Tuesday, 27 July 2021

വേങ്ങാടിന്റെ ഇതിഹാസം

 

സി പി എഫ് വേങ്ങാട്

ഏതൊരു ദേശത്തിന്റെയും സ്ഥല ചരിത്രം എന്നത് പോലെ തന്നെ വേങ്ങാട് എന്ന നാട്ടുമ്പുറത്തിനും സവിശേമായൊരു ചരിത്രമുണ്ട്. അപരിചിതരെ പോലും തന്നിലേക്കാകർഷിക്കുന്ന പ്രകൃതി സൗന്ദര്യവും നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നാടിന്റെ പുരാവൃത്തവും ഗ്രാമീണതയും ആരെയും വിസ്മയിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. 


അഞ്ചരക്കണ്ടിയിൽ നിന്ന് അല്പം മറി 'വെങ്കാട്' എന്ന സ്ഥലമുണ്ടെന്നും അവിടെ ചരക്ക് തോണികൾക്ക് എളുപ്പം പോയിവരമെന്നും വില്യം ലോഗന്റെ മലബാർ മാന്വലിൽ കാണാം.

 വേങ്ങാടിനെ കുറിച്ചുള്ള ലോഗന്റെ ആദ്യത്തെ പരാമർശവും ഇത് തന്നെ. 'വെങ്കാട്'എന്നാണ് ലോഗന്റെ പരാമർശം. അതിനു പിന്നിൽ ഒരു കാട് ഒളിഞ്ഞിരിപ്പുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് വേങ്ങ മരങ്ങൾ തിങ്ങിനിറഞ്ഞ കാടായിരുന്നത്രെ ഈ പ്രദേശം. അഞ്ചരക്കണ്ടി പുഴ നൽകിയ ഔദാര്യത്തിൽ വേങ്ങ മരങ്ങൾ തിങ്ങി നിറഞ്ഞ ഈ പ്രദേശത്തെ വേങ്ങക്കാട് എന്ന് വിളിച്ചു പൊന്നു. ഈ വേങ്ങക്കാട് ആണ് പിന്നീട് വേങ്ങാട് ആയി മാറിയതെന്നാണ് പ്രബലമായ വിശ്വാസം. ഈ വിശ്വാസത്തെ ബലപ്പെടുത്തുന്ന ചില വസ്തുതകൾ ഇവിടെ ഇപ്പോഴും കാണാം. ഇവിടെ അവശേഷിക്കുന്ന കാട്ടു പ്രദേശത്തു ഇപ്പോഴും വേങ്ങ വൃക്ഷങ്ങൾ യഥേഷ്ടമുണ്ട്.

(വേങ്ങാട് മഹാവിഷ്ണു ക്ഷേത്രം )

എന്നാൽ തിരുവങ്ങാടാണ് വേങ്ങാട് ആയി മാറിയതെന്ന ചിലരുടെ വാദം വസ്തുതകൾക്ക് നിരക്കുന്നതല്ല. തലശ്ശേരിയുടെ ആദ്യകാല നാമമാണ് ശ്വേതാരണ്യപുരി എന്ന തിരുവങ്ങാട്. തിരുവങ്ങാടുമായി വേങ്ങാടിനുള്ള ഐതീഹ്യ ബന്ധം തെരുവിലെ മഹാവിഷ്ണു ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്. ഈ നാടിന്റെ തന്നെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ പുരാവൃത്തം. ക്ഷേത്രം ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തിന് സമീപം നൂറ്റാണ്ടുകൾക്ക് മുമ്പ് കൊട്ടാരത്തിൽ തങ്ങൾ എന്നൊരാൾ താമസിച്ചിരുന്നു. ഇന്ന് വേങ്ങാട് എൽ പി സ്കൂൾ നിലനിൽക്കുന്ന സ്ഥലത്താണ് കൊട്ടാരത്തിൽ ഇല്ലം. അന്ന് കിലോമീറ്റർ അകലെയുള്ള തലശ്ശേരി തിരുവങ്ങാട്ടെ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ ചെന്നായിരുന്നു കൊട്ടാരത്തിൽ തങ്ങളും പരിവാരങ്ങളും തൊഴുതിരുന്നത്. പ്രായം ഏറെ കഴിഞ്ഞപ്പോൾ തങ്ങൾക്ക് തിരുവങ്ങാട് ക്ഷേത്രത്തിലെ ദർശനം സാധിക്കാതെ വന്നു. അങ്ങിനെ ദുഖിതനായി കഴിയുന്ന അവസരത്തിൽ തങ്ങൾക്ക് ഒരു വെളിപാട് ഇണ്ടായി. 'ഇനി ഞാൻ അങ്ങോട്ട് വന്നു തന്നെ കണ്ടോളാം' എന്നായിരുന്നു ആ വെളിപാട്. അങ്ങിനെ തങ്ങൾ തന്നെ അവിടെ ദേവനെ പ്രതിഷ്ഠ നടത്തി പ്രാർത്ഥിച്ചു തുടങ്ങി. വേങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിിന്റെ പ്രാഥമിക രൂപം ഒരു പക്ഷെ ഇതായിരിക്കാം. മുകളിൽ പറഞ്ഞ ഈ ഐതീഹ്യത്തിന്  ആയിരത്തിലേറെ വർഷത്തെ പഴക്കമുണ്ട്.ഇതാണ് വേ വേങ്ങാടും തിരുവങ്ങാടും   തമ്മിലുള്ള ബന്ധം. പേരിലെ സാമ്യത മാത്രമല്ലാതെ വേങ്ങാട് എന്ന പേരുമായി ഈ ഐതീഹ്യത്തിന് ഒരു ബന്ധവുമില്ല.

വേങ്ങാട് ജുമാഅത്തുപള്ളി-

---------------------------------------------

ക്ഷേത്രത്തോളം തന്നെ പഴക്കമുള്ളതാണ് അങ്ങാടിയിലെ ജുമാഅത്തു പള്ളി. മഴയിൽ കുളിച്ചും വെയിലിൽ തോർത്തിയും വേങ്ങാടിന് ഇപ്പോഴും ആത്മീയ ദർശനം നൽകുകയാണ് ഈ ദേവാലയം.

അങ്ങാടിയിലെ പുരാധന പ്രസിദ്ധമായ ചാലിയണ്ടി തറവാട്ടു ക്കാരണവർ വല്യസിൻ എന്നൊരാളാണ് പള്ളിയുടെ സ്ഥാപകൻ.ഇദ്ദേഹം ഇറാനിലെ ഹമദാ ൻ ദേശക്കാരനായിരുന്നു. കോയിലോടാണു ഇദ്ദേഹം ആദ്യം എത്തിയത്. അവിടത്തെ സ്വത്തുവകകൾ വഖഫ് ചെയ്ത ശേഷം അങ്ങാടിയിലേക്ക് താമസം മാറ്റുകയായിരുന്നു.

പള്ളിയുടെ നിർമ്മാണ കാലഘട്ടത്തേക്കുറിച്ച് രേഖകൾ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും വാമൊഴി ചരിത്രവും നിർമ്മാണ രീതിയും ക്കണക്കിലെടുത്തു ഇതിന്റെ പഴക്കം ഗണിക്കാവുന്നതാണ്. ഇപ്പോൾ കാണുന്ന പള്ളി പുതുക്കിപ്പണിതതാണ്. ഈ പള്ളിയുടെ പൂർവ രൂപത്തിന് ഏതാണ്ട് ആയിരത്തോളം വർഷം പഴക്കമുണ്ടെന്നാണ് കരുതിപ്പോരുന്നത്. പള്ളിയുടെ പുനർനിർമ്മാണ വേളയിൽ അറബി ലിഖിതങ്ങൾ കൊത്തിവെച്ച ഒരു മരത്തടി കിട്ടിയിരുന്നെങ്കിലും അത്‌ വായിക്കാനോ അതിൽ കൊതിവെച്ച കാര്യം എന്തെന്ന് മനസ്സിലാക്കാനോ സാധിച്ചിട്ടില്ല.

വേങ്ങാട് പള്ളിയുടെ പ്രാഥമിക രൂപത്തിന് ഇന്നത്തെ പള്ളിയുമായി ഒരു രൂപ സാദൃശ്യവും ഉണ്ടായിരുന്നില്ല. ചെറിയ പള്ളിയായിരുന്നു. തലശ്ശേരിയിൽ കേയി വംശത്തിലെ പ്രധാന കാരണവരായ മൂസക്കാക്ക (കാക്ക എന്നാണ് ഈ വംശ ത്തിലെ ആദ്യത്തെ കാരണവരായ ആലുപ്പിയും മൂസയും അറിയപ്പെട്ടിരുന്നത്.) നിർമ്മിച്ച ഓടത്തിൽ പള്ളിയുടെ രൂപമായിരുന്നു വെന്ന് പറയപ്പെടുന്നു. 70 ശതമാനവും ഇലുപ്പ ( ഇരുപ്പ്,ഉരുപ്പ് ) മരം കൊണ്ടാണ് ഇതിന്റെ നിർമ്മാണം.1000 കല്ലുകൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു.

ഇതിന് മരം ലഭിച്ചതുമായി ബന്ധപെട്ടു ഒരു സംഭവം പറഞ്ഞു കേൾക്കുന്നുണ്ട്. പള്ളി നിർമ്മാണത്തിനുള്ള മരത്തിനായി വല്യസിൻ പല ദിക്കിലും അലഞ്ഞു നടന്നു. ഒരു ഫലവും ഉണ്ടായില്ല. അങ്ങിനെയിരിക്കെ ഒരു ദിവസം അങ്ങാടിപ്പുഴയിൽ വലിയൊരു ഇലുപ്പ മരം ഒഴുകിയെത്തി. പള്ളിപണിയനാവശ്യമായ മരമാണ് ഇവിടെ എത്തിപ്പപ്പെട്ടതെന്ന് മനസ്സിലാക്കിയ വല്യസിൻ ഈ മരം ഉപയോഗപ്പെടുത്തുകയായിരുന്നു.

