‍ പേരിനു പോലും മഴ പ്രതീക്ഷിക്കുന്നില്ല. ജലസംഭരണികള്‍ വറ്റിവരളുന്നതോടെ ജലസേചന വകുപ്പ് ജലവിതരണം നിര്‍ത്തും. പൊതുപൈപ്പുകള്‍ അടക്കും. ആശുപത്രി, സ്‌കൂളുകള്‍ തുടങ്ങി അവശ്യ മേഖലകളില്‍ മാത്രമായിരിക്കും ജലവിതരണം. 
ഡേ സീറോയെ ജലഅടിയന്തരാവസ്ഥ എന്നും വിളിക്കാം. കേപ്ടൗണില്‍ ഇത് ജലയുദ്ധത്തിന് കാരണമായേക്കും. കുടിവെള്ളം കിട്ടാതെ പരക്കംപായുന്ന ജനങ്ങള്‍ കലാപമുണ്ടാക്കുമെന്ന് ഭരണകൂടം മുന്‍കൂട്ടികാണുന്നു. 
ആഗോളതാപനവും തിരിച്ചടിയായി. പക്ഷേ ഈ സമയത്തൊന്നും വെളളത്തിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ല. ആളുകള്‍ ജലം പാഴാക്കികൊണ്ടേയിരുന്നു.സസ്യങ്ങളാണ് വരള്‍ച്ചയെ ആദ്യം നേരിട്ടത് .വന്‍മരങ്ങളടക്കം പൂര്‍ണമായി കരിഞ്ഞുണങ്ങി. ജനങ്ങള്‍ കൃഷി ഏറെക്കുറെ ഉപേക്ഷിച്ചു. വളര്‍ത്തു മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തു. പതിയെ മനുഷ്യനേയും ബാധിച്ചു തുടങ്ങി.
കേപ് ടൗണ്‍ മാത്രമല്ല ബംഗളൂരുവടക്കംലോകത്തെ 11 മഹാനഗരങ്ങളാണ് വന്‍ ജലക്ഷാമം നേരിടാന്‍ പോകുന്നത്. 2030തോടെ ലോകത്തിന കുടിക്കാന്‍ വേണ്ട ശുദ്ധജലത്തിന്റെ 40 ശതമാനം മാത്രമായിരിക്കും ലഭിക്കുകയെന്ന് കണക്കുകള്‍ പറയുന്നു. ജലസംരക്ഷണവും വനവല്‍ക്കരണവും ജനസംഖ്യാ നിയന്ത്രണവും മാത്രമാണ് പരിഹാരമാര്‍ഗങ്ങള്‍. ഇതിനാവുന്നില്ലെങ്കില്‍ വെള്ളം കിട്ടാതെ തൊണ്ട കീറി മരിക്കുന്ന നാളുകളാവും വരുംതലമുറയെ കാത്തിരിക്കുന്നതെന്ന് കേപ്ടൗണ്‍ മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തെയും ഡേ സീറോ തുറിച്ചു നോക്കുന്നു. കാരണം മറ്റൊന്നുമല്ല നാല്‍പ്പതിലേറെ നദികളുള്ള സംസ്ഥാനത്ത് ഇപ്പോള്‍ വേനലിന്റെ തുടക്കത്തില്‍ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. കഠിനമായ ചൂടും കെട്ടുകേള്‍വി മാത്രമായിരുന്ന സൂര്യാഘാതവും കേരളത്തില്‍ പരിചിതമായി കഴിഞ്ഞു. ചുരുക്കത്തില്‍ കേരളവും ഡേ സീറോയെ കാത്തരിക്കേണ്ടിയിരിക്കുന്നു.
ഇനി ഒരു ലോക മഹായുദ്ധമുണ്ടെങ്കില്‍ അത് കുടിവെള്ളത്തിനായിരിക്കുമെന്ന ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പും ഈ സന്ദര്‍ഭത്തില്‍ കൂട്ടിവായിക്കേണ്ടതാണ്.


Kuthira Malika Or Horse Palace

CPF Vengad

Kuthiramalika or Puthanmalika palace, built during the time of King Swathi Thirunal Rama Varma is one of the most of such awe inspiring structures erected around Sree Padmanabhaswamy temple.
The northern roof of the palace is supported by 122 horses curved in wood and it is to this beautiful wood sculpting that the palace owes its name. Slanting roofs, pillared verandas, central open courtyards are all the hallmarks of its architecture. Today part of the palace functions as a museum. An internationally renowned music concert, Swathi Music Festival is hosted here every year.
Built in the 1840s, Kuthira Malika is an example of traditional Kerala architecture, with its typical sloping roofs, overhanging eaves, pillared verandas and enclosed courtyard. Intricate carvings adorn the wooden ceilings, with each room having a distinctive pattern. The construction of the palace was completed by 5000 Vishwabrahmisn in four years. The palace is made from teak wood, rosewood, marble, and granite. The roof of the palace is made of wood and 42 beams support the carved patterns.The roof is supported by granite pillars.
 The main 16 rooms of the palace are constructed in 16 different patterns. In all, the palace contains 80 rooms, of which 20 were opened for visitors in 1995. The floor inside the palace is made of egg whites, charcoal, and limestone, which make it cold and smooth even in hot weather conditions. The concert venue built in the palace premises uses traditional sound reflectors comprising fitfy clay pots hung upside down from the ceiling
On the first floor are rooms that once served as the audience chamber, the library and an alcove that Swathi Thirunal used for meditating and for conceiving many of his famous musical compositions. This place offers a direct view of the Padmanabhaswamy temple gopuram. The small wooden stair there contains carvings of peacock, elephant, and dragon. Ceiling of the rooms contain paintings of parrot, peacock, and elephant. One of the rooms displays an illusion portrait of Sree Chithira Thirunal Balarama Varma, painted by Svetoslav Roerich. The face and the shoes of the king appear facing the onlooker from every corner of the room.
Foreign tourists even agree that these type of traditional wooden royal palace is very rare in the world.



ഇവിടെ സംഗീത ധ്വനികള്‍ ഉയര്‍ന്നിരുന്നു...

