Tuesday, 27 July 2021

വേങ്ങാടിന്റെ ഇതിഹാസം

 

സി പി എഫ് വേങ്ങാട്

ഏതൊരു ദേശത്തിന്റെയും സ്ഥല ചരിത്രം എന്നത് പോലെ തന്നെ വേങ്ങാട് എന്ന നാട്ടുമ്പുറത്തിനും സവിശേമായൊരു ചരിത്രമുണ്ട്. അപരിചിതരെ പോലും തന്നിലേക്കാകർഷിക്കുന്ന പ്രകൃതി സൗന്ദര്യവും നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നാടിന്റെ പുരാവൃത്തവും ഗ്രാമീണതയും ആരെയും വിസ്മയിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. 


അഞ്ചരക്കണ്ടിയിൽ നിന്ന് അല്പം മറി 'വെങ്കാട്' എന്ന സ്ഥലമുണ്ടെന്നും അവിടെ ചരക്ക് തോണികൾക്ക് എളുപ്പം പോയിവരമെന്നും വില്യം ലോഗന്റെ മലബാർ മാന്വലിൽ കാണാം.

 വേങ്ങാടിനെ കുറിച്ചുള്ള ലോഗന്റെ ആദ്യത്തെ പരാമർശവും ഇത് തന്നെ. 'വെങ്കാട്'എന്നാണ് ലോഗന്റെ പരാമർശം. അതിനു പിന്നിൽ ഒരു കാട് ഒളിഞ്ഞിരിപ്പുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് വേങ്ങ മരങ്ങൾ തിങ്ങിനിറഞ്ഞ കാടായിരുന്നത്രെ ഈ പ്രദേശം. അഞ്ചരക്കണ്ടി പുഴ നൽകിയ ഔദാര്യത്തിൽ വേങ്ങ മരങ്ങൾ തിങ്ങി നിറഞ്ഞ ഈ പ്രദേശത്തെ വേങ്ങക്കാട് എന്ന് വിളിച്ചു പൊന്നു. ഈ വേങ്ങക്കാട് ആണ് പിന്നീട് വേങ്ങാട് ആയി മാറിയതെന്നാണ് പ്രബലമായ വിശ്വാസം. ഈ വിശ്വാസത്തെ ബലപ്പെടുത്തുന്ന ചില വസ്തുതകൾ ഇവിടെ ഇപ്പോഴും കാണാം. ഇവിടെ അവശേഷിക്കുന്ന കാട്ടു പ്രദേശത്തു ഇപ്പോഴും വേങ്ങ വൃക്ഷങ്ങൾ യഥേഷ്ടമുണ്ട്.

(വേങ്ങാട് മഹാവിഷ്ണു ക്ഷേത്രം )