അന്ന് ഒഴുകിയെത്തിയ മരത്തിന്റെ അവശിഷ്ടങ്ങൾ പുഴയിൽ ഇപ്പോഴും കാണാം. അങ്ങനെ ഇലുപ്പമരം ഒഴുകിയെത്തിയ കാവെന്ന നിലയിലാണ് ഈ സ്ഥലത്തിന് ഇരുപ്പക്കടവ് എന്ന പേർ വന്നത്.

പള്ളി പണിത് 600 വർഷം പിന്നിട്ടപ്പോഴാണ് പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായത്. ഭൂരിഭാഗവും മരം കൊണ്ട് പണിത പള്ളി കാലപ്പഴക്കത്താൽ ദ്രവിച്ചും ജീർണ്ണിച്ചു അപകടാവസ്ഥയിലായ സമയത്താണ് പള്ളി പൊളിക്കണമെന്ന ആവശ്യമുയരുന്നത്. അങ്ങിനെ 1935 -45 കാലത്ത് പള്ളി പുതുക്കിപ്പണിതു. സാധാരണക്കാരായ ജനങ്ങൾക്ക് പളളി പൊളിക്കാൻ ഭയമായത് കൊണ്ട് പാറപ്പുറം ഖാസി പള്ളി പൊളിക്കാനുള്ള അനുവാദം നൽകി. അദ്ദേഹത്തിന്റെ കാർമികത്വത്തിൽ തന്നെ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനവും നടന്നു. അങ്ങനെ ഏതാനും വർഷങ്ങൾ കൊണ്ട് അകംപളളിയും പുറംപള്ളിയും പണിതു. ഇതിന്റെ മേൽകൂര ഓല കൊണ്ടാണ് പണിയുന്നത്. കമാനാകൃതിയിൽ പണിത പ്രവേശനമാർഗ്ഗമുള്ള പുറം.പള്ളിയിലെ വലിയ കട്ടിളയും വാതിലും തേക്ക് തടികൊണ്ട് പണിതതാണ്. ഇതിനാവശ്യമായ തേക്ക് തടി വെട്ടിയെടുത്തത് മീത്തലെ പ ഇള്ളിക്കാട്ടിൽ നിന്നാണ്. വർണ്ണച്ചില്ലുകൾ കൊണ്ട് മോടി പിടിപ്പിച്ചതായിരുന്നു ഇതിന്റെ മുകൾ ഭാഗം. ബെൽജിയംഗ്ലാസുകളാണിവ. താഴത്തെ നിലയുടെ മേൽകൂര ചിരിവള സംബദായത്തിലാണ് പണിതത്. അകം പള്ളിയിലും പുറം പമ്മിയിലുമായി തൂക്കിയിട്ടിരിക്കുന്ന ശരറാന്തലുകൾ വിസ്മയമേകുന്നതായിരുന്നു. വൈദ്യുതി ഇല്ലാതിരുന്ന പണ്ട് കാലത്ത് ഇതിൽ മെഴുക തിരി കത്തിച്ച് വെക്കാറാണ് പതിവ്. കാറ്റിലും അണഞ്ഞ് പോകില്ലെ ണ് മാത്രമല്ല നല്ല പ്രകാശം കിട്ടുമെന്നതും ഈ വിളക്കിന്റെ പ്രത്യേകതയാണ്. ഇക്കുട്ടത്തിൽ ഉണ്ടായിരുന്ന ഹരിത നീല(Peacock Blue ) അപൂർവമാണ്. പള്ളി പുതുക്കിപ്പണിതപ്പോൾ അപൂർവ്വമായ ഈ വിളക്കുകൾ എല്ലാം അപ്രതൃക്ഷമായി.

20 വർഷത്തിന് ശേഷം പള്ളി വീണ്ടും പുതുക്കിപ്പണിതു. ഇക്കാലത്താണ് രണ്ടാമത്തെ ഹാളിന്റെ ഓലമേഞ്ഞ ഭാഗം നല്ല തടികൾ പാകി ഓട്മേയുന്നത്.

പിള്ളിക്ക് ഇബ് ലീസ് മുല എന്ന് വിളിപ്പേരുളള ഒരു ഭാഗമുണ്ട്.അകം പള്ളിയോടു ചേർന്ന് ദൈർഘ്യമേറിയ ചുറ്റുവരാന്തയുണ്ടായിരുന്നു പഴയ പള്ളിക്ക്. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇമാം ഖുത്തുബ നടത്തുമ്പോൾ ഇവിടെ കൂടിയിരിക്കുന്നവർ സംസാരിക്കുന്നത് പലപ്പോഴും പ്രായമുള്ളവരെ ചൊടിപ്പിച്ചിട്ടുണ്ട്. സംസാരം അതിര് വിടുമ്പോൾ ഉസ്താദ്മാരും തലമുതിർന്നവരും ഇടപെട്ട്ഇവരെ ശാന്തരാക്കുക പതിവാണ്. ചിലരെ ചെവിക്ക് പിടിച്ച് സ്ഥലം മാറ്റിയിരുത്തുന്നതും സാധാരണ കാഴ്ചയാണ്. ഖത്തീബ് ഖുർ-ആൻ ഓതുമ്പോൾ പോലും അത് കേട്ടിരിക്കാതെ സാംസാരിക്കുന്ന ഇടമായതിനാലാണ് ഇതിനെ പഴമക്കാർ ഇബ് ലീസ്മുല എന്ന് വിളിച്ചിരുന്നത്.

പള്ളിയുടെ ഹൗളിനും ഒരു പ്രത്യേകതയുണ്ട്. 10 വലിയ കരിങ്കൽ പാളികൾ കൊണ്ടാണ് ഇതിന്റെ നിർമ്മാണം. രണ്ട് പാളികൾ അടിയിലും നാലു പാളികൾ കുത്തനെയും മുകളിൽ നാല് കൽപ്പാളികളും പാകിയാണ് ഹൗളിന്റെ നിർമ്മാണം. കരിങ്കൽ പാളികളാൽ നിർമ്മിതമായതിനാൽ തന്നെ നല്ല തണുത്ത വെള്ളമാണ് ഇതിലുണ്ടായിരുന്നത്. ഹൗളിനെ കരിങ്കല്ലിൽ വെട്ടിയെടുത്ത ഒരു ചാലുമായി ബന്ധിപ്പിച്ചിരുന്നു. ഇതിനെ പാത്തി എന്നാണ് പറഞ്ഞിരുന്നത്. ഇതിന്റെ ഒരറ്റം ഹൗളിനോടും മറ്റേഭാഗം പള്ളിക്ക് പുറത്തെ കിണറിനോടുമാണ് ഘടിപ്പിച്ചിരുന്നത്. കിണറിന്റെ ഭാഗത്തെ അറ്റത്തിന് വൃത്താകൃതിയാണ്. കിണറിൽ നിന്നും വെള്ളം കോരി ഈ കല്ല് ചാലിൽ ഒഴിച്ചാണ് മോട്ടോറുകൾ ഇല്ലാതിരുന്ന പണ്ട് കാലത്ത് ഹൗളിൽ വെള്ളം നിറച്ചിരുന്നത്.

ഈ ഹൗള് ജിന്നുകളുടെ സൃഷ്ടിയായിരുന്നുവെന്ന് വിശ്വസിച്ചിരുന്നവരാണ് വേങ്ങാട്ടെ പഴയ തലമുറ. പള്ളി നവീകരണവുമായി ബന്ധപ്പെട്ട് ഈ പാത്തി എടുത്ത് മാറ്റുകയായിരുന്നു.

അപൂർവ്വ ഖുർആൻഗ്രന്ഥങ്ങൾ ഉൾക്കൊളുന്നതായിരുന്നു പള്ളിയിലെ അലമാര. നല്ല പഴക്കമുള്ളതായിരുന്നു ഇവ. കാലപ്പഴക്കത്താൽ ദ്രവിച്ചും മറ്റും നശിക്കുകയായിരുന്നു. ഇതിൽ തഫ്സീർ, അനഫി മദ്ഹബിലുള്ള ഫിഖ്ഹ്, ശാഫി മദ്ഹബിലുള്ള മീൻഹാജ് എന്നിവ പ്രധാനപ്പെട്ടതാണ്. ശാഫി മദ്ഹബ് കാരുടെ ആധികാരിക ഗ്രന്ഥമാണ് മിൻഹാജ്.


കഴുവേറ്റൽ 

---------------------

വേങ്ങാടിന്റെ ചരിത്രാന്വേഷണത്തിനിടെ ഏറെ ഞെട്ടലോടെ കണ്ടെത്തിയ സംഭവമാണ് കഴുവേറ്റൽ. രണ്ടു പേരെയാണ് ഇവിടെ കഴുവേറ്റിയതെന്നാണ് ലഭ്യമായ രേഖകൾ നൽകുന്ന വിവരം. 

നമ്മുടെ നാട്ടുകാരനും ഈയിടെ അന്തരിച്ച എഴുത്തുകാരനുമായ വേങ്ങാട് മുകുന്ദൻ മാഷുടെ ' വേങ്ങാടിന്റെ പുസ്തകം' എന്ന ഗ്രന്ഥത്തിന് ടി. എം വിജയൻ എഴുതിയ അവതാരികയിൽ ഇക്കാര്യം സൂചിപ്പിക്കുന്നു.