സിപിഎഫ് വേങ്ങാട്


ഇത് പുത്തന്‍മാളിക കൊട്ടാരം. തിരുവിതാംകൂര്‍ വാണ പൊന്നുതമ്പുരാന്‍ സ്വാതിതിരുനാള്‍ പണിത കൊട്ടാരമാണിത്. പാലക്കാട് പരമേശ്വര ഭാഗവതര്‍ , ഇരയിമ്മന്‍ തമ്പി, ശദ്കാല ഗോവിന്ദ മാരാര്‍ തുടങ്ങിയ സംഗീത വിദ്വാന്‍മാരുടെ ധ്വനികള്‍ ഈ കൊട്ടാരച്ചുമരുകളില്‍ ഒരു കാലത്ത് പ്രകമ്പനം കൊണ്ടിരുന്നു. രാജഭരണം നാടുനീങ്ങിയെങ്കിലും കാലത്തെ അതീജീവിച്ച സ്വാതിയുടെ സംഗീത സദസ്സ് സന്ദര്‍ശകരെ ഇപ്പോഴും ആകര്‍ഷിച്ചു വരുന്നു.
തിരുവനന്തപുരം കോട്ടക്കകത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനുടുത്താണ് ഈ രാജഹര്‍മ്യം. തികഞ്ഞ ദൈവ ഭക്തനായ സ്വാതിതിരുനാള്‍ പത്മനാഭസ്വാമി ദര്‍ശനവും തന്റെ സംഗീതസപര്യയും മുന്നില്‍ കണ്ടാണ് ഈ കൊട്ടാരം പണിതത്. കല്ല്, മരം, തേക്ക് എന്നിവ കൊണ്ട് 1846 ലാണ് ഈ കൊട്ടാരം പണിതതെന്നാണ് ചരിത്ര രേഖകള്‍ നല്‍കുന്ന സൂചന.
പുത്തന്‍ മാളിക എന്നാണ് ഈ കൊട്ടാരം രേഖകളില്‍ അറിയപ്പെടുന്നതെങ്കിലും കുതിരമാളിക എന്ന പേരിലാണ് ഇത് പ്രസിദ്ധമായത്. തേക്ക് തടിയില്‍ നിര്‍മിച്ച കുതിരയുടെ രൂപങ്ങള്‍കൊണ്ടാണ് കൊട്ടാരത്തിന്റെ മുഖ ഭാഗത്തുള്ള മേല്‍പ്പുരയുടെ പല ഭാഗങ്ങളും തമ്മില്‍ യോജിപ്പിച്ചിട്ടുള്ളത്. 122 കുതിരകളുടെ രൂപങ്ങള്‍ ഇത്തരത്തില്‍ കൊട്ടരക്കെട്ടുകള്‍ കൂട്ടി യോജിപ്പിക്കാനായി സ്ഥാപിച്ചതായി കാണാം. അതു കൊണ്ടാണ് ഈ കൊട്ടാരം കുതിരമാളിക(Mansion of Horses) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
കേരളീയ വാസ്തുശില്‍പ്പ രീതിയില്‍ ഈ കൊട്ടാരത്തിന് 80 ഓളം മുറികളുണ്ടെങ്കിലും 20 മുറികളില്‍ മാത്രമെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. കൊട്ടാരത്തിലെ അപൂര്‍വമായ വസ്തുക്കളും ഇതിനുള്ളില്‍ സൂക്ഷിച്ചിട്ടുണ്ട്. ബല്‍ജിയം ഗ്ലാസുകളാല്‍ നിര്‍മിതമായ ആള്‍ കണ്ണാടികള്‍, പെയിന്റുകള്‍, സ്ഫ്ടിക നിര്‍മിതമായ അലങ്കാര വസ്തുക്കള്‍, രാജ വിളമ്പരം പുറപ്പെടുവിക്കുന്ന ചെണ്ട (Royal drum) ആനക്കൊമ്പിലും സ്ഫടികത്തിലും നിര്‍മിച്ച സിംഹാസനങ്ങള്‍ എന്നിവ ആരെയും ആകര്‍ഷിക്കും.
കൂടാതെ സ്വാതി തിരുനാളിന്റെ ലൈബ്രറി, സംഗീത സഭ, പ്രാര്‍ത്ഥന നടത്തുന്ന അമ്പാരി മുഖപ്പ് എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിച്ചു വരുന്നു.
സ്വാതി തിരുനാളിന്റെ കാലത്ത് നിരവധി സംഗീത പ്രതിഭകള്‍ ഇവിടെ കച്ചേരി നടത്താന്‍ എത്താറുണ്ടായിരുന്നു. സ്വയം ഒരു കവിയും സംഗീത പ്രേമിയുമായിരുന്ന രാജാവിന്റെ കാലത്ത് അന്യദേശങ്ങളില്‍ നിന്നുപോലും ഇവിടെ സംഗീത പ്രതിഭള്‍ എത്തിയതായി തിരുവിതാംകൂര്‍ ചരിത്രം വ്യക്തമാക്കുന്നു.
ഈ കൊട്ടാരത്തോടു ചേര്‍ന്ന കരുവേലിപ്പുറ മാളികയിലാണ് ചരിത്രപ്രസിദ്ധമായ മേത്തന്‍ മണി സ്ഥിതിചെയ്യുന്നത്. കൊട്ടാരം കാണാനെത്തുന്നവരെ അപൂര്‍മായ ഈ മേത്തന്‍മണിയും ആകര്‍ഷിച്ചു വരുന്നു. സ്വാതി തിരുനാളിന്റെ കാലത്തു തന്നെയാണ് പൊതു ജനങ്ങള്‍ക്ക് സമയമറിയുന്നതിനായി ഈ ഘടികാരം സ്ഥാപിച്ചത്.
നൂറ്റാണ്ടുകളുടെ ചരിത്രവും പേറി നില്‍ക്കുന്ന കുതിരമാളിക തേടി ഇന്നും സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. മരവും കല്ലും ഉപയോഗിച്ച് തനി കേരളീയരീതിയില്‍ നിര്‍മ്മിച്ച ഇത്തരം രാജഹര്‍മ്യങ്ങള്‍ ലോകത്ത് തന്നെ അപൂര്‍മാണെന്ന് വിദേശ സഞ്ചാരികള്‍ പോലും സമ്മതിക്കുന്നു.


