Friday, 23 February 2018

കാലന്‍ കോഴി കൂവിയ പിറ്റേ നാള്‍...




സി പി എഫ് വേങ്ങാട്

'കാലന്‍ കോഴികളെക്കുറിച്ച് മലയാളികളായ എന്റെ വായനക്കാരെ ഉല്‍ബുദ്ധരാക്കേണ്ട ആവശ്യമില്ലല്ലോ. കുട്ടിക്കാലം ഓര്‍മയുണ്ടെങ്കില്‍ അന്നത്തെ കാലന്‍ കോഴികളുടെ വിളിയും അവര്‍ ഓര്‍ത്തിരിക്കും. പൂവ്വാ… പൂവ്വാ! ആ വിളിക്ക് പുറകെയാണ് കഴിഞ്ഞ തലമുറകളിലെ മുത്തച്ഛന്‍മാരത്രയും പോയത്. കാലന്‍ കോഴികളുടെ വിളികേള്‍ക്കുമ്പോള്‍ മരിക്കാന്‍ തയാറായിട്ടില്ലായിരുന്നവര്‍ നാരായണ, നാരായണ എന്ന് പറഞ്ഞ് മരണമൊഴിവാക്കുമായിരുന്നു. ഇന്നാകട്ടെ കാലന്‍ കോഴി വിളിച്ചാല്‍ ആരും നാരായണ, നാരായണ എന്നു പറയാറില്ല, മരിക്കാറുമില്ല. ഈ പ്രശ്‌നം എന്റെ ശ്രദ്ധയ്ക്ക് പാത്രീഭവിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി. കാലന്‍ കോഴികള്‍ കേരളത്തില്‍ മാത്രമുണ്ടാകാന്‍ കാരണമെന്ത് ഭാഷാ പണ്ഡിതനായ ഞാന്‍ കാരണം കണ്ടുപിടിച്ചു. ലക്‌നോവിലോ വാരാണസിയിലോ ഒരു കാലന്‍ കോഴി ചെന്ന് പൂവ്വാ എന്ന്പറഞ്ഞാല്‍ ആര്‍ക്കെന്ത് മനസിലാകും ഹമാരാ സാഥ് ചലിയേ എന്ന് പറയണം. കാലന്‍ കോഴികള്‍ ആ ഭാഷ വശമാക്കിയിട്ടുമില്ല.അങ്ങനെ ഭാരതത്തിലെങ്ങുമുണ്ടായിരുന്ന കാലന്‍കോഴികള്‍ കേരളത്തിലേക്ക് പിന്‍വാങ്ങി. കാലന്‍ കോഴി കേരളീയ ഉപദേശീയതയുടെ പക്ഷിയായിത്തീര്‍ന്നു. എന്നാല്‍ കേരളത്തില്‍ പോലും കാലന്‍ കോഴിക്ക് രക്ഷയില്ലെന്നു വന്നു. ഭൗതികവാദത്തിന്റെ തിമിര്‍പ്പില്‍ ആളുകള്‍ യമാഹ്വാനത്തെ വകവെക്കാതെയായി.എപ്പോഴെങ്കിലും എവിടെയെങ്കിലും കൂവുന്നതൊഴിച്ചാല്‍ കാലന്‍ കോഴി ശബ്ദിക്കാതെയായി. അമര്‍ഷം ഉള്ളിലൊതുക്കിക്കൊണ്ട് കാലന്‍ കോഴി പറയുകയാവണം 'പൂവ്വണില്ലെങ്കില്‍ വേണ്ട'.
കാറ്റ് പറഞ്ഞ കഥ (പക്ഷി ശാസ്ത്രം, ഭാഷാ ശാസ്ത്രം) ഒ.വി.വിജയന്‍.