 മോഷണ കുറ്റം ആരോപിച്ചു കോട്ടയം രാജാവിന്റെ നിർദേശ പ്രകാരം വേങ്ങാട്ടുകാരായ രണ്ടുപേരെ ഇവിടെ വെച്ചു കഴുവേറ്റിയെന്നതിനു രേഖകൾ ഉണ്ട്. ഒരു വീട്ടിൽ നിന്ന് മോഷണം നടത്തി എന്നാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. നട്ടാചാരപ്രകാരം നടന്ന വിചാരണയിൽ ഇവർ കുറ്റം ഏറ്റു പറഞ്ഞിരുന്നുവത്രേ. എന്നാൽ വിചാരണ പേരിന് മാത്രമാണെന്നും പറയപ്പെടുന്നു. തുടർന്ന് കുറച്ചു കാലം തടവിൽ പാർപ്പിച്ചതിനു ശേഷമാണു ഇവരെ വധശിക്ഷക്ക് വിധിക്കുന്നത്. 1795 ജൂണിലോ അതിനു മുമ്പോ ആണ് ശിക്ഷ നടപ്പാക്കിയതെന്ന് ലോഗൻ തന്റെ മലബാർ മാന്വലിൽ വിവരിക്കുന്നു.

കഴുവേറ്റുക എന്നു പറഞ്ഞാൽ അതി ക്രൂരമായ ഒരു ശിക്ഷാ രീതിയാണ്. എന്നാൽ പലരും ഇതിനെ തൂക്കിക്കൊല്ലലായി തെറ്റിദ്ധരിച്ചിരിക്കുന്നതായി കാണാം. 

എന്താണ് കഴുവേറ്റൽ എന്നു നോക്കാം.

മുതുകിന്റെ അടിയിൽനിന്നും കഴുത്തറ്റം വരെ മൂർച്ചയുള്ള ഒരു ഇരുമ്പ് കുന്തം കയറ്റി അതിന്റെ താഴത്തെ അറ്റം നിലത്തു ഉറപ്പിച്ചിരിക്കുന്ന തൂണിൽ തറച്ചു ഒരു പീഠത്തിൽ ഇരുത്തുന്ന വധശിക്ഷാ രീതിയാണിത്. പൊതുവായ സ്ഥലത്താണ് ഇത് നടപ്പാക്കുക. കയ്യും കാലും ബന്ധിച്ചതിനാൽ ഒന്ന് പിടയാൻ പോലും കുറ്റവാളികൾക്കാവില്ല. വെയിലോ മഴയോ കൊണ്ട് വേദനയും വിശപ്പും ദാഹവും സഹിച്ചു സാവധാനം മരണപ്പെടുക എന്നതാണ് ഈ രീതിയുടെ സ്വഭാവം. ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലുമെടുക്കും കുറ്റവാളി മരണപ്പെടാൻ. സംസ്കൃതത്തിൽ ' ചിത്രവധമെന്നും' മലയാളത്തിൽ 'ഉഴച്ചു കൊല്ലൽ' എന്നും ഈ ശിക്ഷ രീതി അറിയപ്പെടുന്നു.മൂന്നോളം സംഭവങ്ങളിലായി പഴശ്ശിയുടെ പടയാളികൾ വേങ്ങാട് നാലുപേരുടെ വധ ശിക്ഷ നടപ്പാക്കി എന്നാണ് എന്റെ ബലമായ സംശയം.


തീവെപ്പ്..!

------------------

അഞ്ചരക്കണ്ടി പുഴയുടെ ഓരം ചേർന്ന് നിലകൊള്ളുന്ന ഒരു പ്രദേശമാണ് വേങ്ങാട് എന്ന് മുൻപ് എഴുതിയ പല കുറിപ്പുകളിലും ഞാൻ സൂചിപ്പിച്ചുവല്ലോ. പുഴയുടെ സാമീപ്യം വേങ്ങാടിനെ കുറച്ചൊന്നുമല്ല പ്രശസ്തമാക്കിയത്. ഗുണമേന്മയുള്ള ഒന്നാന്തരം കുരുമുളക് ഇവിടെ ധാരാളമായി വിളഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കോട്ടയം രാജാവിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു എന്നും ഈ പ്രദേശം. വേങ്ങാട് അങ്ങാടിയിൽ കോട്ടയം രാജാവിന്റെ സൈന്യം രണ്ടു പേരെ കഴുവേറ്റിയ സംഭവം കഴിഞ്ഞ പോസ്റ്റിൽ വിവരിച്ചുവല്ലോ? ആ നടപടിയും ഈ ഒരു നിരീക്ഷണത്തിന്റെ ഭാഗമായിട്ടാണെന്ന് വേണം കരുതാൻ. അങ്ങാടിയിൽ ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക് ഒരു പാണ്ടികശാല (ചരക്ക് ഗോഡൗൺ )ഉണ്ടായിരുന്നുവെന്ന് ലോഗൻ 'മലബാർ മാന്വലി'ൽ സൂചിപ്പിക്കുന്നു. ഇതിന് അവർ കാവലും ഏർപ്പെടുത്തി. ബ്രിട്ടീഷ്കാർക്കെതിരെയുള്ള സൈനിക നീക്കത്തിന്റെ ഭാഗമായി അങ്ങാടിയിലെ പാണ്ടികശാലയും അഞ്ചരക്കണ്ടി കറപ്പ തോട്ടവും ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുക കോട്ടയം രാജാവിന്റെ ഒരു രീതിയാണ്.

അക്കാലത്തു നൂറുദ്ധീൻ ശൈഖ് എന്നുപേരായ ഒരു പണ്ഡിതൻ വേങ്ങാട് അങ്ങാടിയിൽ ജീവിച്ചിരുന്നു. ഇറാനിലെ ഹമദാൻ ദേശക്കാരായിരുന്നു ഇദ്ദേഹത്തിന്റെ പൂർവികർ. കോലത്തിരി രാജാവിന്റെ സ്നേഹവും പരിലാളനയും ലഭിച്ചിരുന്നവരാണ് അദ്ദേഹത്തിന്റെ കുടുംബം. ഒരിക്കൽ നൂറുദ്ധീൻ ശൈഖ്‌ കോട്ടയം രാജാവുമായി ഒരു പ്രാദേശിക പ്രശ്നത്തിന്റെ പേരിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഈ പ്രശ്നം വലിയ തർക്കത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങിയപ്പോൾ അദ്ദേഹത്തോട് കീഴടങ്ങാൻ കോട്ടയം രാജാവ് ആവശ്യപ്പെട്ടു. അതിനു ശൈഖ്‌ തയാറാവാതെ വന്നപ്പോൾ അദ്ദേഹത്തെ ജീവനോടെ പിടികൂടി കൊണ്ടുവരാൻ രാജാവ് തന്റെ സൈന്യാധിപനായ മായൻ മൂപ്പനോട് ആവശ്യപ്പെട്ടു. മോശമല്ലാത്ത ഒരു സൈന്യവുമായി മായൻ മൂപ്പൻ അങ്ങാടിയിലെത്തി. അപ്പോഴേക്കും നൂറുദ്ധീൻ ശൈഖ്‌ കോലത്തിരി രാജാവിൽ അഭയം തേടിയിരുന്നു.

ഇതിൽ കുപിതനായ കോട്ടയം സൈന്യാധിപൻ അങ്ങാടിയിലും പരിസരങ്ങളിലുമുള്ള ആറോളം പള്ളികൾ തീവെച്ചു നശിപ്പിച്ചു. വട്ടക്കണ്ടി പള്ളി, പിലാത്തോട്ടം പള്ളി, തായലെ പള്ളി ( പടുവിലായി ) മീത്തലെ പള്ളി, അങ്ങാടി പള്ളി, (ഇന്നത്തെ പള്ളി അല്ല )നുച്ചിയിൽ പുഴക്കരയിൽ ഉണ്ടായിരുന്ന ആലിക്ക പള്ളി എന്നീ ദേവാലയങ്ങളാണ് തീവെച്ചും ആനകളെ കൊണ്ട് ചവിട്ടി ഇടിച്ചും തകർത്തത്. മീത്തലെ പള്ളിക്കാട്ടിൽ തകർന്ന പള്ളിയുടെ ചുമരും തറയും ഇപ്പോഴും കാണാം. മുമ്പ് ഇവിടെ ഖബറിന് കുഴിയെടുക്കുമ്പോൾ ആന ചങ്ങലയുടെയും കുന്തങ്ങളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. വട്ടക്കണ്ടിയിലും തകർന്ന പള്ളിയുടെ ഭാഗങ്ങളുണ്ട്. നുച്ചിയിൽ ആലിക്ക പള്ളിയുടെ അവശിഷ്ടം ഈ അടുത്ത കാലം വരെ ഉണ്ടായിരുന്നതായി അങ്ങാടിയിലെ പഴയ തലമുറ ഇപ്പോഴും സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല ഈ പള്ളികളുടെ ഓർമ്മക്കായി റംസാൻ കാലത്ത് ഇശാ നിസ്കാരത്തിനായി ഏഴു ബാങ്കുകൾ വിളിക്കുന്ന അത്യപൂർവ ആചാരവും അങ്ങാടി പള്ളിയിൽ നടത്തി വരാറുണ്ട്. തകർക്കപ്പെട്ട ആറു പള്ളികളുടെയും വേങ്ങാട് അങ്ങാടി പള്ളിയുടെ ഒരു ബാങ്കും ചേർത്താണ് ഈ ഏഴു ബാങ്ക്. നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരത്തിനു ഇപ്പോഴും മുടക്കം വരുത്തിയിട്ടില്ല.

പ്രകൃതി കനിഞ്ഞുനുഗ്രഹിച്ച ഒരു ഗ്രാമം എന്ന് വിശേഷിപ്പിക്കാതെ വേങ്ങാടിന്റെ ചരിത്രം പൂർത്തിയാവില്ല. പുഴയും തോടും പൂക്കളും പക്ഷികളും വിശാലമായ നെൽവയലുകളും ഈ നാടിന് നൽകുന്ന ഗ്രാമീണ സൗന്ദര്യം ചെറുതല്ല. 