Friday, 9 March 2018

വായനക്കാര്‍ നെഞ്ചേറ്റിയ ‘കേരളത്തിലെ കോട്ടകള്‍’

യുവ ചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ സിപിഎഫ് വേങ്ങാട് എഴുതിയ ‘കേരളത്തിലെ കോട്ടകള്‍’ എന്ന ചരിത്ര ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. കൈരളി ബുക്‌സ് 2009ല്‍ പുറത്തിറക്കിയ .......





കൂടുതല്‍ വായിക്കാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുമല്ലോ...





Wednesday, 28 February 2018

ഡിലനോയിയുടെ ആത്മാവ് ഇപ്പോഴും സ്പന്ദിക്കുന്നു


സി പി എഫ് വേങ്ങാട്

ഉദയഗിരി കോട്ടക്കുള്ളിലെ കല്ലറയിലിരുന്ന് ഡിലനോയിയുടെ ആത്മാവ് ഇപ്പോഴും വിലപിക്കുകയാവാം… താന്‍ ഏറെ സ്്‌നേഹിച്ച തിരുവിതാംകൂര്‍ ജനത പോലും തന്നെ ഓര്‍ക്കുന്നിലല്ലോ എന്നോര്‍ത്ത്.
ഡച്ച് തടവുകാരനായി പിടിക്കപ്പെട്ട് പിന്നീട് തിരുവിതാംകൂറിന്റെ വലിയപടത്തലവന്‍ പട്ടം അലങ്കരിച്ച വിദേശിയാണ് ജനറല്‍ ഡിലനോയി. തിരുവിതാംകൂര്‍ കൈവരിച്ച പേരും പെരുമക്കും പിന്നില്‍ നിസ്വര്‍ത്ഥനായി പ്രവര്‍ത്തിച്ച് ഈ വിദേശിയുടെ ചരിത്രത്തെ അവഗണിക്കുക വയ്യ. എന്നാല്‍ ഇങ്ങനെ ഒരു മനുഷ്യനെയും അദ്ദേഹത്തിന്റെ കല്ലറയെയും തിരുവനന്തപുരത്ത് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും അറിയില്ലെന്നത് ചരിത്രത്തിന്റെ വിരോധാഭാസം എന്നല്ലാതെ മറ്റെന്ത് പറയാന്‍…
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടപ്പോള്‍ കേരളത്തിന് നഷ്ടമായത് കാലത്തിന്റെ കഥ പറയുന്ന ഒട്ടനവധി ചരിത്ര സ്മാരകങ്ങളാണ്. കേരളത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ച സംഭവങ്ങള്‍ക്ക് സാക്ഷികളായ ഈ ചരിത്ര സ്മാരകങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദയഗിരി കോട്ടയും ഡിലനോയി സ്മാരകവും. ശ്രദ്ധിക്കാനാളില്ലാതെയും വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും തമിഴ് മണ്ണില്‍ ചിതലരിക്കുകയാണ് ഈ കേരള ചരിത്രം. തിരുവിതാംകൂര്‍ രാജവംശത്തിന്റെ പുരാവൃത്തം തേടിയുള്ള യാത്രക്കിടെയാണ് ജീര്‍ണിച്ച മുഖവുമായി നിലകൊള്ളുന്ന ചില ചരിത്ര സ്മാരകങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. അതില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഡിലനോയി സ്മാരകം. അറിയുന്തോറും വിസ്മയമേകുന്നതാണ് ഡിലനോയിയുടെ ചരിത്രം.
കേരളത്തല്‍ ആധിപത്യം സ്ഥാപിച്ച ഡച്ചുകാരെ കെട്ടുകെട്ടിച്ച യുദ്ധമാണ് 1741ലെ കുളച്ചല്‍ യുദ്ധം. തിരുവിതാംകൂര്‍ മഹാരാജാവായ മാര്‍ത്താണ്ഡ വര്‍മ്മയുടെ യുദ്ധ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ തോറ്റോടിയ ഡച്ചുപടക്ക് പിന്നീട് കേരളം വിട്ട് പോകേണ്ടിവന്നു. ഡച്ചുകാരില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ കണ്ടുകെട്ടിയ മഹാരാജാവ് യുദ്ധത്തടവുകാരായി പിടിച്ച ഡച്ചുകാരെ ഉദയഗിരികോട്ടയില്‍ താമസിപ്പിച്ചു. ഇവരില്‍ ബല്‍ജിയം ദേശക്കാരനായ ഒരു പട്ടാളക്കാരന്‍ രാജാവിന്റെ പ്രീതി പിടിച്ചു പറ്റി. അദ്ദേഹത്തിന്റെ യുദ്ധമികവും കഴിവും മനസിലാക്കിയ മാര്‍ത്താണ്ഡവര്‍മ്മ ആ പട്ടാളക്കാരനെ തിരുവിതാംകൂറിന്റെ വലിയ പടത്തലവനായി നിയമിച്ചു. ഇദ്ദേഹമാണ് ജനറല്‍ ഡിലനോയി. ഒന്നു കൂടി വ്യക്തമാക്കിയാല്‍ തിരുവിതാംകൂറിന് വേണ്ടി തന്റെ ജിവന്‍ വെടിയും വരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച വിദേശിയായ പട്ടാളക്കാരന്‍. ഡിലനോയിയുടെ നേതൃത്വത്തിലാണ് പിന്നിട് മാര്‍ത്താണ്ഡ വര്‍മ്മ നിലവിലുള്ള കോട്ടകള്‍ പൊളിച്ചുമാറ്റി കരിങ്കല്ലു കൊണ്ട് കെട്ടി തന്റെ രാജ്യം ശക്തിപ്പെടുത്തിയത്(1). പിന്നീട് തീരുവിതാംകൂര്‍ നേടിയ പല യുദ്ധവിജയങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും പിന്നില്‍ ഡിലനോയിയുടെ കഴിവും പ്രവര്‍ത്തനവുമുണ്ടായിരുന്നു.
36 വര്‍ഷക്കാലം തിരുവിതാംകൂറിന്റെ വലിയ പടത്തലവനായി സേവനമനുഷ്ഠിച്ച ഈ ഡച്ചു കാരന്‍ 1777ല്‍ ഉദയഗിരി കോട്ടയില്‍ അസുഖ ബാധിതനായി മരണപ്പെട്ടു. അന്ന് തിരുവിതാംകൂര്‍ ഭരണം നടത്തിയിരുന്നത് മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയായ ധര്‍മ്മ രാജയായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞ പ്രകാരം ഡിലനോയിയെ സര്‍വവിധ ബഹുമതികളോടെയും ഉദയഗിരികോട്ടക്കകത്തെ ഡച്ചുപള്ളിയില്‍ അടക്കം ചെയ്തു. രാജഭരണം നാടുനീങ്ങുകയും തമിഴ് ഭാഷ സംസാരിക്കുന്ന ഉദയഗിരി തമിഴ്‌നാടിന്റെ അതിര്‍ത്തിക്കുള്ളിലാവുകയും ചെയ്തതോടെ കേരള ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഈ വിദേശിയോടുള്ള അവഗണനയും ആരംഭിച്ചുവെന്ന് പറയാതെ വയ്യ.
തിരുവനന്തപുരത്ത് നിന്നും നാഗര്‍കോവിലിലേക്ക് പോകുന്ന വഴിയില്‍ പുലിയൂര്‍ കുറിച്ചിയിലെ വേളിമല താഴ് വരയിലാണ് ഉദയഗിരികോട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടക്കകത്തെ പള്ളിയിലാണ് കാലപ്പഴക്കത്താല്‍ ജീര്‍ണിതാവസ്ഥയിലായ ഡിലനോയിയുടെ ശവകുടീരമുള്ളത്. കാടുപിടിച്ച കോട്ടക്കകത്ത് വളര്‍ന്ന് പന്തലിച്ച്് നില്‍ക്കുന്ന വാളന്‍പുളി മരങ്ങള്‍. വാളന്‍പുളി ശേഖരിക്കാനായി തമിഴരായ ഒരു കൂട്ടം നാടോടികള്‍ ഇവിടെ തമ്പടിച്ചിട്ടുണ്ട്. ഇഴ ജന്തുക്കളുണ്ടെന്ന് നാടോടികള്‍ മുന്നറിയിപ്പ് തന്നതിനെ തുടര്‍ന്ന് കയ്യിലൊരു വടിയുമായി പുല്ലുകള്‍ വകഞ്ഞ് മാറ്റി പള്ളിയെ ലക്ഷ്യമാക്കി നടന്നു. ഇതിന് മുന്നിലായി ഇംഗ്ലീഷിലും തമിഴിലും വിവരങ്ങള്‍ എഴുതിയ ബോര്‍ഡ് തൂക്കിയിട്ടുണ്ട്.
ഡച്ച് വാസ്തു ശില്‍പ്പ മാതൃകയില്‍ നിര്‍മ്മിച്ച പള്ളി നാശത്തെ നേരിട്ടു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ശ്രദ്ധിക്കാനാളില്ലാതെയും വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും നാശത്തെ നേരിടുകയാണ് ഈ സ്മാരകം. തേക്ക് തടിയില്‍ നിര്‍മിച്ച കഴുക്കോലുകള്‍ പ്രദേശ വാസികള്‍ ഇളക്കിയെടുത്ത് സ്വന്തം വീടിന് മേല്‍ക്കൂര പണിതു. അവശേഷിക്കുന്ന ചുമരുകള്‍ ഏതു സമയത്തും നിലംപൊത്തുമെന്ന അവസ്ഥയിലാണ്.
പള്ളിക്കകത്ത് വിശ്രമിക്കുകയായിരുന്ന വന്യമൃഗ സ്വഭാവം കാട്ടുന്ന കന്നുകാലി കൂട്ടങ്ങള്‍ എന്റെ കാല്‍പെരുമാറ്റം കേട്ടപ്പോള്‍ വെളിയിലേക്ക് പോയി. മൂന്നോളം ശവക്കക്കറകളാണ് ഇവിടെയുള്ളത്. എല്ലാം വേലികെട്ടി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും മേല്‍കൂരിയില്ലാത്ത പള്ളിക്കകത്ത് വെയിലും മഴയുമേറ്റ് കല്ലറയിലെ വിവരങ്ങള്‍ മാഞ്ഞു തുടങ്ങി. ഇപ്പോള്‍ ഇതിന്റെ അവകാശികളായ തമിഴനാട് പുരാവസ്തു വകുപ്പാകട്ടെ ഇതിന് മുന്നില്‍ ഒരു ബോര്‍ഡ് വെച്ചതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തോടുള്ള തമിഴകത്തിന്റെ അവഗണന ഇതില്‍ നിന്നും മനസിലാക്കാവുന്നതാണ്. കേരള സര്‍ക്കാര്‍ ഇടപെട്ട് ഇവയെ രക്ഷിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ തിരുവിതാംകൂറിന് വേണ്ടി അകമഴിഞ്ഞ് പ്രവര്‍ത്തിച്ച ഡിലനോയിയും അദ്ദേഹത്തിന്റെ സ്മാരകവും കേള്‍വിയില്‍ തെളിയുന്ന ചിത്രമായേക്കും.