എന്നാൽ തിരുവങ്ങാടാണ് വേങ്ങാട് ആയി മാറിയതെന്ന ചിലരുടെ വാദം വസ്തുതകൾക്ക് നിരക്കുന്നതല്ല. തലശ്ശേരിയുടെ ആദ്യകാല നാമമാണ് ശ്വേതാരണ്യപുരി എന്ന തിരുവങ്ങാട്. തിരുവങ്ങാടുമായി വേങ്ങാടിനുള്ള ഐതീഹ്യ ബന്ധം തെരുവിലെ മഹാവിഷ്ണു ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്. ഈ നാടിന്റെ തന്നെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ പുരാവൃത്തം. ക്ഷേത്രം ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തിന് സമീപം നൂറ്റാണ്ടുകൾക്ക് മുമ്പ് കൊട്ടാരത്തിൽ തങ്ങൾ എന്നൊരാൾ താമസിച്ചിരുന്നു. ഇന്ന് വേങ്ങാട് എൽ പി സ്കൂൾ നിലനിൽക്കുന്ന സ്ഥലത്താണ് കൊട്ടാരത്തിൽ ഇല്ലം. അന്ന് കിലോമീറ്റർ അകലെയുള്ള തലശ്ശേരി തിരുവങ്ങാട്ടെ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ ചെന്നായിരുന്നു കൊട്ടാരത്തിൽ തങ്ങളും പരിവാരങ്ങളും തൊഴുതിരുന്നത്. പ്രായം ഏറെ കഴിഞ്ഞപ്പോൾ തങ്ങൾക്ക് തിരുവങ്ങാട് ക്ഷേത്രത്തിലെ ദർശനം സാധിക്കാതെ വന്നു. അങ്ങിനെ ദുഖിതനായി കഴിയുന്ന അവസരത്തിൽ തങ്ങൾക്ക് ഒരു വെളിപാട് ഇണ്ടായി. 'ഇനി ഞാൻ അങ്ങോട്ട് വന്നു തന്നെ കണ്ടോളാം' എന്നായിരുന്നു ആ വെളിപാട്. അങ്ങിനെ തങ്ങൾ തന്നെ അവിടെ ദേവനെ പ്രതിഷ്ഠ നടത്തി പ്രാർത്ഥിച്ചു തുടങ്ങി. വേങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിിന്റെ പ്രാഥമിക രൂപം ഒരു പക്ഷെ ഇതായിരിക്കാം. മുകളിൽ പറഞ്ഞ ഈ ഐതീഹ്യത്തിന്  ആയിരത്തിലേറെ വർഷത്തെ പഴക്കമുണ്ട്.ഇതാണ് വേ വേങ്ങാടും തിരുവങ്ങാടും   തമ്മിലുള്ള ബന്ധം. പേരിലെ സാമ്യത മാത്രമല്ലാതെ വേങ്ങാട് എന്ന പേരുമായി ഈ ഐതീഹ്യത്തിന് ഒരു ബന്ധവുമില്ല.

വേങ്ങാട് ജുമാഅത്തുപള്ളി-

---------------------------------------------

ക്ഷേത്രത്തോളം തന്നെ പഴക്കമുള്ളതാണ് അങ്ങാടിയിലെ ജുമാഅത്തു പള്ളി. മഴയിൽ കുളിച്ചും വെയിലിൽ തോർത്തിയും വേങ്ങാടിന് ഇപ്പോഴും ആത്മീയ ദർശനം നൽകുകയാണ് ഈ ദേവാലയം.

അങ്ങാടിയിലെ പുരാധന പ്രസിദ്ധമായ ചാലിയണ്ടി തറവാട്ടു ക്കാരണവർ വല്യസിൻ എന്നൊരാളാണ് പള്ളിയുടെ സ്ഥാപകൻ.ഇദ്ദേഹം ഇറാനിലെ ഹമദാ ൻ ദേശക്കാരനായിരുന്നു. കോയിലോടാണു ഇദ്ദേഹം ആദ്യം എത്തിയത്. അവിടത്തെ സ്വത്തുവകകൾ വഖഫ് ചെയ്ത ശേഷം അങ്ങാടിയിലേക്ക് താമസം മാറ്റുകയായിരുന്നു.

പള്ളിയുടെ നിർമ്മാണ കാലഘട്ടത്തേക്കുറിച്ച് രേഖകൾ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും വാമൊഴി ചരിത്രവും നിർമ്മാണ രീതിയും ക്കണക്കിലെടുത്തു ഇതിന്റെ പഴക്കം ഗണിക്കാവുന്നതാണ്. ഇപ്പോൾ കാണുന്ന പള്ളി പുതുക്കിപ്പണിതതാണ്. ഈ പള്ളിയുടെ പൂർവ രൂപത്തിന് ഏതാണ്ട് ആയിരത്തോളം വർഷം പഴക്കമുണ്ടെന്നാണ് കരുതിപ്പോരുന്നത്. പള്ളിയുടെ പുനർനിർമ്മാണ വേളയിൽ അറബി ലിഖിതങ്ങൾ കൊത്തിവെച്ച ഒരു മരത്തടി കിട്ടിയിരുന്നെങ്കിലും അത്‌ വായിക്കാനോ അതിൽ കൊതിവെച്ച കാര്യം എന്തെന്ന് മനസ്സിലാക്കാനോ സാധിച്ചിട്ടില്ല.