കാലന്‍ കോഴി എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും ഭയക്കുന്നവരാണ് കേരളീയര്‍. ഈ പക്ഷി കരഞ്ഞാല്‍ ആരെങ്കിലും മരണപ്പെടുമെന്ന വിശ്വാസമാണ് ഈ ഭയത്തിനടിസ്ഥാനം. നത്ത് കരഞ്ഞാല്‍ ഒത്തു കരയുമെന്ന നാട്ടുചൊല്ല്  ഈ ഭയത്തെ ബലപ്പെടുത്തുന്നു. എന്നാല്‍ ഇത് അന്ധവിശ്വാസമാണെന്നാണ് പക്ഷി നിരീക്ഷകരുടെ വാദം. ഈ വാദ കോലാഹലങ്ങളെ പിന്‍തുടര്‍ന്ന് വാരപ്പൊലിമ നടത്തിയ അന്വേഷണം
കാലന്റെ വിളി അറിയിക്കുന്ന ജീവിയാണ് കാലന്‍ കോഴിയെന്നൊരു വിശ്വസം വെച്ചു പുലര്‍ത്തുന്നവരാണ് കേരളീയര്‍.കാലന്‍ കോഴി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇന്നും ഭയപ്പാടോടെ നില്‍ക്കുന്നവര്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും യഥേഷ്ടം. ഈ പക്ഷി കരഞ്ഞാല്‍ പിറ്റേ ദിവസം മരണ വാര്‍ത്ത കാതിലെത്തുമെന്നാണ് വിശ്വാസം. അത് കൊണ്ടാണ് മൂങ്ങ വര്‍ഗത്തില്‍ പെട്ട ഈപക്ഷിക്ക് കാലന്റെ വരവ് അറിയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ കാലന്‍ കോഴി എന്ന് പേര്‍ വീണത്.ആ ഒരു വിശ്വാസം ശരിവെക്കുന്ന അനുഭവങ്ങളും കേരളീയര്‍ക്കുണ്ട്. ഇന്നും ആ ഒരു വിശ്വാസത്തിന് മങ്ങലേറ്റിട്ടില്ല; കാലങ്കോഴിയുടെ ഭയാനകമായ കൂവലിനും..
'ന്നത്ത് കരഞ്ഞാല്‍ ഒത്ത് കരയും' എന്നൊരു നാട്ട്‌ചൊല്ലുണ്ട്. മൂങ്ങക്ക് നാട്ടുഭാഷയില്‍ പറയുന്ന പേരാണ് നത്ത്. കാലന്‍ കോഴി മൂങ്ങവര്‍ഗത്തില്‍ പെട്ട ഒരിനമാണെന്ന് പറഞ്ഞുവല്ലോ. അതു കൊണ്ട് ഈ പക്ഷി കരഞ്ഞാല്‍ ആരെങ്കിലും മരണപ്പെടുമെന്നും കൂട്ടനിലവിളിയും കരച്ചിലിമുണ്ടാകുമെന്നുമാണ് ഈ പഴഞ്ചൊല്ലുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
പക്ഷികളും മൃഗങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന താണ് കേളത്തിലെ പല വിശ്വാസങ്ങളും ആചാരങ്ങളും. ഒറ്റമൈനയെ കാണുന്നത് ദു:ഖ ചിഹ്നമായി കാണുന്നവരുണ്ട്. ചെമ്പോത്തിനെ കാണുന്നത് നല്ല ലക്ഷണമാണ്. പണ്ട് ശ്രീകൃഷ്ണനെ തേടി സഹപാഠിയും കൂട്ടുകാരനുമായ കുചേലന്‍ യാത്രതിരിച്ചപ്പോള്‍ വഴിയില്‍ ചെമ്പോത്തിനെ ദര്‍ശിച്ചത് നല്ല ലക്ഷണമായി കണ്ട് സന്തോഷിച്ച കഥ പ്രസിദ്ധമാണല്ലോ അതു പോലെ കാക്ക കൊക്കിച്ചാല്‍ വിരുന്നുകാരെത്തുമെന്ന വിശ്വാസത്തിനും ഇന്ന് മങ്ങലേറ്റിട്ടില്ല. അതുപോലെ പട്ടി ഓരിയിട്ടാല്‍ മരണം സംഭവിക്കുമെന്നും പ്രബലമായ വിശ്വാസമുണ്ട്. കേരളീയ മിത്തില്‍ ഇതു പോലെ പക്ഷി മൃഗാദികളുമായി ബന്ധപ്പെട്ട ഒരു പാട് കഥകളും വിശ്വാസങ്ങളുമുണ്ട്.