(1) Travancore Archaeological series. Vol.1, Page 51

Monday, 26 February 2018

Methan Mani - അനന്തപുരിക്കുണ്ടൊരു മേത്തന്‍മണി

CPF Vengad

Methan Mani is a big wall Clock at Thiruvananthpuram Kerala India. Which stand on the Karuvelippura Malika opposite direction of the Padmatheertha pond, and very near to Puthan Malika Palace of Swathi thirunal Rama Varma. The clock tower is also known as 'Meshan Mani Or Mani Soothram' in Malayalam Language.  I have written articles in magazines and Newspapers about the wonderful Monument.
The unique feature of the clock is the presence of a bearded man on top of the dial who opens his mouth to every hours and two goats hit his cheek and forcing him to close his mouth. This action is co-ordinated with the hourly chimes . It is believed to have been installed in the 1840's during the time of   king Swathi Thirunal Rama Varma. There is also a history that the clock was installed to commemorate the successful repulsion of Travancore by Tippu Sultan.
The clock still strikes each hour in a day. The clock now runs  on software developed by the Center for development of Imaging Technology. The Methan Mani remains a popular landmark in the city with the chimes audible around the locality. But today Methan Mani's condition is very poor. This clock does not keep the right time. The tourist from different parts of the world have a great enthusiasm about the monument.