 അങ്ങാടിയിൽ നിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്റർ അകലെ ചന്തികുത്തിപ്പാറ( ചന്തിച്ചി പാറ ), കല്ലൂമ പാറ എന്നീ പേരുകളിൽ അറിയപ്പെടുന്ന കൂറ്റൻ പാറകളുണ്ട്. നിതംബംത്തിന്റെ ആകൃതിയായിരുന്നു ആദ്യത്തെ ഭീമാകാരൻ പാറയുടെ രൂപം. കല്ലൂമ പാറ, കല്ലുമ്മൽ പാറ എന്നിങ്ങനെ അറിയപ്പെടുന്ന രണ്ടാമത്തെ പാറ കുത്തനെ ഉയർന്ന പറയാണ്.

 വേങ്ങാട്കാരിൽ പലരുംഇതിനെ പറ്റി അറിയില്ലെങ്കിലും വിദേശത്ത് പോലും കേൾവികേട്ടതാണ് ഈ പാറകൾ. ഈ പറയെക്കുറിച്ച് വിദേശങ്ങളിൽ നിന്നും ജിയോളജിസ്റ്റുകൾ എന്റെ കുട്ടിക്കാലത്തു എത്തിയതായി ഇപ്പോഴും ഓർക്കുന്നു. ചന്തികുത്തിപ്പാറയിൽ ലിഖിതങ്ങൾ കൊത്തിവെച്ചതായി ഇവിടത്തേ പഴയ തലമുറ ഇപ്പോഴും ഓർക്കുന്നു. അത്‌ നേരിൽ കണ്ടവരും ഇപ്പോൾ ഉണ്ട്. ഈ ലേഖകൻ ഈ ലിഖിതങ്ങൾ കണ്ടെത്താനായി മണിക്കൂറുകൾ തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫാഗമാവുകയായിരുന്നു. പുതിയ നിർമ്മാണ പ്രവർത്തനങ്ങളും മണ്ണ് നികന്നും ലിഖിതങ്ങൾ അപ്രത്യക്ഷമായതാവാം. ഏതായാലും അറബി ലിഖിതങ്ങളായിരുന്നുവെന്നാണ് പണ്ട് കണ്ടവരുടെ സാക്ഷ്യപ്പെടുത്താൽ.


-------------------------------------======

സഹായക ഗ്രന്ഥങ്ങൾ 

1. A Voyage to the East Indies, Paulinus St. Bartolomeo

2.Malabar Manual- William Logan

3. കേരള ചരിത്ര പഠനങ്ങൾ, വേലായുധൻ പണിക്കശ്ശേരി.

---------------------------------------------------------

Tuesday, 29 June 2021

ഡിലനോയി സ്മാരകം

   സി പി എഫ് വേങ്ങാട് 

പത്തിരുപതു വർഷങ്ങൾക്ക് മുമ്പ് ഒരു ചരിത്രാന്വേഷണത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ പുലിയൂർ കുറിച്ചിയിലുള്ള ഉദയഗിരി കോട്ടയിലെ ഡിലനോയി സ്മാരകം തേടിച്ചെന്നപ്പോൾ പകർത്തിയ ചിത്രങ്ങളാണിത്. 

ശ്രദ്ധിക്കാനാളില്ലാതെയും വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും അനാഥമായി കിടക്കുകയായിരുന്നു ഈ സ്മാരകം. ഇപ്പോൾ ഇതിന്റെ അവസ്ഥ എന്താണെന്ന് അറിയില്ല. 


കുളച്ചൽ യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെടുകയും പിന്നീട് തിരുവിതാംകൂറിന്റെ വലിയ പടത്തലവനായി മാറുകയും ചെയ്ത ഡിലനോയിയുടെയും മറ്റും കല്ലറകൾ ഇവിടെ കാണാം. 


ഞാനിവിടെ സന്ദർശിക്കുന്ന സമയത്ത് പള്ളിയുടെ മേൽക്കൂര തകർന്ന് ചുമരുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കാലപ്പഴക്കത്താൽ തേയ്മാനം സംഭവിച്ചു ദ്രവിച്ച നിലയിലാണ് ചുമരുകൾ. കോട്ടക്കകത്തെ കാട്ടിൽ മേഞ്ഞു കൊണ്ടിരിക്കുന്ന കന്നുകാലി കൂട്ടങ്ങൾ വിശ്രമിക്കുന്നത് ഇവിടെയാണ്. വലിയ വാളൻ പുളി മരങ്ങൾ നിറഞ്ഞു നിൽക്കുന്ന വിജനമായ പ്രദേശമായിരുന്നു ഇവിടം. പഴുത്തു വീഴുന്ന പുളി ശേഖരിക്കാനെത്തുന്ന നാടോടി സംഘങ്ങളെ ഇവിടെ കണ്ടിരുന്നു. ഈ സ്മാരകത്തിന് മുന്നിലായി തമിഴ്നാട്‌ സർക്കാർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.


മുമ്പ് തിരുവിതാം കൂറിന്റെ ഭാഗമായിരുന്നു തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെട്ട ഈ പ്രദേശം. പിന്നീട് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ തമിഴ്‌നാടിന്റെ അതിർത്തിക്കുള്ളിലായി. ഏതായാലും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തോടുള്ള തമിഴ്‌നാടിന്റെ അവഗണന ഇതിൽ നിന്നും വ്യക്തമാണ്.

അറിയുമോ ഈ ബ്രണ്ണൻ സായിപ്പിനെ

 

സി പി എഫ് വേങ്ങാട് 

പത്തൊമ്പതാം നൂറ്റാണ്ടിൽ അറബിക്കടലിലുണ്ടായ ഒരു കപ്പലപകടം തലശ്ശേരിക്ക് അനുഗ്രഹമാവുകയായിരുന്നു. കാരണം മറ്റൊന്നുമല്ല,തകർന്ന കപ്പൽ ഛേദത്തോടൊപ്പം ഒരു വെള്ളക്കാരൻ തലശ്ശേരി തീരത്തടിഞ്ഞു... എഡ്‌വാർഡ് ബ്രണ്ണൻ. ജീവന്റെ തുടിപ്പുകൾ ബാക്കിയുണ്ടായിരുന്ന ബ്രണ്ണനെ ഏതാനും മുക്കുവർ ചേർന്ന് രക്ഷപ്പെടുത്തി.

മരണത്തിൽ നിന്നും താൻ രക്ഷപ്പെട്ടത്തിയ തീരദേശ പട്ടണത്തെ അദ്ദേഹം പിന്നെ വിട്ടുപോയില്ല. തലശ്ശേരിയെ സ്വന്തം നാടിനെ പോലെ സ്നേഹിച്ചു ഇവിടെ ജീവിച്ചു മരിക്കുകയായിരുന്നു.

താൻ രക്ഷപ്പെട്ടത്തിയതിന് ദൈവത്തിന് നന്ദി സൂചകമായി ബ്രണ്ണൻ നിർമിച്ച ദേവാലയമാണ് കോട്ടക്ക് പിന്നിലെ സെന്റ് ജോൺസ് ഇംഗ്ലീഷ് പള്ളി. അദ്ദേഹത്തിന്റെ കല്ലറ പള്ളി സെമിത്തേരിയിൽ ഇപ്പോഴും കാണാം.

തലശ്ശേരിക്ക് അദ്ദേഹം നൽകിയ ഏറ്റവും വലിയ സംഭാവനയാണ് ഒരു ഇംഗ്ലീഷ് വിദ്യാലയത്തിന്റെ നിർമാണം. തന്റെ സമ്പാദ്യത്തിലെ ഒരുഭാഗം ഇതിനായി അദ്ദേഹം നീക്കിവെച്ചിരുന്നതായി രേഖകളുണ്ട്. ജാതി, വർഗ, ലിംഗ വെത്യാസമില്ലാതെ അദ്ദേഹം ബീജാ വാപം നൽകിയ പള്ളിക്കൂടമാണ് പിന്നീട് ബ്രെണ്ണൻ സ്കൂളായും ബ്രണ്ണൻ കോളേജായും രൂപാന്തരപ്പെട്ടത്. ഈ കലാലയത്തിലൂടെ താശ്ശേരിയുടെ പേരും പെരുമായും വാനോളം ഉയർന്നു എന്നത് ചരിത്ര സത്യം. എന്നാൽ തലശ്ശേരി ബ്രണ്ണനോട്‌ കാട്ടിയതെന്താണ് ആദരവോ അനീതിയോ?

ഹെർമ്മൻ ഗുണ്ടർട്ടിനു നഗര ഹൃദയത്തിൽ തന്നെ പ്രതിമയും അദ്ദേഹത്തിന്റെ പേര് ഒരു റോഡിനും നൽകി നമ്മൾ മതിയാവോളം ആദരവ് കാട്ടി. ഗുണ്ടർട്ടിന്റെ മകളുടെ പുത്രനും നൊബേൽ സമ്മാന ജേതാവുമായ ഹെർമ്മൻ ഹെസ്സെയുടെ 126ആം ജന്മ ദിനാഘോഷത്തിന്റെ തുടക്കം ദിവസങ്ങൾ നീണ്ട പരിപാടികളോടെ തലശ്ശേരിയിൽ ആഘോഷിച്ചു. ഹെസ്സെയുടടെ അമ്മ മേരി ഗുണ്ടർട്ട് ജനിച്ചത് തലശ്ശേരി ഇല്ലിക്കുന്നു ബംഗ്ലാവിലാണ്. ഈ പൊക്കിൾക്കൊടി ബന്ധമാണ് ഹെസ്സെയുടെ ജന്മ ദിനാഘോഷത്തിന് തലശ്ശേരിയിൽ തുടക്കം കുറിക്കാൻ കാരണമായത്.

എന്നാൽ തലശ്ശേരിക്ക് വേണ്ടി ജീവിച്ചു മരിച്ച ബ്രണ്ണനെ ഓർക്കാൻ പോലും വിദേശികൾ വിസ്മയ തീരം എന്ന് വിളിച്ച തലശ്ശേരി മറന്നുപോകുന്നു എന്നത് ചരിത്രത്തിന്റെ വിരോധാഭാസം എന്നല്ലാതെ മറ്റെന്തു പറയാൻ?