വേങ്ങാട് പള്ളിയുടെ പ്രാഥമിക രൂപത്തിന് ഇന്നത്തെ പള്ളിയുമായി ഒരു രൂപ സാദൃശ്യവും ഉണ്ടായിരുന്നില്ല. ചെറിയ പള്ളിയായിരുന്നു. തലശ്ശേരിയിൽ കേയി വംശത്തിലെ പ്രധാന കാരണവരായ മൂസക്കാക്ക (കാക്ക എന്നാണ് ഈ വംശ ത്തിലെ ആദ്യത്തെ കാരണവരായ ആലുപ്പിയും മൂസയും അറിയപ്പെട്ടിരുന്നത്.) നിർമ്മിച്ച ഓടത്തിൽ പള്ളിയുടെ രൂപമായിരുന്നു വെന്ന് പറയപ്പെടുന്നു. 70 ശതമാനവും ഇലുപ്പ ( ഇരുപ്പ്,ഉരുപ്പ് ) മരം കൊണ്ടാണ് ഇതിന്റെ നിർമ്മാണം.1000 കല്ലുകൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു.

ഇതിന് മരം ലഭിച്ചതുമായി ബന്ധപെട്ടു ഒരു സംഭവം പറഞ്ഞു കേൾക്കുന്നുണ്ട്. പള്ളി നിർമ്മാണത്തിനുള്ള മരത്തിനായി വല്യസിൻ പല ദിക്കിലും അലഞ്ഞു നടന്നു. ഒരു ഫലവും ഉണ്ടായില്ല. അങ്ങിനെയിരിക്കെ ഒരു ദിവസം അങ്ങാടിപ്പുഴയിൽ വലിയൊരു ഇലുപ്പ മരം ഒഴുകിയെത്തി. പള്ളിപണിയനാവശ്യമായ മരമാണ് ഇവിടെ എത്തിപ്പപ്പെട്ടതെന്ന് മനസ്സിലാക്കിയ വല്യസിൻ ഈ മരം ഉപയോഗപ്പെടുത്തുകയായിരുന്നു.

അന്ന് ഒഴുകിയെത്തിയ മരത്തിന്റെ അവശിഷ്ടങ്ങൾ പുഴയിൽ ഇപ്പോഴും കാണാം. അങ്ങനെ ഇലുപ്പമരം ഒഴുകിയെത്തിയ കാവെന്ന നിലയിലാണ് ഈ സ്ഥലത്തിന് ഇരുപ്പക്കടവ് എന്ന പേർ വന്നത്.