അനന്തപുരിക്കുണ്ടൊരു മേത്തന്‍മണി

സി പി എഫ് വേങ്ങാട്
അനന്തപുരിയിലെ മനംമയക്കുന്ന കാഴ്ചകള്‍ കണ്ട് നീങ്ങുന്ന സഞ്ചാരികളെ..! കോട്ടക്കകത്ത് കയറിയാല്‍ നിങ്ങള്‍ തീര്‍ച്ചയായും കാണേണ്ട ഒരു ചരിത്ര സ്മാരകമുണ്ട്… മേത്തന്‍ മണി. തിരുവിതാംകൂറിലെ സമയക്രമം പൊതുജനങ്ങളെ അറിയിച്ച ഘടികാരമാണിത്.
കിഴക്കെ കോട്ടയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ കരുവേലിപ്പുര മാളിക മുകളിലാണ് ചരിത്ര പ്രസിദ്ധമായ മേത്തന്‍ മണി സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ വാണ പൊന്നുതമ്പുരാന്‍ സ്വാതിതിരുനാളിന്റെ കാലത്താണ് ഇത് സ്ഥാപിച്ചതത്രെ. രാജഭരണ കാലത്ത് പൊതുജനത്തിന് സമയമറിയാന്‍ ഏറെ ഉപകാരപ്പെട്ടിരുന്നു ഈ ഘടികാരം.
സമചതുരാകൃതിയാണ് ഘടികാരത്തിന്. വെളുത്ത പ്രതലത്തില്‍ റോമന്‍ അക്കങ്ങളുണ്ട്. മുകളില്‍ ഒരു മേത്തന്റെ (രാക്ഷസന്റെ ) തല. ഇരു വശങ്ങളിലായി രണ്ട് മുട്ടനാടുകള്‍. ലോഹ നിര്‍മിതമാണ് മേത്തനും മുട്ടനാടുകളും. ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ ഈ മേത്തന്‍ വായ തുറക്കും. ഉടന്‍ വശങ്ങളിലുള്ള മുട്ടനാടുകള്‍ മേത്തന്റെ കവിളത്ത് ആഞ്ഞ് കുത്തും. അപ്പോള്‍ മണി ശബ്ദവും ഉണ്ടാവും. ഓരോ മണിക്കൂറും ഇത് ആവര്‍ത്തിക്കാറുണ്ട്. ഈ മണി ശബ്ദം കേട്ടാണ് പണ്ട് കാലത്ത് തിരുവിതാംകൂര്‍ ജനത സമയം തിരിച്ചറിഞ്ഞിരുന്നത്. കാരണം പണ്ട് കാലത്ത് ക്ലോക്കും വാച്ചും അപൂര്‍മായാണ് പൊതുജനം ഉപയോഗിച്ചിരുന്നത്.
രാജഭരണ കാലത്ത് താക്കോല്‍ കൊടുത്താണ് ഇത് പ്രവര്‍ത്തിപ്പിച്ചത്. സ്വാതി തിരുനാള്‍ ക്ലോക്ക് പ്രവര്‍ത്തിപ്പ് ചുമതല ഒരു കുടുംബത്തിന് നല്‍കിയിരുന്നതായി തിരുവിതാംകൂര്‍ ചരിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഡച്ച് സാങ്കേതിക വിദ്യയിലാണ് ഇപ്പോഴിത് പ്രവര്‍ത്തിച്ചുവരുന്നത്. അടുത്ത കാലംവരെ കൃത്യമായി ക്ലോക്ക് പ്രവര്‍ത്തിച്ചിരുന്നതായി പരിസരവാസികള്‍ പറയുന്നു. ചരിത്ര രേഖകകളില്‍ ഇതിനെ 'മണിസൂത്രം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.   ങലവേമി ങമിശ എൗഹഹ
ഈ മാളികയോട് ചേര്‍ന്ന് തന്നെയാണ് സ്വാതി തിരുനാളിന്റെ പുത്തന്‍ മാളിക കൊട്ടാരവും സ്ഥിതിചെയ്യുന്നത്. കൊട്ടാരം നടത്തിപ്പുകാര്‍ക്ക് തന്നെയാണ് ഇതിന്റെയും ചുമതലയത്രെ.
പത്മനാഭ ദാസന്‍മാരായിരുന്ന തിരുവിതാം കുറിലെ പൊന്നുതമ്പുരാക്കന്‍മാര്‍ പ്രജാഹിതം അങ്ങേയറ്റം മാനിച്ചവരായിരുന്നു. അതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗത്തും അവര്‍ ജനോപകാരപ്രദമായ ഇത്തരം കാര്യങ്ങള്‍ ചെയ്തു വെച്ചു. എന്നാല്‍ ഇപ്പോള്‍ ഈ ഘടികാരം കൃത്യനിഷ്ഠ പാലിക്കുന്നില്ല. ഈ ലേഖകന്‍ പുത്തന്‍മാളിക സന്ദര്‍ശിച്ച സമയത്ത് ഘടികാരം സമയം തെറ്റിയാണെങ്കിലും പ്രവര്‍ത്തിക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്.
നൂറ്റാണ്ടുകളുടെ ചരിത്രവും പേറി അനന്തപുരിക്ക് മുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന മേത്തന്‍ മണി വിദേശ സഞ്ചാരികളെ പോലും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട. ക്ലോക്ക് പ്രവര്‍ത്തനത്തിന്റെ സാങ്കേതിക വിദ്യ ആരെയും വിസ്മയിപ്പിക്കുന്നതാണ്. എന്നാല്‍ മേത്തന്‍ മണിയെ അധികൃതര്‍ വേണ്ട വിധം ഗൗനിക്കാത്തതിന്റെ സ്ഥിതി വിശേഷമാണ് ഇവിടെ ഇപ്പോള്‍ ദര്‍ശിക്കാനാവുക. വേണ്ടത്ര ശ്രദ്ധനല്‍കാത്തതിനാലും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലും ഈ ക്ലോക്കിന് സമയകൃത്യത പാലിക്കാനാവുന്നില്ല. അധികൃതരുടെ ഈ അനാസ്ഥക്കെതിരെ അനന്തപുരിയില്‍ തന്നെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ മേത്തന്‍ മണിയുടെ പരിതാപകരമായ അവസ്ഥ കാണുന്ന ചരിത്ര പ്രേമികളുടെ മനസ് അറിയാതെ ഇങ്ങനെ മന്ത്രിച്ച് പോവും…
'തിരുവിതാംകൂറിലെ പൊന്നു തമ്പുരാക്കന്‍മാരെ… വരും തലമുറക്കായി മേത്തന്‍മണിയെ കാത്ത് കൊള്ളേണമേ..! എന്ന്.