(ചിത്രത്തിൽ കാണുന്നത് 1999 സെപ്റ്റെമ്പർ 26ന് കേരള കൗമുദി വരാന്തപ്പതിപ്പിൽ 'അറിയുമോ ഈ ബ്രണ്ണൻ സായിപ്പിനെ'എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം )

Friday, 25 June 2021

അഞ്ചരക്കണ്ടി ഡയറി

സി പി എഫ് വേങ്ങാട് 

വലിപ്പത്തിൽ ഏഷ്യയിൽ ഒന്നാം സ്ഥാനവും ലോകത്ത് രണ്ടാം സ്ഥാനവും അവകാശപ്പെട്ടിരുന്ന ഒരു കറപ്പത്തോട്ടം(Cinnamon Estate -കറുവ പട്ട, കറാം പട്ട ) ഉണ്ടായിരുന്നു കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ. തോട്ടത്തിന്റെ ചുമതലക്കാരനായി എത്തിയ ബ്രൗൺ സായ്‌പ്പ് അവിടെ ഒരു ബംഗ്ലാവ് പണിതു. ഇംഗ്ലണ്ടിൽ തെംസ് നദി തീരത്ത് തലയുയർത്തി നിൽക്കുന്ന പ്രഭു മന്ദിരങ്ങളെ ഓർമ്മിപ്പിക്കും വിധത്തിൽ അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് ബ്രൗൺ പണിത ഈ കെട്ടിടത്തെ ബക്കിങ് ഹാം മോഡൽ കൊട്ടാരം എന്ന് അഞ്ചരക്കണ്ടിയിലെ പഴയ തലമുറ ഓമനപ്പേരിട്ട് വിളിച്ചു.ബംഗ്ലാവിലെ ഒരു പീഠത്തിന്റെ ചിത്രമാണിത്. പൂർണമായും തേക്ക് തടിയിൽ നിർമ്മിച്ച ഈ പീഠം ബ്രൗൺ ഉ പയോഗിച്ചതാണത്രെ.(കൈമറന്നു വെച്ചുപോയ അപൂർവ ചിത്രങ്ങൾ അടങ്ങിയ എന്റെ ആൽബം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഈ ചിത്രങ്ങളുടെ വില ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു )

എന്നാൽ പിന്നീട് തോട്ടത്തിന്റെ ഉടമകളായി എത്തിയവർ ഇതടക്കമുള്ള മര ഉരുപ്പടികൾ ലേലം ചെയ്തു വിൽക്കുകയായിരുന്നു. ബ്രൗണിന്റെ വലിയൊരു ഫോട്ടോ, പുസ്തക ശേഖരവും ഇവിടെ ഉണ്ടായിരുന്നു. ബംഗ്ലാവ് പൊളിച്ചുമാറ്റി ഇവിടെ മെഡിക്കൽ കോളേജ് ഉയർന്നപ്പോൾ ഒരു നാടിന്റെ ചരിത്ര സാക്ഷികളാണ് ഇല്ലാതായത്.

1990കളിൽ കറപ്പ തോട്ടത്തെ കുറിച്ച് ഒരു ഫീച്ചർ ചെയ്യുന്നതിന്റെ ഭാഗമായി ബംഗ്ലാവിൽ പോയപ്പോൾ എടുത്ത ചിത്രമാണിത്. ഇതോടൊപ്പം എടുത്ത തോട്ടത്തിന്റെയും ബംഗ്ലാവിന്റെയും ചിത്രങ്ങൾക്ക് വലിയ കേടുപാടുകൾ ഏറ്റിട്ടില്ല. അഞ്ചരക്കണ്ടി ടൗണിലെ കെട്ടിടത്തിനു മുകളിൽ പ്രവർത്തിച്ചിരുന്ന മാധവി സ്റ്റുഡിയോയിലെ (ഇന്നില്ല ) ഒരു ഫോട്ടോ ഗ്രാഫറാണ് ഈ ചിത്രങ്ങൾ പകർത്തിയത്. ഒരു പക്ഷെ കറപ്പ തോട്ടത്തിന്റെയും ബംഗ്ലാവിന്റെയും അവശേഷിക്കുന്ന ചിത്രങ്ങൾ എന്റെ കയ്യിലുള്ളതായിരിക്കാം.

കമ്പനിയുടെ തോട്ടം 

---------------------------------

ചരിത്രം ഉറങ്ങിക്കിടക്കുന്ന മണ്ണാണ് അഞ്ചരക്കണ്ടി. മൈസൂറിന്റെ തേരോട്ടവും പഴശ്ശിയുടെ ചെറുത്തുനിൽപ്പും വെള്ളക്കാരുടെ ആധിപത്യത്തിന്റെയും കഥ ഈ നാടിനു പറയാനുണ്ട്. കണ്ടി എന്നാൽ പറമ്പ്, തറ (സ്ഥലം )എന്നൊക്കെയാണ് അർത്ഥം. അഞ്ചു കണ്ടിയും അരക്കണ്ടിയും ചേർന്നതാണ് അഞ്ചരക്കണ്ടി.  മൈസൂർ ഭരണാധികാരിയായ ഹൈദർ അലിയുടെ പടയോട്ടത്തെ ചെറുക്കാൻ കോലത്തിരിയെ സഹായിച്ചതിനു പ്രത്യുപകാരമായി ഈ പ്രദേശത്തെ നികുതി പിരിക്കാനുള്ള അവകാശം ബ്രിട്ടീഷുകാർക്ക് നൽകി. പിന്നീട് ഈ സ്ഥലം കമ്പനി വിലക്ക് വാങ്ങി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ തന്നെ കമ്പനിക്ക് ഇവിടെ തോട്ടം ഉണ്ടായതായി രേഖകൾ ഉണ്ട്.  രണ്ടത്തറ എസ്റ്റേറ്റ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. എസ്റ്റേറ്റ് അഥവാ കൃഷിതോട്ടം എന്ന രീതി തന്നെ വിദേശികളുടേതാണെന്നാണ് എനിക്ക് തോന്നുന്നത്. അന്ന് രണ്ടത്തറ എന്ന് അറിയപ്പെട്ടിരുന്നത് അഞ്ചരക്കണ്ടി, മാവിലായി, എടക്കാട്, പൊയനാട് ഉൾപ്പെട്ട പ്രദേശങ്ങൾ ആണെന്ന് മനസ്സുലാക്കുന്നു.കോലത്തിരി  രാജവംശവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നാല് നായർ തറവാട്ടുകാരാണ് ഇവിടെ ഭരണം നടത്തിയിരുന്നത്. ഇവർ അച്ചന്മാർ എന്നറിയപ്പെട്ടു.



അഞ്ചരക്കണ്ടി ഉൾപ്പെട്ട രണ്ടത്തറ ബ്രിട്ടീഷ്കാരുടെ കയ്യിലെത്തിയതോടെ അവർ ഇവിടെ ഒരു പരീക്ഷണ തോട്ടം ആരംഭിച്ചു.ഒന്നാന്തരം കുരുമുളകിനും കാപ്പിക്കും പുറമെ, ചന്ദനം, കരിമ്പു, കറപ്പ എന്നിവ പരീക്ഷണാടിസ്ഥാനത്തിൽ ഇവിടെ കൃഷി ചെയ്തു.  മലബാറിൽ എന്നല്ല കേരളത്തിൽ തന്നെ കാപ്പി വ്യവസായിക അടിസ്ഥാനത്തിൽ ആദ്യമായി കൃഷി ചെയ്തത് ഇവിടെ ആണെന്നാണ് വിശ്വാസം. ഇതിന് ശേഷമാണു വയനാട്ടിൽ കാപ്പിത്തോട്ടം ആരംഭിച്ചതായി കാണുന്നത്.

 1798 കാലഘട്ടത്തിൽ കമ്പനിക്ക് വലിയ നഷ്ടം ഉണ്ടായി എന്നു പറഞ്ഞു തോട്ടം മാർദോക് ബ്രൗൺ എന്ന ഇംഗ്ലീഷ്കാരന്  പാട്ടത്തിന് നൽകി. തോട്ടത്തിന്റെ ചുമതലക്കാരനായി ബ്രൗൺ എത്തിയതോടെയാണ് രണ്ടത്തറ എസ്റ്റേറ്റ് ലോക കാർഷിക ഭൂപടത്തിൽ സ്ഥാനം പിടിച്ചത്. മാത്രമല്ല മാഹിയിൽ ഫ്രഞ്ച് കമ്പനി ഉദ്യോഗസ്ഥനായിരുന്ന ബ്രൗൺ ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഉദ്യോഗസ്ഥൻ ആയി മാറുന്നതും തോട്ടം ചുമതല ഏറ്റെടുത്തതോടെയാണെന്നതിനും രേഖകൾ ഉണ്ട്.


നാട്ടുകാരുടെ രാജാവാണ് ബ്രൗൺ 

---------------------------------------------------------

സ്കോട്ലന്റ്കാരനായ ബ്രൗൺ ( ഒന്നാമൻ ) അഞ്ചരക്കണ്ടിയിൽ എത്തിയതോ ടെയാണ് ഈ പ്രദേശത്തിന്റെ തലവര തന്നെ മാറ്റി എഴുതപ്പെട്ടത്. മാഹിയിൽ ഫ്രഞ്ച് കമ്പനിയുടെ കച്ചവടകാര്യങ്ങളിൽ എർപ്പെട്ടിരുന്ന ബ്രൗൺ രണ്ടത്തറ എസ്റ്റേറ്റിന്റെ ഓവർസിയറായി ചുമതല ഏറ്റതോടെയാണ് അദ്ദേഹത്തിന് ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായി സ്ഥിര നിയമനം ലഭിക്കുന്നതെന്നും കഴിഞ്ഞപോസ്റ്റിൽ പറഞ്ഞുവല്ലോ.