പള്ളി പണിത് 600 വർഷം പിന്നിട്ടപ്പോഴാണ് പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായത്. ഭൂരിഭാഗവും മരം കൊണ്ട് പണിത പള്ളി കാലപ്പഴക്കത്താൽ ദ്രവിച്ചും ജീർണ്ണിച്ചു അപകടാവസ്ഥയിലായ സമയത്താണ് പള്ളി പൊളിക്കണമെന്ന ആവശ്യമുയരുന്നത്. അങ്ങിനെ 1935 -45 കാലത്ത് പള്ളി പുതുക്കിപ്പണിതു. സാധാരണക്കാരായ ജനങ്ങൾക്ക് പളളി പൊളിക്കാൻ ഭയമായത് കൊണ്ട് പാറപ്പുറം ഖാസി പള്ളി പൊളിക്കാനുള്ള അനുവാദം നൽകി. അദ്ദേഹത്തിന്റെ കാർമികത്വത്തിൽ തന്നെ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനവും നടന്നു. അങ്ങനെ ഏതാനും വർഷങ്ങൾ കൊണ്ട് അകംപളളിയും പുറംപള്ളിയും പണിതു. ഇതിന്റെ മേൽകൂര ഓല കൊണ്ടാണ് പണിയുന്നത്. കമാനാകൃതിയിൽ പണിത പ്രവേശനമാർഗ്ഗമുള്ള പുറം.പള്ളിയിലെ വലിയ കട്ടിളയും വാതിലും തേക്ക് തടികൊണ്ട് പണിതതാണ്. ഇതിനാവശ്യമായ തേക്ക് തടി വെട്ടിയെടുത്തത് മീത്തലെ പ ഇള്ളിക്കാട്ടിൽ നിന്നാണ്. വർണ്ണച്ചില്ലുകൾ കൊണ്ട് മോടി പിടിപ്പിച്ചതായിരുന്നു ഇതിന്റെ മുകൾ ഭാഗം. ബെൽജിയംഗ്ലാസുകളാണിവ. താഴത്തെ നിലയുടെ മേൽകൂര ചിരിവള സംബദായത്തിലാണ് പണിതത്. അകം പള്ളിയിലും പുറം പമ്മിയിലുമായി തൂക്കിയിട്ടിരിക്കുന്ന ശരറാന്തലുകൾ വിസ്മയമേകുന്നതായിരുന്നു. വൈദ്യുതി ഇല്ലാതിരുന്ന പണ്ട് കാലത്ത് ഇതിൽ മെഴുക തിരി കത്തിച്ച് വെക്കാറാണ് പതിവ്. കാറ്റിലും അണഞ്ഞ് പോകില്ലെ ണ് മാത്രമല്ല നല്ല പ്രകാശം കിട്ടുമെന്നതും ഈ വിളക്കിന്റെ പ്രത്യേകതയാണ്. ഇക്കുട്ടത്തിൽ ഉണ്ടായിരുന്ന ഹരിത നീല(Peacock Blue ) അപൂർവമാണ്. പള്ളി പുതുക്കിപ്പണിതപ്പോൾ അപൂർവ്വമായ ഈ വിളക്കുകൾ എല്ലാം അപ്രതൃക്ഷമായി.

20 വർഷത്തിന് ശേഷം പള്ളി വീണ്ടും പുതുക്കിപ്പണിതു. ഇക്കാലത്താണ് രണ്ടാമത്തെ ഹാളിന്റെ ഓലമേഞ്ഞ ഭാഗം നല്ല തടികൾ പാകി ഓട്മേയുന്നത്.

പിള്ളിക്ക് ഇബ് ലീസ് മുല എന്ന് വിളിപ്പേരുളള ഒരു ഭാഗമുണ്ട്.അകം പള്ളിയോടു ചേർന്ന് ദൈർഘ്യമേറിയ ചുറ്റുവരാന്തയുണ്ടായിരുന്നു പഴയ പള്ളിക്ക്. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇമാം ഖുത്തുബ നടത്തുമ്പോൾ ഇവിടെ കൂടിയിരിക്കുന്നവർ സംസാരിക്കുന്നത് പലപ്പോഴും പ്രായമുള്ളവരെ ചൊടിപ്പിച്ചിട്ടുണ്ട്. സംസാരം അതിര് വിടുമ്പോൾ ഉസ്താദ്മാരും തലമുതിർന്നവരും ഇടപെട്ട്ഇവരെ ശാന്തരാക്കുക പതിവാണ്. ചിലരെ ചെവിക്ക് പിടിച്ച് സ്ഥലം മാറ്റിയിരുത്തുന്നതും സാധാരണ കാഴ്ചയാണ്. ഖത്തീബ് ഖുർ-ആൻ ഓതുമ്പോൾ പോലും അത് കേട്ടിരിക്കാതെ സാംസാരിക്കുന്ന ഇടമായതിനാലാണ് ഇതിനെ പഴമക്കാർ ഇബ് ലീസ്മുല എന്ന് വിളിച്ചിരുന്നത്.