Friday, 23 February 2018

കാലന്‍ കോഴി കൂവിയ പിറ്റേ നാള്‍...




സി പി എഫ് വേങ്ങാട്

'കാലന്‍ കോഴികളെക്കുറിച്ച് മലയാളികളായ എന്റെ വായനക്കാരെ ഉല്‍ബുദ്ധരാക്കേണ്ട ആവശ്യമില്ലല്ലോ. കുട്ടിക്കാലം ഓര്‍മയുണ്ടെങ്കില്‍ അന്നത്തെ കാലന്‍ കോഴികളുടെ വിളിയും അവര്‍ ഓര്‍ത്തിരിക്കും. പൂവ്വാ… പൂവ്വാ! ആ വിളിക്ക് പുറകെയാണ് കഴിഞ്ഞ തലമുറകളിലെ മുത്തച്ഛന്‍മാരത്രയും പോയത്. കാലന്‍ കോഴികളുടെ വിളികേള്‍ക്കുമ്പോള്‍ മരിക്കാന്‍ തയാറായിട്ടില്ലായിരുന്നവര്‍ നാരായണ, നാരായണ എന്ന് പറഞ്ഞ് മരണമൊഴിവാക്കുമായിരുന്നു. ഇന്നാകട്ടെ കാലന്‍ കോഴി വിളിച്ചാല്‍ ആരും നാരായണ, നാരായണ എന്നു പറയാറില്ല, മരിക്കാറുമില്ല. ഈ പ്രശ്‌നം എന്റെ ശ്രദ്ധയ്ക്ക് പാത്രീഭവിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി. കാലന്‍ കോഴികള്‍ കേരളത്തില്‍ മാത്രമുണ്ടാകാന്‍ കാരണമെന്ത് ഭാഷാ പണ്ഡിതനായ ഞാന്‍ കാരണം കണ്ടുപിടിച്ചു. ലക്‌നോവിലോ വാരാണസിയിലോ ഒരു കാലന്‍ കോഴി ചെന്ന് പൂവ്വാ എന്ന്പറഞ്ഞാല്‍ ആര്‍ക്കെന്ത് മനസിലാകും ഹമാരാ സാഥ് ചലിയേ എന്ന് പറയണം. കാലന്‍ കോഴികള്‍ ആ ഭാഷ വശമാക്കിയിട്ടുമില്ല.അങ്ങനെ ഭാരതത്തിലെങ്ങുമുണ്ടായിരുന്ന കാലന്‍കോഴികള്‍ കേരളത്തിലേക്ക് പിന്‍വാങ്ങി. കാലന്‍ കോഴി കേരളീയ ഉപദേശീയതയുടെ പക്ഷിയായിത്തീര്‍ന്നു. എന്നാല്‍ കേരളത്തില്‍ പോലും കാലന്‍ കോഴിക്ക് രക്ഷയില്ലെന്നു വന്നു. ഭൗതികവാദത്തിന്റെ തിമിര്‍പ്പില്‍ ആളുകള്‍ യമാഹ്വാനത്തെ വകവെക്കാതെയായി.എപ്പോഴെങ്കിലും എവിടെയെങ്കിലും കൂവുന്നതൊഴിച്ചാല്‍ കാലന്‍ കോഴി ശബ്ദിക്കാതെയായി. അമര്‍ഷം ഉള്ളിലൊതുക്കിക്കൊണ്ട് കാലന്‍ കോഴി പറയുകയാവണം 'പൂവ്വണില്ലെങ്കില്‍ വേണ്ട'.
കാറ്റ് പറഞ്ഞ കഥ (പക്ഷി ശാസ്ത്രം, ഭാഷാ ശാസ്ത്രം) ഒ.വി.വിജയന്‍.

കാലന്‍ കോഴി എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും ഭയക്കുന്നവരാണ് കേരളീയര്‍. ഈ പക്ഷി കരഞ്ഞാല്‍ ആരെങ്കിലും മരണപ്പെടുമെന്ന വിശ്വാസമാണ് ഈ ഭയത്തിനടിസ്ഥാനം. നത്ത് കരഞ്ഞാല്‍ ഒത്തു കരയുമെന്ന നാട്ടുചൊല്ല്  ഈ ഭയത്തെ ബലപ്പെടുത്തുന്നു. എന്നാല്‍ ഇത് അന്ധവിശ്വാസമാണെന്നാണ് പക്ഷി നിരീക്ഷകരുടെ വാദം. ഈ വാദ കോലാഹലങ്ങളെ പിന്‍തുടര്‍ന്ന് വാരപ്പൊലിമ നടത്തിയ അന്വേഷണം
കാലന്റെ വിളി അറിയിക്കുന്ന ജീവിയാണ് കാലന്‍ കോഴിയെന്നൊരു വിശ്വസം വെച്ചു പുലര്‍ത്തുന്നവരാണ് കേരളീയര്‍.കാലന്‍ കോഴി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇന്നും ഭയപ്പാടോടെ നില്‍ക്കുന്നവര്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും യഥേഷ്ടം. ഈ പക്ഷി കരഞ്ഞാല്‍ പിറ്റേ ദിവസം മരണ വാര്‍ത്ത കാതിലെത്തുമെന്നാണ് വിശ്വാസം. അത് കൊണ്ടാണ് മൂങ്ങ വര്‍ഗത്തില്‍ പെട്ട ഈപക്ഷിക്ക് കാലന്റെ വരവ് അറിയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ കാലന്‍ കോഴി എന്ന് പേര്‍ വീണത്.ആ ഒരു വിശ്വാസം ശരിവെക്കുന്ന അനുഭവങ്ങളും കേരളീയര്‍ക്കുണ്ട്. ഇന്നും ആ ഒരു വിശ്വാസത്തിന് മങ്ങലേറ്റിട്ടില്ല; കാലങ്കോഴിയുടെ ഭയാനകമായ കൂവലിനും..
'ന്നത്ത് കരഞ്ഞാല്‍ ഒത്ത് കരയും' എന്നൊരു നാട്ട്‌ചൊല്ലുണ്ട്. മൂങ്ങക്ക് നാട്ടുഭാഷയില്‍ പറയുന്ന പേരാണ് നത്ത്. കാലന്‍ കോഴി മൂങ്ങവര്‍ഗത്തില്‍ പെട്ട ഒരിനമാണെന്ന് പറഞ്ഞുവല്ലോ. അതു കൊണ്ട് ഈ പക്ഷി കരഞ്ഞാല്‍ ആരെങ്കിലും മരണപ്പെടുമെന്നും കൂട്ടനിലവിളിയും കരച്ചിലിമുണ്ടാകുമെന്നുമാണ് ഈ പഴഞ്ചൊല്ലുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
പക്ഷികളും മൃഗങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന താണ് കേളത്തിലെ പല വിശ്വാസങ്ങളും ആചാരങ്ങളും. ഒറ്റമൈനയെ കാണുന്നത് ദു:ഖ ചിഹ്നമായി കാണുന്നവരുണ്ട്. ചെമ്പോത്തിനെ കാണുന്നത് നല്ല ലക്ഷണമാണ്. പണ്ട് ശ്രീകൃഷ്ണനെ തേടി സഹപാഠിയും കൂട്ടുകാരനുമായ കുചേലന്‍ യാത്രതിരിച്ചപ്പോള്‍ വഴിയില്‍ ചെമ്പോത്തിനെ ദര്‍ശിച്ചത് നല്ല ലക്ഷണമായി കണ്ട് സന്തോഷിച്ച കഥ പ്രസിദ്ധമാണല്ലോ അതു പോലെ കാക്ക കൊക്കിച്ചാല്‍ വിരുന്നുകാരെത്തുമെന്ന വിശ്വാസത്തിനും ഇന്ന് മങ്ങലേറ്റിട്ടില്ല. അതുപോലെ പട്ടി ഓരിയിട്ടാല്‍ മരണം സംഭവിക്കുമെന്നും പ്രബലമായ വിശ്വാസമുണ്ട്. കേരളീയ മിത്തില്‍ ഇതു പോലെ പക്ഷി മൃഗാദികളുമായി ബന്ധപ്പെട്ട ഒരു പാട് കഥകളും വിശ്വാസങ്ങളുമുണ്ട്.