ചേറ്റംകുന്നുകാര്‍ക്ക് പറയാനുള്ളത്

ഭയപ്പെടുത്തുന്ന ഒരനുഭവത്തിന്റെ ഓര്‍മ കണ്ണൂര്‍ തലശ്ശേരിയിലെ ചേറ്റംകുന്നുകാര്‍ക്കിപ്പോഴും പങ്ക് വെക്കാനുണ്ട്. ചേറ്റംകുന്നുകാര്‍ എന്ന് പറയുമ്പോള്‍ പള്ളിക്കുന്ന് ബംഗ്ലാവിനടുത്ത 'ഇട്ടാവട്ട'ത്തിലെ ഏതാനും ചില വീട്ടുകാര്‍. ഒരു സന്ധ്യക്ക് ചേറ്റംകുന്നിലെ റവേല്‍ സായ്പിന്റെ പഴയ ബംഗ്ലാവിനരികിലുള്ള അലസി മരത്തിലുരുന്ന് കാലന്‍ കോഴി കൂവി. പരിസര വാസികള്‍ ഭയവിഹ്വലരായി. കാരണം കാലന്‍ കോഴി കൂവിയാല്‍ ആ പ്രദേശത്തെ ആരെങ്കിലും മരണപ്പെടുമെന്ന വിശ്വാസം ആ പ്രദേശത്തെ പലര്‍ക്കുമുണ്ടായിരുന്നു.
മരത്തിന് മുകളില്‍ നിന്നും ആ ഭീകരശബ്ദം ഊളിയിട്ടെത്തി വീടുകളുടെ ജനാലകളിലും മറ്റും തട്ടി പ്രതിധ്വനിച്ചു. അന്ന് മാത്രമല്ല കാലന്‍ കോഴി തൊട്ടടുത്ത ദിവസങ്ങളിലും കൂവി അന്നാട്ടുകാരെ ഭയപ്പെടുത്തി. അത് ശരിവെക്കും വിധത്തിലായിരുന്നു മൂന്നുനാലുദിവസം ചേറ്റംകുന്നുകാരെ തേടിയെത്തിയ വാര്‍ത്തകള്‍. കാലന്‍കോഴി കരഞ്ഞ ആദ്യദിനത്തിന്റെ പിറ്റേനാള്‍ കല്യാണി അമ്മയുടെ മകളുടെ മകന്‍ രാഹുല്‍ ബൈക്ക് ആക്‌സിഡന്റില്‍ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിസിന് പഠിക്കുകയായിരുന്നു രാഹുല്‍. കാലന്റെ സന്ദേശ വാഹകന്‍ നല്‍കിയ രണ്ടാം സൂചനയും അടുത്ത ദിവസം ചേറ്റംകുന്നുകാരെ തളര്‍ത്തി. ആറ് മാസം പ്രായമായകുഞ്ഞ് ശ്വാസ തടസത്തെ തുടര്‍ന്ന് മരിച്ചു. രണ്ട് മരണത്തിന് ശേഷം മൂന്നാം ദുരന്തവും ആ പ്രദേശത്തെ തേടിയെത്തി . മാര്‍ക്കറ്റില്‍ പച്ചക്കായ കച്ചവടക്കാരനായ അലീക്ക ബൈക്കില്‍ നിന്ന് വീണ് മരിച്ചു.
മൂന്നു മരണം ഏല്‍പ്പിച്ച് ആഘാതം ചേറ്റംകുന്നില്‍ കാലന്‍കോഴിയെക്കുറിച്ചുള്ള ചര്‍ച്ചകളെ സജീവമാക്കി. പലരും പല കഥകളും പടച്ചു വിട്ടു. ചിലര്‍ അതിനെ വെടിവെച്ച് കൊല്ലണമെന്ന അഭിപ്രായത്തില്‍ വരെയെത്തി. അതോടെ ഈ പക്ഷിയെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹം ചേറ്റംകുന്നുകാരില്‍ പലര്‍ക്കുമുണ്ടായി.


കാലന്‍കോഴിയെ തേടി... 