പള്ളിയുടെ ഹൗളിനും ഒരു പ്രത്യേകതയുണ്ട്. 10 വലിയ കരിങ്കൽ പാളികൾ കൊണ്ടാണ് ഇതിന്റെ നിർമ്മാണം. രണ്ട് പാളികൾ അടിയിലും നാലു പാളികൾ കുത്തനെയും മുകളിൽ നാല് കൽപ്പാളികളും പാകിയാണ് ഹൗളിന്റെ നിർമ്മാണം. കരിങ്കൽ പാളികളാൽ നിർമ്മിതമായതിനാൽ തന്നെ നല്ല തണുത്ത വെള്ളമാണ് ഇതിലുണ്ടായിരുന്നത്. ഹൗളിനെ കരിങ്കല്ലിൽ വെട്ടിയെടുത്ത ഒരു ചാലുമായി ബന്ധിപ്പിച്ചിരുന്നു. ഇതിനെ പാത്തി എന്നാണ് പറഞ്ഞിരുന്നത്. ഇതിന്റെ ഒരറ്റം ഹൗളിനോടും മറ്റേഭാഗം പള്ളിക്ക് പുറത്തെ കിണറിനോടുമാണ് ഘടിപ്പിച്ചിരുന്നത്. കിണറിന്റെ ഭാഗത്തെ അറ്റത്തിന് വൃത്താകൃതിയാണ്. കിണറിൽ നിന്നും വെള്ളം കോരി ഈ കല്ല് ചാലിൽ ഒഴിച്ചാണ് മോട്ടോറുകൾ ഇല്ലാതിരുന്ന പണ്ട് കാലത്ത് ഹൗളിൽ വെള്ളം നിറച്ചിരുന്നത്.

ഈ ഹൗള് ജിന്നുകളുടെ സൃഷ്ടിയായിരുന്നുവെന്ന് വിശ്വസിച്ചിരുന്നവരാണ് വേങ്ങാട്ടെ പഴയ തലമുറ. പള്ളി നവീകരണവുമായി ബന്ധപ്പെട്ട് ഈ പാത്തി എടുത്ത് മാറ്റുകയായിരുന്നു.

അപൂർവ്വ ഖുർആൻഗ്രന്ഥങ്ങൾ ഉൾക്കൊളുന്നതായിരുന്നു പള്ളിയിലെ അലമാര. നല്ല പഴക്കമുള്ളതായിരുന്നു ഇവ. കാലപ്പഴക്കത്താൽ ദ്രവിച്ചും മറ്റും നശിക്കുകയായിരുന്നു. ഇതിൽ തഫ്സീർ, അനഫി മദ്ഹബിലുള്ള ഫിഖ്ഹ്, ശാഫി മദ്ഹബിലുള്ള മീൻഹാജ് എന്നിവ പ്രധാനപ്പെട്ടതാണ്. ശാഫി മദ്ഹബ് കാരുടെ ആധികാരിക ഗ്രന്ഥമാണ് മിൻഹാജ്.


കഴുവേറ്റൽ 

---------------------

വേങ്ങാടിന്റെ ചരിത്രാന്വേഷണത്തിനിടെ ഏറെ ഞെട്ടലോടെ കണ്ടെത്തിയ സംഭവമാണ് കഴുവേറ്റൽ. രണ്ടു പേരെയാണ് ഇവിടെ കഴുവേറ്റിയതെന്നാണ് ലഭ്യമായ രേഖകൾ നൽകുന്ന വിവരം. 

നമ്മുടെ നാട്ടുകാരനും ഈയിടെ അന്തരിച്ച എഴുത്തുകാരനുമായ വേങ്ങാട് മുകുന്ദൻ മാഷുടെ ' വേങ്ങാടിന്റെ പുസ്തകം' എന്ന ഗ്രന്ഥത്തിന് ടി. എം വിജയൻ എഴുതിയ അവതാരികയിൽ ഇക്കാര്യം സൂചിപ്പിക്കുന്നു.

 മോഷണ കുറ്റം ആരോപിച്ചു കോട്ടയം രാജാവിന്റെ നിർദേശ പ്രകാരം വേങ്ങാട്ടുകാരായ രണ്ടുപേരെ ഇവിടെ വെച്ചു കഴുവേറ്റിയെന്നതിനു രേഖകൾ ഉണ്ട്. ഒരു വീട്ടിൽ നിന്ന് മോഷണം നടത്തി എന്നാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. നട്ടാചാരപ്രകാരം നടന്ന വിചാരണയിൽ ഇവർ കുറ്റം ഏറ്റു പറഞ്ഞിരുന്നുവത്രേ. എന്നാൽ വിചാരണ പേരിന് മാത്രമാണെന്നും പറയപ്പെടുന്നു. തുടർന്ന് കുറച്ചു കാലം തടവിൽ പാർപ്പിച്ചതിനു ശേഷമാണു ഇവരെ വധശിക്ഷക്ക് വിധിക്കുന്നത്. 1795 ജൂണിലോ അതിനു മുമ്പോ ആണ് ശിക്ഷ നടപ്പാക്കിയതെന്ന് ലോഗൻ തന്റെ മലബാർ മാന്വലിൽ വിവരിക്കുന്നു.