ചേറ്റംകുന്നുകാര്‍ക്ക് പറയാനുള്ളത്

ഭയപ്പെടുത്തുന്ന ഒരനുഭവത്തിന്റെ ഓര്‍മ കണ്ണൂര്‍ തലശ്ശേരിയിലെ ചേറ്റംകുന്നുകാര്‍ക്കിപ്പോഴും പങ്ക് വെക്കാനുണ്ട്. ചേറ്റംകുന്നുകാര്‍ എന്ന് പറയുമ്പോള്‍ പള്ളിക്കുന്ന് ബംഗ്ലാവിനടുത്ത 'ഇട്ടാവട്ട'ത്തിലെ ഏതാനും ചില വീട്ടുകാര്‍. ഒരു സന്ധ്യക്ക് ചേറ്റംകുന്നിലെ റവേല്‍ സായ്പിന്റെ പഴയ ബംഗ്ലാവിനരികിലുള്ള അലസി മരത്തിലുരുന്ന് കാലന്‍ കോഴി കൂവി. പരിസര വാസികള്‍ ഭയവിഹ്വലരായി. കാരണം കാലന്‍ കോഴി കൂവിയാല്‍ ആ പ്രദേശത്തെ ആരെങ്കിലും മരണപ്പെടുമെന്ന വിശ്വാസം ആ പ്രദേശത്തെ പലര്‍ക്കുമുണ്ടായിരുന്നു.
മരത്തിന് മുകളില്‍ നിന്നും ആ ഭീകരശബ്ദം ഊളിയിട്ടെത്തി വീടുകളുടെ ജനാലകളിലും മറ്റും തട്ടി പ്രതിധ്വനിച്ചു. അന്ന് മാത്രമല്ല കാലന്‍ കോഴി തൊട്ടടുത്ത ദിവസങ്ങളിലും കൂവി അന്നാട്ടുകാരെ ഭയപ്പെടുത്തി. അത് ശരിവെക്കും വിധത്തിലായിരുന്നു മൂന്നുനാലുദിവസം ചേറ്റംകുന്നുകാരെ തേടിയെത്തിയ വാര്‍ത്തകള്‍. കാലന്‍കോഴി കരഞ്ഞ ആദ്യദിനത്തിന്റെ പിറ്റേനാള്‍ കല്യാണി അമ്മയുടെ മകളുടെ മകന്‍ രാഹുല്‍ ബൈക്ക് ആക്‌സിഡന്റില്‍ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിസിന് പഠിക്കുകയായിരുന്നു രാഹുല്‍. കാലന്റെ സന്ദേശ വാഹകന്‍ നല്‍കിയ രണ്ടാം സൂചനയും അടുത്ത ദിവസം ചേറ്റംകുന്നുകാരെ തളര്‍ത്തി. ആറ് മാസം പ്രായമായകുഞ്ഞ് ശ്വാസ തടസത്തെ തുടര്‍ന്ന് മരിച്ചു. രണ്ട് മരണത്തിന് ശേഷം മൂന്നാം ദുരന്തവും ആ പ്രദേശത്തെ തേടിയെത്തി . മാര്‍ക്കറ്റില്‍ പച്ചക്കായ കച്ചവടക്കാരനായ അലീക്ക ബൈക്കില്‍ നിന്ന് വീണ് മരിച്ചു.
മൂന്നു മരണം ഏല്‍പ്പിച്ച് ആഘാതം ചേറ്റംകുന്നില്‍ കാലന്‍കോഴിയെക്കുറിച്ചുള്ള ചര്‍ച്ചകളെ സജീവമാക്കി. പലരും പല കഥകളും പടച്ചു വിട്ടു. ചിലര്‍ അതിനെ വെടിവെച്ച് കൊല്ലണമെന്ന അഭിപ്രായത്തില്‍ വരെയെത്തി. അതോടെ ഈ പക്ഷിയെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹം ചേറ്റംകുന്നുകാരില്‍ പലര്‍ക്കുമുണ്ടായി.


കാലന്‍കോഴിയെ തേടി... 