ബ്രൗൺ തോട്ടത്തിന്റെ ചുമതല ഏറ്റെടുത്ത വർഷം സംബന്ധിച്ചും ചില സംശയങ്ങൾ ഉണ്ടെങ്കിലും 1798ൽ ആണെന്ന് കരുതപ്പെടുന്നു. 1802ൽ തോട്ടം 99 വർഷത്തേക്ക് പാട്ടത്തിന് കൊടുത്തതായും രേഖയിൽ കാണുന്നു. ഈ കാലത്തൊക്കെയും കാപ്പിയും കുരുമുളകുമാണ് ഇവിടെ വ്യാപകമായി കൃഷി ചെയ്തതെന്ന് കണ്ടെത്താനാവും. അതായത് കറപ്പ കൃഷി പറയത്തക്കവണ്ണം ഇല്ലായിരുന്നു എന്നുവേണം കരുതാൻ.

യൂറോപ്യൻ സഞ്ചരിയായ ഫ്രാൻസിസ് ബുക്കാനൻ തോട്ടം സന്ദർശിച്ച കാര്യം തന്റെ 'A jouney from madras through the countries of Mysore, Canara, Malabar' എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്. 1800-801 കാലത്താണ് ബുക്കാനന്റെ മലബാർ യാത്ര. ആക്കാലത്തു വളരെ കുറച്ചു മാത്രമേ കറപ്പ കൃഷി ഉണ്ടായതായി പരാമർശിക്കുന്നുള്ളു. മാത്രമല്ല വിത്തിൽ നിന്നും കുരുമുളക് ചെടി ഉണ്ടാക്കിയെടുക്കുന്ന ബ്രൗൺ സായ്‌പിന്റെ പുതിയ പരീക്ഷണത്തെ പറ്റി അദ്ദേഹം പറയുന്നുണ്ട്. കുരുമുളക് വള്ളി തണ്ട് ചെടിയിൽ നിന്നു വളർത്തുന്നതിനേക്കാൾ കായ്ഫലം ഇതിനാണെന്ന് ബ്രൗൺ പറഞ്ഞതായും ബുക്കാനൻ തുടരുന്നു.

 മലബാറിൽ കാപ്പി ആദ്യമായി വ്യാവസായികാ ടിസ്ഥാനത്തിൽ കൃഷി ചെയ്തത് അഞ്ചരക്കണ്ടി (ഒരുപക്ഷെ കേരളത്തിൽ തന്നെ )യിലാണെന്നു പറഞ്ഞുവല്ലോ?1825വരെ അഞ്ചരക്കണ്ടിയിൽ നിന്നാണ് വയനാട്ടിലേക്ക് കാപ്പി കൊണ്ടുപോയതെന്നും കമ്പനി രേഖകളിൽ കാണാം. ഞാൻ പറഞ്ഞുവരുന്നത് ഈ കാലത്തിനു ശേഷമാണ് അതായത് 19ആം നൂറ്റാണ്ടിന്റെ മധ്യത്തിലോ അവസാന ദശകങ്ങലിലോ ആവാം കറപ്പ കൃഷി ഇവിടെ വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങിയതെന്ന കാര്യമാണ്.

450 ഏക്കർ തോട്ടമായിരുന്നു ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ബ്രൗണിന് കൈമാറിയത്. മാത്രമല്ല അവശ്യമെങ്കിൽ സ്ഥലം പണം കൊടുത്തു വാങ്ങാനും അദ്ദേഹത്തിന് അനുമതി നൽകിയിരുന്നു. അതുപ്രകാരം അദ്ദേഹം അഞ്ചരക്കണ്ടിക്ക് ചുറ്റുമുള്ള പല സ്ഥലങ്ങളും വിലകൊടുത്തു വാങ്ങി. ഇതോടെ അഞ്ചരക്കണ്ടി തോട്ടം വികസിക്കാൻ തുടങ്ങി. ശ്രീലങ്കയിൽ നിന്നും മുന്തിയ ഇനം കറപ്പ തൈകൾ കൊണ്ടുവന്നു കൃഷി ചെയ്തു. ഒരുകാലത്തു 2400 ഏക്കർ വിസ്തൃതിയുള്ള തോട്ടമായി ബ്രൗണിന്റെ എസ്റ്റേറ്റ് മാറി. ഇതിൽ 300 ഏക്കറിൽ മാത്രം കറപ്പ കൃഷിയായിരുന്നു. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തു രണ്ടാം സ്ഥാനവും ഈ തോട്ടം അവകാശപ്പെട്ടു. ലോകത്തു ഒന്നാം സ്ഥാനം അവകാശപ്പെട്ടിരുന്ന ചൈനയിലെ തോട്ടം തീപിടിച്ചു നശിച്ചതോടെ ഒന്നാം സ്ഥാനവും അഞ്ചരക്കണ്ടി തോട്ടത്തിനു വന്നു ചേർന്നു. ഈ അടുത്തകാലം വരെ ഇന്ത്യയിലെ ഏക ഇലവർഗ തോട്ടവും ഇതായിരുന്നു.

അഞ്ചരക്കണ്ടിക്കാർക്ക് വെറുമൊരു തോട്ടം ഉടമ മാത്രമായിരുന്നില്ല ബ്രൗൺ, അവരുടെ രാജാവ് തന്നെയായിരുന്നു. എഴോളം യൂറോപ്യൻ ഭാഷകൾ അറിയാവുന്ന ബ്രൗണിന് കുറച്ചൊക്കെ മലയാളം എഴുതാനും വായിക്കാനും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അതിനു പരിഹാരം കണ്ടിരുന്നു. തന്റെ വളർത്തു നായയുമൊത്തു അഞ്ചരക്കണ്ടിയിലൂടെ രാവിലെയും വൈകീട്ടും സവാരി പതിവായിരുന്നു ബ്രൗണിന്. വഴിയിൽ കണ്ടവരുമായി ലോഗ്യം പറയുക അദേഹത്തിന്റെ രീതിയാണ്. തോട്ടപ്പണിക്കായി വേട്ടുവ സമുദായത്തിൽ പെട്ടവരെ വയനാട്ടിൽ നിന്നും ഇവിടെ കൊണ്ട് വന്നതും ഇദ്ദേഹമാണ്. അവരുടെ പിന്മുറക്കാർ അഞ്ചരക്കണ്ടിയിൽ ഇപ്പോഴും ഉണ്ടെന്നാണ് അറിയുന്നത്.

ധാരാളം പശുക്കളെയും അദ്ദേഹം വളർത്തിയിരുന്നു. ഇതിനായി വിശാലമായ തൊഴുത്തും ഉണ്ടാക്കി. പാൽ വെണ്ണ എന്നിവ സാധുക്കൾക്ക് സൗജന്യമായി നൽകുകയും ചെയ്തു. ഇത്തരം ഗുണങ്ങളുള്ള ഒരു മനുഷ്യൻ എങ്ങിനെ അഞ്ചരക്കണ്ടിയിലെ പഴയ തലമുറയുടെ മനസ്സിൽ രാജാവായി വാഴാതിരിക്കും. 1828 ബ്രൗൺ മരണപ്പെട്ടു. തലശ്ശേരി സെന്റ്പ ജോൺസ് പള്ളി സെമിത്തേരിയിലാണ് ബ്രൗണിനെ അടക്കം ചെയ്തത്. 


ഇവിടെ ഒരു ബക്കിങ്ഹാം

കൊട്ടാരം ഉണ്ടായിരുന്നു..!

--------------------------------------------

അഞ്ചരക്കണ്ടിയിൽ ഒരു ബക്കിങ് ഹാം കൊട്ടാരം ഉണ്ടായിരുന്നുവെന്നറിയുമ്പോൾ ഇവിടത്തെ പുതിയ തലമുറക്ക് അത് കൗതുകമാവും. സങ്കത്തോടെ പറയട്ടെ ആ കൊട്ടാരം ഇന്നില്ല. അത് ഇടിച്ചു നിരത്തിയും കറപ്പ തോട്ടത്തിന്റെ വലിയൊരു ഭാഗം നശിപ്പിച്ചുമാണ് ഇന്നത്തെ അഞ്ചരക്കണ്ടി, കണ്ണൂർ മെഡിക്കൽ കോളേജ് സ്ഥാപിച്ചത്.

അഞ്ചരക്കണ്ടി കറപ്പ തോട്ടത്തിന്റെ ചുമതലക്കാരനായി എത്തിയ മർദോക് ബ്രൗൺ ആണ് ഈ കെട്ടിടം പണിയുന്നത്. തോട്ടം ബംഗ്ലാവ്. തോട്ടം പാണ്ടികശാല, എസ്റ്റേറ്റ് ബംഗ്ലാവ് എന്നൊക്കെ അറിയപ്പെട്ട ഈ മന്ദിരത്തിന് ബക്കിങ്ഹാം മോഡൽ കൊട്ടാരം എന്നൊരു പേരുകൂടി ഉണ്ട്. അഞ്ചരക്കണ്ടിയിലെ പഴയ തലമുറയിൽപ്പെട്ട ചിലർക്കൊക്കെ അക്കാര്യം അറിയാവുന്നതുമാണ്.

ഇംഗ്ലണ്ടിലെ തെംസ് നദിതീരത്ത് പണിത പ്രഭു മന്ദിരങ്ങളെ ഓർമപ്പെടുത്തുന്ന രീതിയിൽ അഞ്ചരക്കണ്ടി പുഴയോരത്താണ് ഈ മാളിക കെട്ടിപ്പൊക്കിയത്. അതുകൊണ്ടാണ് ഈ മന്ദിരത്തെ ആvപേരിൽ ചിലർ വിളിച്ചു പോന്നത്.