കഴുവേറ്റുക എന്നു പറഞ്ഞാൽ അതി ക്രൂരമായ ഒരു ശിക്ഷാ രീതിയാണ്. എന്നാൽ പലരും ഇതിനെ തൂക്കിക്കൊല്ലലായി തെറ്റിദ്ധരിച്ചിരിക്കുന്നതായി കാണാം. 

എന്താണ് കഴുവേറ്റൽ എന്നു നോക്കാം.

മുതുകിന്റെ അടിയിൽനിന്നും കഴുത്തറ്റം വരെ മൂർച്ചയുള്ള ഒരു ഇരുമ്പ് കുന്തം കയറ്റി അതിന്റെ താഴത്തെ അറ്റം നിലത്തു ഉറപ്പിച്ചിരിക്കുന്ന തൂണിൽ തറച്ചു ഒരു പീഠത്തിൽ ഇരുത്തുന്ന വധശിക്ഷാ രീതിയാണിത്. പൊതുവായ സ്ഥലത്താണ് ഇത് നടപ്പാക്കുക. കയ്യും കാലും ബന്ധിച്ചതിനാൽ ഒന്ന് പിടയാൻ പോലും കുറ്റവാളികൾക്കാവില്ല. വെയിലോ മഴയോ കൊണ്ട് വേദനയും വിശപ്പും ദാഹവും സഹിച്ചു സാവധാനം മരണപ്പെടുക എന്നതാണ് ഈ രീതിയുടെ സ്വഭാവം. ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലുമെടുക്കും കുറ്റവാളി മരണപ്പെടാൻ. സംസ്കൃതത്തിൽ ' ചിത്രവധമെന്നും' മലയാളത്തിൽ 'ഉഴച്ചു കൊല്ലൽ' എന്നും ഈ ശിക്ഷ രീതി അറിയപ്പെടുന്നു.മൂന്നോളം സംഭവങ്ങളിലായി പഴശ്ശിയുടെ പടയാളികൾ വേങ്ങാട് നാലുപേരുടെ വധ ശിക്ഷ നടപ്പാക്കി എന്നാണ് എന്റെ ബലമായ സംശയം.


തീവെപ്പ്..!

------------------

അഞ്ചരക്കണ്ടി പുഴയുടെ ഓരം ചേർന്ന് നിലകൊള്ളുന്ന ഒരു പ്രദേശമാണ് വേങ്ങാട് എന്ന് മുൻപ് എഴുതിയ പല കുറിപ്പുകളിലും ഞാൻ സൂചിപ്പിച്ചുവല്ലോ. പുഴയുടെ സാമീപ്യം വേങ്ങാടിനെ കുറച്ചൊന്നുമല്ല പ്രശസ്തമാക്കിയത്. ഗുണമേന്മയുള്ള ഒന്നാന്തരം കുരുമുളക് ഇവിടെ ധാരാളമായി വിളഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കോട്ടയം രാജാവിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു എന്നും ഈ പ്രദേശം. വേങ്ങാട് അങ്ങാടിയിൽ കോട്ടയം രാജാവിന്റെ സൈന്യം രണ്ടു പേരെ കഴുവേറ്റിയ സംഭവം കഴിഞ്ഞ പോസ്റ്റിൽ വിവരിച്ചുവല്ലോ? ആ നടപടിയും ഈ ഒരു നിരീക്ഷണത്തിന്റെ ഭാഗമായിട്ടാണെന്ന് വേണം കരുതാൻ. അങ്ങാടിയിൽ ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക് ഒരു പാണ്ടികശാല (ചരക്ക് ഗോഡൗൺ )ഉണ്ടായിരുന്നുവെന്ന് ലോഗൻ 'മലബാർ മാന്വലി'ൽ സൂചിപ്പിക്കുന്നു. ഇതിന് അവർ കാവലും ഏർപ്പെടുത്തി. ബ്രിട്ടീഷ്കാർക്കെതിരെയുള്ള സൈനിക നീക്കത്തിന്റെ ഭാഗമായി അങ്ങാടിയിലെ പാണ്ടികശാലയും അഞ്ചരക്കണ്ടി കറപ്പ തോട്ടവും ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുക കോട്ടയം രാജാവിന്റെ ഒരു രീതിയാണ്.