മരണത്തെ അറിയിക്കുന്ന പക്ഷിയാണ്് കാലന്‍ കോഴിയെന്നാണ് കേരളീയരില്‍ പലരുടെയും വിശ്വാസമെങ്കിലും അതിനെ നേരില്‍ കണ്ടവര്‍ വിരളം. പ്രധാന കാരണം ഈ പക്ഷി ഒരു രാത്രി സഞ്ചാരിയായതു കൊണ്ട് തന്നെ.
മലയാള മനോരമ ദിനപത്രത്തിന്റെ സാംസ്‌കാരിക സംഘടനയായ ജെയ്ജി പീറ്റര്‍ ഫൗണ്ടേഷന്‍ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ കേരളത്തിലെ ഫ്രീലാന്റ്‌സ് ജേര്‍ണലിസ്റ്റുകള്‍ക്കായി രണ്ട് ദിവസത്തെ ക്യാമ്പ് നടത്തിയിരുന്നു. ഈ ക്യാമ്പില്‍ വെച്ച് പക്ഷികളെക്കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കുകയുണ്ടായി. കാലന്‍ കോഴിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതും രാത്രി കാട്ടില്‍ വെച്ച് സെര്‍ച്ച് ലൈറ്റിന്റെ പ്രകാശത്തില്‍ ഇതിനെ കാണാനായതും ഇവിട വെച്ചാണ്.
കേരളത്തിന്റെ നാട്ടുപഴമകളിലും ഐതീഹ്യങ്ങളിലും കാലന്‍കോഴികളെ ക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ലോകപ്രശസ്ത പക്ഷി നിരീക്ഷകരായ സലീം അലിയുടെയും ഇന്ദുചൂഡന്റയും കൃതികളില്‍ കാലന്‍ കോഴിയെകുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള 14 തരം മൂങ്ങകളില്‍ ഒരു വര്‍ഗമാണ് കാലന്‍ കോഴി. 'മോട്ടില്‍ഡ് വുഡ് ഔള്‍' എന്നാണ് ഇതിന്റെ ആംഗലേയ നാമം. മൂങ്ങകളെ പോലെയാണ് രൂപം, വൃത്താകൃതിയിലുള്ള മുഖം, മൂങ്ങയേക്കാള്‍ വലിയ ശരീരം, വളഞ്ഞ് കൂര്‍ത്ത കൊക്ക്, ആരെയും ഭയപ്പെടുത്തുന്ന പ്രകൃതം. ഇതിന്റെ ഉറക്കെയുള്ള അട്ടഹാസം ആരെയും ഭയപ്പെടുത്തും. പെണ്‍ പക്ഷിയേക്കാള്‍ ആണ്‍ പക്ഷികളുടെ ശബ്ദത്തിനാണ് ഭയാനത കൂടുതല്‍.
കേരളത്തിന്റെ പല ഭഗത്തും ഈ പക്ഷിയെക്കുറിച്ച് കെട്ടുകഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട്. 'കരഞ്ഞ് കൊല്ലുന്നവന്‍' എന്നര്‍ത്ഥത്തില്‍ ഇതിനെ 'കൊല്ലിക്കുരവന്‍' എന്നാണ് ചില സ്ഥലങ്ങളില്‍ വിളിച്ചു പോരുന്നത്. കൂവാപക്ഷിയെന്നും പേരുണ്ട്.
ഉയര്‍ന്ന വൃക്ഷങ്ങളിലാണ് ഇവ കൂട് കൂട്ടി താമസിക്കാറ്. മൂങ്ങയെ പോലെ ഈ പക്ഷിയും രാത്രി സഞ്ചാരിയാണ്. എലി പല്ലി, ഓന്ത് എന്നിവയാണ് ഇതിന്റെ പ്രധാന ഭക്ഷണം. കര്‍ഷകന്റെ മിത്രമാണ് ഈ പക്ഷി. എലികളെ തിന്ന് നശിപ്പിക്കുന്നത് കൊണ്ടാണ് ഈ പക്ഷി കര്‍ഷന്റെ മിത്രമെന്നറിയപ്പെടുന്നത്. എല്ലാ സമുദായത്തിനിടയിലും കാലന്‍ കോഴി കരഞ്ഞാല്‍ ചെയ്തു പോരുന്ന ചില കര്‍മങ്ങള്‍ കാണാം. ഈ പക്ഷിയുടെ കൂവല്‍ കേട്ടാല്‍ അടുപ്പില്‍ തീ ആളികത്തിച്ച് അതില്‍ കല്ലുപ്പ് വാരിയിട്ട്  നിന്റെ അണ്ണാക്ക് പൊട്ടിത്തെറിച്ച് പോട്ടെ എന്ന് പറയുന്ന സമ്പ്രദായം ഉത്തരകേരളത്തില്‍ പലഭാഗത്തും ഇപ്പോഴും പ്രായമായവര്‍ ചെയ്തു വരുന്നുണ്ട്. ഇത് മിക്കവാറും എല്ലാ സമുദായത്തില്‍ പെട്ടവരിലും കാണുന്നു. ചിരവയുടെ കൂര്‍ത്ത ഭാഗം നിലത്ത് അമര്‍ത്തിക്കുത്തി 'നിന്റെ അണ്ണാക്കില്‍ തറച്ചു പോട്ടെ' എന്ന് പയുന്നവരും കുറവല്ല. ഹിന്ദു സമുദായത്തില്‍ പെട്ടവര്‍ രാമായണത്തിലെ സൂക്തങ്ങള്‍ ഉരുവിട്ട് ബാധ അകറ്റുന്നതും കണ്ടുവരുന്നു.
വേലിയേറ്റം സ്വാഭാവികമായും ഉണ്ടാകാറുള്ള സന്ധ്യാ നേരങ്ങളിലാണ് കാലന്‍ കോഴി കൂവാറ്. വേലിയേറ്റം മുലം അന്തരീക്ഷത്തിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ കാരണം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസംതടസം പോലുള്ള അസുഖങ്ങള്‍ ഈ സമയത്ത് അനുഭവപ്പെടുകയും അത്യാഹിതം സംഭവിക്കുകയും ചെയ്യുക പതിവാണ്. ഇതാണ് കാലന്‍ കോഴിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കെട്ടുകഥകള്‍ക്ക് പിന്നിലെ അടിസ്ഥാനവശമെന്ന് പറയപ്പെടുന്നു.
Mottled wood owl (Kalan kozhi ) Article by CPF Vengad