ഈ കെട്ടിടത്തിന്റെ നിർമാണം കൃത്യമായി പരാമർശിക്കുന്ന രേഖകൾ കണ്ടെത്താനായിട്ടില്ല. കിട്ടിയ രേഖളുടെ അടിസ്ഥാനത്തിൽ പഴക്കം കണക്കാക്കാൻ പ്രയാസവുമില്ല.

ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ വ്യാപാരവുമായി ബന്ധപ്പെട്ട ഒരു രേഖയിൽ ഇപ്രകാരം കാണുന്നു

'In 1798 he took over from the government as a plantation,five Tarras of Randathara in Malabar' 

ബ്രൗൺ 1798ലാണ് എസ്റ്റേറ്റ് ചുമതല ഏറ്റെടുക്കുന്നതെന്നാണ് ഇതിൽ നിന്നും ലഭിക്കുന്ന സൂചന. ബ്രൗണിന്റെ താമസത്തിനും തോട്ടത്തിന്റെ ഭരണത്തിനുമായാണ് ഈ കൊട്ടാരം പണിയുന്നത്. ലോക സഞ്ചരിയായ ഫ്രാൻസിസ് ബുക്കാനൻ1801 ജനുവരി 11ന് ബ്രൗണിന്റെ തോട്ടത്തിലെ വസതിയിൽ എത്തിയതായി പറയുന്നു. അങ്ങിനെയെങ്കിൽ 1798നും1801നും ഇടയിലായിരിക്കണം ഈ ബംഗ്ലാവിന്റെ നിർമാണം. ഇപ്പോൾ ഈ കെട്ടിടം ഉണ്ടായിരുന്നെങ്കിൽ 220 വർഷത്തിലേറെ പഴക്കം കാണും.


 മൂന്നു നിലകളിലാണ് ഇതിന്റെ നിർമാണം. 40ൽ ഏറെ മുറികൾ ഉണ്ടായിരുന്നത്രെ. ഇതിൽ ചിലത് കോടതിയായും ജയിലായും പ്രവർത്തിച്ചു. സ്ഥലത്തിന്റെ അതിരുകൾ നിർണ്ണായിച്ചു രേഖപ്പെടുത്തി വെക്കുന്ന രീതി (രെജിസ്ട്രെഷൻ ) ആദ്യമായി നടന്നതും ഇവിടെയാണ്. ഇംഗ്ലീഷ്കാരനായ എഡ്‌വാർഡ് ബ്രെണ്ണൻ, ഹെർമ്മൻ ഗുഡർട്ട് എന്നിവർ ഇവിടെ സന്ദർശിച്ചതായും പറയപ്പെടുന്നു.


പഴശ്ശിരാജാവിന്റെ നായർ പട്ടാളം ഈ കെട്ടിടത്തിനു നേരെ അക്രമം നടത്തുകയും വെടിവെക്കുകയും ചെയ്തിരുന്നതായി ബുക്കാനന്റെ വിവരണത്തിൽ കാണാം. അതുകൊണ്ട് തന്നെ ഒരു കമ്പനി പട്ടാളത്തെ ബ്രൗൺ ഇവിടെ താമസിപ്പിച്ചിരുന്നു. ഒരു ദിവസം ഇവിടെ ഉലാത്തിക്കൊണ്ടിരുന്ന സൈനിക ഉദ്യോഗസ്ഥനെ നായർപ്പട വെടിവെച്ചു കൊന്നതായും ബുക്കാനന്റെ വിവരിക്കുന്നുണ്ട്.


1990കളിൽ തലശ്ശേരിയിൽ പത്രപ്രവർത്തകനായി ജോലി ചെയ്യവേ കറപ്പ തോട്ടത്തെയും ഈ ബംഗ്ലാവിനെ പറ്റിയും ഒരു ലേഖനം എഴുതുന്നതിനായി അവിടെ ചെന്നപ്പോൾ പ്രവേശനം അനുവദിക്കുകയോ ഫോട്ടോ എടുക്കാനോ സമ്മതിച്ചില്ല. അന്ന് തോട്ടം കോട്ടയത്തെ ഒരു സ്വകാര്യ കുടുംബത്തിന്റെ കയ്യിലായിരുന്നു. ഉടമസ്ഥരുടെ അനുവാദം ഇല്ലാതെ പ്രവേശനം അ നുവദിക്കാനാവില്ലെന്നായിരുന്നു എന്നാണ് ബംഗ്ലാവിലെ ജോലിക്കാരുടെ മറുപടി. അവിടത്തെ റൈറ്ററുമായി ഞാൻ ഇക്കാര്യത്തിൽ തർക്കത്തിൽ ഏർപ്പെട്ട സമയം എന്റെ കൂടെ ഉണ്ടായിരുന്ന ഫോട്ടോ ഗ്രാഫർ (അഞ്ചരക്കണ്ടി ടൗണിലെ കെട്ടിടത്തിനു മുകളിലുള്ള മാധവി സ്റ്റുഡിയോയിലെ ഫോട്ടോ ഗ്രാഫർ, ശശി എന്നോ മറ്റോ ആണ് പേര് ) ആരും കാണാതെ പകർത്തിയതാണ് ബംഗ്ലാവിന്റെ ഈ കളർ ചിത്രം.

ഈ സംഭവത്തിന് വർഷങ്ങൾക്ക് ശേഷം ബംഗ്ലാവിൽ കയറാനുള്ള ഭാഗ്യം ഒരു നിയോഗം പോലെ എന്നെ തേടി എത്തി. അവിടെ വാറ്റ് ചാരായം ഉണ്ടാക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്താൻപോയ സംഘത്തോടൊപ്പം ആയിരുന്നു അപ്രതീക്ഷിതമായ ആ സന്ദർശനം. പക്ഷെ ആ പരാതി അടിസ്ഥാന രഹിതമായിരുന്നുവെന്ന കാര്യം ഇവിടെ കുറിക്കട്ടെ. ബംഗ്ലാവ് കാണാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ച എന്നെ പരിശോധന സംഘത്തിൽ ഉൾപ്പെടുത്തിയ ആ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥനോടുള്ള നന്ദി ജീവനുള്ള കാലത്തോളം മറക്കില്ല. (ഒരു തരത്തിലുള്ള വിവാദങ്ങൾക്കും താൽപ്പര്യം ഇല്ലാത്തതിനാൽ അവരുടെ പേര് വിവരങ്ങൾ മനഃപൂർവം ഇവിടെ ഒഴിവാക്കുന്നു.)

ക്രിക്കറ്റ്‌, സർക്കസ് എന്നിവക്ക് ജന്മം നൽകിയ തലശ്ശരിയിൽ തന്നെയാണ് കേരളത്തിൽ ആദ്യമായി കേക്കുണ്ടാക്കിയത് എന്ന കാര്യം അറിയുമല്ലോ? എന്നാൽ അതിനു കാരണക്കാരനായതും മറ്റൊരു ബ്രൗൺ (ബ്രൗൺ രണ്ടാമൻ എന്ന് സൗകര്യപൂർവ്വം വിളിക്കുന്നു )ആണെന്ന കാര്യം എത്രപേർക്കറിയാം?

 മമ്പള്ളി ബാപ്പുവിന്റെ ബേക്കറിയിലായി രുന്നു കേരളത്തിന് അന്നുവരെ അന്യമായിരുന്ന ഈ പലഹാരം ഉണ്ടാക്കിയത്. അതിനു പിന്നിലെ ചരിത്രം ഇങ്ങനെ...

1883ഡിസംബർ മാസത്തിൽ ബാപ്പുവിന്റെ ബേക്കറിയിൽ ഒരു അതിഥി എത്തി. മർദോക്ബ്രൗൺ എന്ന് തന്നെ പേരായ ബ്രൗൺ രണ്ടാമനായിരുന്നു  അത്. കയ്യിൽ ഒരു കഷ്ണം കേക്കും കൊണ്ടായിരുന്നു സായ്‌പിന്റെ വരവ്.  ഇതു പോലെ ഒരെണ്ണം ഉണ്ടാക്കിത്തരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

കേക്ക് അന്നേവരെ കണ്ടിട്ട് പോലുമില്ലാത്ത ബാപ്പു തന്റെ കയ്യിൽ കിട്ടിയ സാധനം തിരിച്ചും മറിച്ചും നോക്കി.  പക്ഷെ പരാജയം എന്നൊന്ന് ബാപ്പുവിന്റെ നിഘണ്ടുവിലില്ല. ഒടുവിൽ കാര്യം എളുപ്പമാക്കാൻ സായ്‌പ് തന്നെ അതിന്റെ കൂട്ട് ബാപ്പുവിന് പറഞ്ഞു കൊടുത്തു. ഏതാനും ദിവസത്തിനുള്ളിൽ കേക്ക് വേണമെന്നായിരുന്നു ബ്രൗണിന്റെ ആവശ്യം. ബാപ്പുവാകട്ടെ ഉത്തരവ് വെല്ലുവിളിയായി ഏറ്റെടുത്തു കേക്ക് നിമ്മാണം തുടങ്ങി. കേക്കിന്റെ രുചി കൂട്ടാൻ മാഹിയിൽ ഉണ്ടായിരുന്ന ഒരു വൈനിന്റെ പേരും ബ്രൗൺ പറഞ്ഞു കൊടുത്തു.  എന്നാൽ അതിനു പകരം താൻ സ്വന്തമായി കദളിപ്പൂവൻ പഴം കൊണ്ട് ഉണ്ടാക്കിയ വൈൻ ചേർത്താണ് ബാപ്പു കേക്ക് നിർമാണം പൂർത്തിയാക്കിയത്. രുചിച്ചു നോക്കിയ സായ്‌പ് 'Excellent' എന്ന് മറുപടിയും നൽകി. അങ്ങിനെ വരാൻ പോകുന്ന ക്രിസ്മസിന്  ഒരു ഡസനോളം  കേക്കിന് ഓർഡറും നൽകിയാണ് സായ്‌പിന്റെ മടക്കം. 