അക്കാലത്തു നൂറുദ്ധീൻ ശൈഖ് എന്നുപേരായ ഒരു പണ്ഡിതൻ വേങ്ങാട് അങ്ങാടിയിൽ ജീവിച്ചിരുന്നു. ഇറാനിലെ ഹമദാൻ ദേശക്കാരായിരുന്നു ഇദ്ദേഹത്തിന്റെ പൂർവികർ. കോലത്തിരി രാജാവിന്റെ സ്നേഹവും പരിലാളനയും ലഭിച്ചിരുന്നവരാണ് അദ്ദേഹത്തിന്റെ കുടുംബം. ഒരിക്കൽ നൂറുദ്ധീൻ ശൈഖ്‌ കോട്ടയം രാജാവുമായി ഒരു പ്രാദേശിക പ്രശ്നത്തിന്റെ പേരിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഈ പ്രശ്നം വലിയ തർക്കത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങിയപ്പോൾ അദ്ദേഹത്തോട് കീഴടങ്ങാൻ കോട്ടയം രാജാവ് ആവശ്യപ്പെട്ടു. അതിനു ശൈഖ്‌ തയാറാവാതെ വന്നപ്പോൾ അദ്ദേഹത്തെ ജീവനോടെ പിടികൂടി കൊണ്ടുവരാൻ രാജാവ് തന്റെ സൈന്യാധിപനായ മായൻ മൂപ്പനോട് ആവശ്യപ്പെട്ടു. മോശമല്ലാത്ത ഒരു സൈന്യവുമായി മായൻ മൂപ്പൻ അങ്ങാടിയിലെത്തി. അപ്പോഴേക്കും നൂറുദ്ധീൻ ശൈഖ്‌ കോലത്തിരി രാജാവിൽ അഭയം തേടിയിരുന്നു.

ഇതിൽ കുപിതനായ കോട്ടയം സൈന്യാധിപൻ അങ്ങാടിയിലും പരിസരങ്ങളിലുമുള്ള ആറോളം പള്ളികൾ തീവെച്ചു നശിപ്പിച്ചു. വട്ടക്കണ്ടി പള്ളി, പിലാത്തോട്ടം പള്ളി, തായലെ പള്ളി ( പടുവിലായി ) മീത്തലെ പള്ളി, അങ്ങാടി പള്ളി, (ഇന്നത്തെ പള്ളി അല്ല )നുച്ചിയിൽ പുഴക്കരയിൽ ഉണ്ടായിരുന്ന ആലിക്ക പള്ളി എന്നീ ദേവാലയങ്ങളാണ് തീവെച്ചും ആനകളെ കൊണ്ട് ചവിട്ടി ഇടിച്ചും തകർത്തത്. മീത്തലെ പള്ളിക്കാട്ടിൽ തകർന്ന പള്ളിയുടെ ചുമരും തറയും ഇപ്പോഴും കാണാം. മുമ്പ് ഇവിടെ ഖബറിന് കുഴിയെടുക്കുമ്പോൾ ആന ചങ്ങലയുടെയും കുന്തങ്ങളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. വട്ടക്കണ്ടിയിലും തകർന്ന പള്ളിയുടെ ഭാഗങ്ങളുണ്ട്. നുച്ചിയിൽ ആലിക്ക പള്ളിയുടെ അവശിഷ്ടം ഈ അടുത്ത കാലം വരെ ഉണ്ടായിരുന്നതായി അങ്ങാടിയിലെ പഴയ തലമുറ ഇപ്പോഴും സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല ഈ പള്ളികളുടെ ഓർമ്മക്കായി റംസാൻ കാലത്ത് ഇശാ നിസ്കാരത്തിനായി ഏഴു ബാങ്കുകൾ വിളിക്കുന്ന അത്യപൂർവ ആചാരവും അങ്ങാടി പള്ളിയിൽ നടത്തി വരാറുണ്ട്. തകർക്കപ്പെട്ട ആറു പള്ളികളുടെയും വേങ്ങാട് അങ്ങാടി പള്ളിയുടെ ഒരു ബാങ്കും ചേർത്താണ് ഈ ഏഴു ബാങ്ക്. നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരത്തിനു ഇപ്പോഴും മുടക്കം വരുത്തിയിട്ടില്ല.