മരണത്തെ അറിയിക്കുന്ന പക്ഷിയാണ്് കാലന്‍ കോഴിയെന്നാണ് കേരളീയരില്‍ പലരുടെയും വിശ്വാസമെങ്കിലും അതിനെ നേരില്‍ കണ്ടവര്‍ വിരളം. പ്രധാന കാരണം ഈ പക്ഷി ഒരു രാത്രി സഞ്ചാരിയായതു കൊണ്ട് തന്നെ.
മലയാള മനോരമ ദിനപത്രത്തിന്റെ സാംസ്‌കാരിക സംഘടനയായ ജെയ്ജി പീറ്റര്‍ ഫൗണ്ടേഷന്‍ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ കേരളത്തിലെ ഫ്രീലാന്റ്‌സ് ജേര്‍ണലിസ്റ്റുകള്‍ക്കായി രണ്ട് ദിവസത്തെ ക്യാമ്പ് നടത്തിയിരുന്നു. ഈ ക്യാമ്പില്‍ വെച്ച് പക്ഷികളെക്കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കുകയുണ്ടായി. കാലന്‍ കോഴിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതും രാത്രി കാട്ടില്‍ വെച്ച് സെര്‍ച്ച് ലൈറ്റിന്റെ പ്രകാശത്തില്‍ ഇതിനെ കാണാനായതും ഇവിട വെച്ചാണ്.
കേരളത്തിന്റെ നാട്ടുപഴമകളിലും ഐതീഹ്യങ്ങളിലും കാലന്‍കോഴികളെ ക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ലോകപ്രശസ്ത പക്ഷി നിരീക്ഷകരായ സലീം അലിയുടെയും ഇന്ദുചൂഡന്റയും കൃതികളില്‍ കാലന്‍ കോഴിയെകുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള 14 തരം മൂങ്ങകളില്‍ ഒരു വര്‍ഗമാണ് കാലന്‍ കോഴി. 'മോട്ടില്‍ഡ് വുഡ് ഔള്‍' എന്നാണ് ഇതിന്റെ ആംഗലേയ നാമം. മൂങ്ങകളെ പോലെയാണ് രൂപം, വൃത്താകൃതിയിലുള്ള മുഖം, മൂങ്ങയേക്കാള്‍ വലിയ ശരീരം, വളഞ്ഞ് കൂര്‍ത്ത കൊക്ക്, ആരെയും ഭയപ്പെടുത്തുന്ന പ്രകൃതം. ഇതിന്റെ ഉറക്കെയുള്ള അട്ടഹാസം ആരെയും ഭയപ്പെടുത്തും. പെണ്‍ പക്ഷിയേക്കാള്‍ ആണ്‍ പക്ഷികളുടെ ശബ്ദത്തിനാണ് ഭയാനത കൂടുതല്‍.
കേരളത്തിന്റെ പല ഭഗത്തും ഈ പക്ഷിയെക്കുറിച്ച് കെട്ടുകഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട്. 'കരഞ്ഞ് കൊല്ലുന്നവന്‍' എന്നര്‍ത്ഥത്തില്‍ ഇതിനെ 'കൊല്ലിക്കുരവന്‍' എന്നാണ് ചില സ്ഥലങ്ങളില്‍ വിളിച്ചു പോരുന്നത്. കൂവാപക്ഷിയെന്നും പേരുണ്ട്.
ഉയര്‍ന്ന വൃക്ഷങ്ങളിലാണ് ഇവ കൂട് കൂട്ടി താമസിക്കാറ്. മൂങ്ങയെ പോലെ ഈ പക്ഷിയും രാത്രി സഞ്ചാരിയാണ്. എലി പല്ലി, ഓന്ത് എന്നിവയാണ് ഇതിന്റെ പ്രധാന ഭക്ഷണം. കര്‍ഷകന്റെ മിത്രമാണ് ഈ പക്ഷി. എലികളെ തിന്ന് നശിപ്പിക്കുന്നത് കൊണ്ടാണ് ഈ പക്ഷി കര്‍ഷന്റെ മിത്രമെന്നറിയപ്പെടുന്നത്. എല്ലാ സമുദായത്തിനിടയിലും കാലന്‍ കോഴി കരഞ്ഞാല്‍ ചെയ്തു പോരുന്ന ചില കര്‍മങ്ങള്‍ കാണാം. ഈ പക്ഷിയുടെ കൂവല്‍ കേട്ടാല്‍ അടുപ്പില്‍ തീ ആളികത്തിച്ച് അതില്‍ കല്ലുപ്പ് വാരിയിട്ട്  നിന്റെ അണ്ണാക്ക് പൊട്ടിത്തെറിച്ച് പോട്ടെ എന്ന് പറയുന്ന സമ്പ്രദായം ഉത്തരകേരളത്തില്‍ പലഭാഗത്തും ഇപ്പോഴും പ്രായമായവര്‍ ചെയ്തു വരുന്നുണ്ട്. ഇത് മിക്കവാറും എല്ലാ സമുദായത്തില്‍ പെട്ടവരിലും കാണുന്നു. ചിരവയുടെ കൂര്‍ത്ത ഭാഗം നിലത്ത് അമര്‍ത്തിക്കുത്തി 'നിന്റെ അണ്ണാക്കില്‍ തറച്ചു പോട്ടെ' എന്ന് പയുന്നവരും കുറവല്ല. ഹിന്ദു സമുദായത്തില്‍ പെട്ടവര്‍ രാമായണത്തിലെ സൂക്തങ്ങള്‍ ഉരുവിട്ട് ബാധ അകറ്റുന്നതും കണ്ടുവരുന്നു.
വേലിയേറ്റം സ്വാഭാവികമായും ഉണ്ടാകാറുള്ള സന്ധ്യാ നേരങ്ങളിലാണ് കാലന്‍ കോഴി കൂവാറ്. വേലിയേറ്റം മുലം അന്തരീക്ഷത്തിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ കാരണം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസംതടസം പോലുള്ള അസുഖങ്ങള്‍ ഈ സമയത്ത് അനുഭവപ്പെടുകയും അത്യാഹിതം സംഭവിക്കുകയും ചെയ്യുക പതിവാണ്. ഇതാണ് കാലന്‍ കോഴിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കെട്ടുകഥകള്‍ക്ക് പിന്നിലെ അടിസ്ഥാനവശമെന്ന് പറയപ്പെടുന്നു.
Mottled wood owl (Kalan kozhi ) Article by CPF Vengad

No comments:

Post a Comment