പ്രകൃതി കനിഞ്ഞുനുഗ്രഹിച്ച ഒരു ഗ്രാമം എന്ന് വിശേഷിപ്പിക്കാതെ വേങ്ങാടിന്റെ ചരിത്രം പൂർത്തിയാവില്ല. പുഴയും തോടും പൂക്കളും പക്ഷികളും വിശാലമായ നെൽവയലുകളും ഈ നാടിന് നൽകുന്ന ഗ്രാമീണ സൗന്ദര്യം ചെറുതല്ല. 

 അങ്ങാടിയിൽ നിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്റർ അകലെ ചന്തികുത്തിപ്പാറ( ചന്തിച്ചി പാറ ), കല്ലൂമ പാറ എന്നീ പേരുകളിൽ അറിയപ്പെടുന്ന കൂറ്റൻ പാറകളുണ്ട്. നിതംബംത്തിന്റെ ആകൃതിയായിരുന്നു ആദ്യത്തെ ഭീമാകാരൻ പാറയുടെ രൂപം. കല്ലൂമ പാറ, കല്ലുമ്മൽ പാറ എന്നിങ്ങനെ അറിയപ്പെടുന്ന രണ്ടാമത്തെ പാറ കുത്തനെ ഉയർന്ന പറയാണ്.

 വേങ്ങാട്കാരിൽ പലരുംഇതിനെ പറ്റി അറിയില്ലെങ്കിലും വിദേശത്ത് പോലും കേൾവികേട്ടതാണ് ഈ പാറകൾ. ഈ പറയെക്കുറിച്ച് വിദേശങ്ങളിൽ നിന്നും ജിയോളജിസ്റ്റുകൾ എന്റെ കുട്ടിക്കാലത്തു എത്തിയതായി ഇപ്പോഴും ഓർക്കുന്നു. ചന്തികുത്തിപ്പാറയിൽ ലിഖിതങ്ങൾ കൊത്തിവെച്ചതായി ഇവിടത്തേ പഴയ തലമുറ ഇപ്പോഴും ഓർക്കുന്നു. അത്‌ നേരിൽ കണ്ടവരും ഇപ്പോൾ ഉണ്ട്. ഈ ലേഖകൻ ഈ ലിഖിതങ്ങൾ കണ്ടെത്താനായി മണിക്കൂറുകൾ തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫാഗമാവുകയായിരുന്നു. പുതിയ നിർമ്മാണ പ്രവർത്തനങ്ങളും മണ്ണ് നികന്നും ലിഖിതങ്ങൾ അപ്രത്യക്ഷമായതാവാം. ഏതായാലും അറബി ലിഖിതങ്ങളായിരുന്നുവെന്നാണ് പണ്ട് കണ്ടവരുടെ സാക്ഷ്യപ്പെടുത്താൽ.


-------------------------------------======

സഹായക ഗ്രന്ഥങ്ങൾ 

1. A Voyage to the East Indies, Paulinus St. Bartolomeo

2.Malabar Manual- William Logan

3. കേരള ചരിത്ര പഠനങ്ങൾ, വേലായുധൻ പണിക്കശ്ശേരി.

---------------------------------------------------------

No comments:

Post a Comment