കേരളത്തിൽ ആദ്യമായി ബേക്കറി വ്യവസായത്തിന് തുടക്കം കുറിച്ചതും തലശ്ശേരിയിലാണെന്ന കാര്യം ഇവിടെ കുറിക്കട്ടെ. മമ്പള്ളി ബാപ്പു തന്നെ തുടക്കമിട്ട  മമ്പള്ളി ബേക്കറി ആയിരുന്നു കേരളത്തിലെ ആദ്യത്തെ ബേക്കറി എന്നാണ് വിശ്വസിച്ചു  പോരുന്നത്.  പിന്നീട് കേരളത്തിന്റെ പലഭാഗത്തും മമ്പള്ളി ബേക്കറിയുടെ ശാഖകൾ ആരംഭിക്കുകയായിരുന്നു.


അഞ്ചരക്കണ്ടി സായിപ്പന്മാർ

------------------------------------------------

അഞ്ചരക്കണ്ടിയിൽ തോട്ടം ചുമതലക്കാരായി വന്ന വിദേശികളെ അഞ്ചരക്കണ്ടി സായിപ്പന്മാർ എന്നാണ് പൊതുവെ നാട്ടുകാർ വിളിച്ചു പോന്നത്.  മർദോക് ബ്രൗൺ എന്ന ഇംഗ്ലീഷ്കാരനാണ് ഇതിൽ ഏറ്റവും ജനകീയൻ എന്ന കാര്യം കഴിഞ്ഞ കുറിപ്പുകളിൽ നിന്ന് മനസ്സിലായി കാണുമല്ലോ.

ബ്രൗൺ കുടുംബത്തിലെ ചിലരും തോട്ടം കൈവശം വെച്ചു എന്നതിനും തെളിവുകളുണ്ട്.  കറപ്പ തോട്ടം സ്ഥാപിച്ച മർദോക്ഹെ ബ്രൗണിനെ കൂടാതെ മറ്റൊരു മാർദോക്കും അഞ്ചരക്കാണ്ടിയിൽ ഉണ്ടായിരുന്നു. 1865ൽ ഇദ്ദേഹം ഡെപ്യൂട്ടി രജിസ്ട്രാർ പദവിയിൽ ഇരുന്നതായി കാണാം. കൂടാതെ ജോൺ ബ്രൗൺ, ജോർജ് ബ്രൗൺ എന്നിവരെയും അഞ്ചരക്കണ്ടിയുമായി ബന്ധപ്പെട്ട് കാണാവുന്നതാണ്.  കൂടാതെ ഹെത്രി കർണാക് ബ്രൗൺ എന്നൊരു സ്ത്രീയെ പറ്റിയുള്ള വിവരം അഞ്ചരക്കണ്ടി പ്ലാന്റേഷൻ  ഫയലുകളിൽ ഞാൻ കണ്ടെത്തിയിട്ടുണ്ട്. മാനസിക ആസ്വാസ്ഥ്യം അനുഭവിച്ചിരുന്ന ഹെത്രിക്ക് ഒരു തോൽ സഞ്ചി നിറയെ പണവും കോഴി മുട്ടയും മറ്റു സമ്മാനങ്ങളും നൽകി സ്വാധീനിച്ചു കറപ്പ തോട്ടം  തട്ടിയെടുക്കാൻ ശ്രമിച്ചതിനെതിരെ കലക്ടർക് നൽകിയ പരാതിയായിരുന്നു അത്. അഞ്ചരക്കണ്ടി കടം വായ്പാ സഹകരണ സംഘത്തിൽ ( 1914) റോബർട്ട്‌ ബ്രൗൺ എന്നൊരാൾ അങ്കമായതായി കാണുന്നു. മാത്രമല്ല ഒരുകാലത്തു തോട്ടം 'ബ്രൗൺ സിനമൺ എസ്റ്റേറ്റ്' എന്ന പേരിലും അറിയപ്പെട്ടു.

ഇതിൽ നിന്നെല്ലാം തന്നെ ബ്രൗൺ കുടുംബത്തിലെ പലരും തോട്ടം ചുമതലക്കാരായി എന്നുവേണം കരുതാൻ. 1943വരെ ബ്രൗൺ കുടുംബം തോട്ടം കൈവശം വെച്ചതായി വിശ്വസിച്ചു പോരുന്നു.

എന്നാൽ രേഖകളിൽ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ബ്രൗണിനു ശേഷം ചില വിദേശികൾ തോട്ടം ചുമതല വഹിച്ചതായി അഞ്ചരക്കണ്ടിയിലെ പഴയ തലമുറയിൽ നിന്ന് അറിയാൻ കഴിഞ്ഞു.  അങ്ങിനെ അഞ്ചരക്കണ്ടിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന ആളാണ്  അന്ന് (1990കളിൽ ) തോട്ടത്തിന് സമീപം താമസിച്ചിരുന്ന ശങ്കു മാസ്റ്റർ. അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തട്ടെ. 

മാർഗരറ്റ് ഗ്രേസി, കെല്ലി,  പി സി ആലോറസ് എന്നിവരുടെ പേരുകളും അഞ്ചരക്കണ്ടി തോട്ടവുമായി ബന്ധപ്പെട്ട് പറഞ്ഞു കേൾക്കുന്നുണ്ട്. ബ്രൗൺ കുടുബത്തിന് ശേഷമാവാം ഇവർ തോട്ടത്തിന്റെ ചുമതക്കാരായത് എന്നുവേണം കരുതാൻ. ഇതിൽ അലോറസിന്റെ കാലത്തു കറപ്പയുടെയും തൈലത്തിന്റെയും ഉൽപ്പാദനം വലിയതോതിൽ നടന്നതായി പറയുന്നു. വാറ്റു ചാരായം നിർമ്മിക്കുന്ന രീതിയാണ് അക്കാലത്തു കറപ്പ തൈലം നിർമാണത്തിനായി സ്വീകരിച്ചിരുന്നത്. വലിയ മൺ വീപ്പകളിൽ കറപ്പ ഇലകൾ പുഴുങ്ങി നീരാവി രൂപത്തിൽ വരുന്ന തൈലം ഒരു പത്രത്തിൽ ശേഖരിക്കുകയായിരുന്നു പതിവ്.  ചുവപ്പ് നിറമായിരുന്നു തൈലത്തിനു. എംഡബ്ലിയു ടി ക്രൈഗ് ജോൺസ് എന്നൊരാളുടെ കാലത്താണ് ഇവിടെ യന്ത്രങ്ങൾ ഉപയോഗിച്ച് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. ജോൺസിന്റെ കാലത്തും കറാംപട്ടയുടെയും തൈലത്തിന്റെയും നിർമാണം വ്യാപകമായി നടന്നിരുന്നു. കറപ്പയും തൈലവും വിദേശ രാജ്യങ്ങളിലേക്ക് കപ്പലേറിയതായും പ്ലാന്റേഷൻ രേഖകളിൽ കാണാം. ഇക്കാലത്തു 'യുജിനോൾ 'എന്നപേരിൽ ഇവിടെ നിന്നും പുറത്തിറങ്ങിയ തൈലം സോപ്, പേസ്റ്റ്, ചന്ദന തിരി എന്നിവയുടെ നിർമാണത്തിന് അത്യന്താപേക്ഷിതമായിരുന്നു. 


മൂത്തു പാകമായ കമ്പ് വെട്ടിയെടുത്തു നീളത്തിൽ തൊലി ചെത്തിയെടുത്താണ് കറാംപട്ട ഉണ്ടാക്കുന്നത്. തലശ്ശേരി തോൽ (Thalassey Bark )എന്നപേരിൽ വിദേശ മാർക്കറ്റുകളിൽ ഇത് പേരും പെരുമയും നേടിയിരുന്നു.

അഞ്ചരക്കണ്ടിയിലെത്തിയ സായ്‌പ്പന്മാരുടെ ഭരണ കാലത്ത് അവരുടെ ആവശ്യത്തിനായി റോഡ്കളും നിർമ്മിച്ചു. ചക്കരക്കൽ -പനയത്താം പറമ്പ്, തട്ടാരി പാലം -പാളയം, തട്ടാരി -പനയത്താം പറമ്പ് തുടങ്ങിയ റോഡുകൾ ഇക്കാലത്തു നിർമ്മിച്ചതാണ്. കാലാന്തരത്തിൽ ദേശസാൽ‍കൃത നിയമം വന്നതോടെ 

ജോൺസായ്‌പിൽ നിന്നും എസ്റ്റേറ്റിന്റെ സൂപ്രണ്ടായ കോട്ടയം സ്വദേശി ജേക്കബ് തോട്ടം വിലക്ക് വാങ്ങി. അതോടെയാണ് വിദേശികൾക്ക് രണ്ടത്തറ എസ്റ്റേറ്റിന്റെ അവകാശം എന്നന്നേക്കുമായി നഷ്ടമായത്. ജേക്കബിൽ നിന്നും ജോസഫ് മൈക്കിൾ ആന്റ് ബ്രദഴ്സ് തോട്ടം വിലക്ക് വാങ്ങി.  ഏറ്റവും ഒടുവിലാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മർക്കസ്  ഗ്രൂപ്പ്‌ ഇത് സ്വന്തമാക്കിയത്. അവരിൽ നിന്ന് കൈമാറികിട്ടിയ ഒരു സ്വകാര്യ വ്യക്തി പിന്നീട് ഇവിടെ പല നിർമാണ പ്രവർത്തങ്ങൾക്കും തുടക്കമിട്ടു.

ഇവിടെ മെഡിക്കൽ കോളേജ് നിർമ്മിക്കുന്ന കാലത്താണ് തോട്ടം വ്യാപകമായി നശിപ്പിച്ചത്. വലിയ ബുൾഡൊസറുകൾ വെച്ച് പിഴുതു മാറ്റിയ കറപ്പതൈകൾ മെരട്  ഒന്നിന് 5 രൂപ നിരക്കിൽ വിറകായി വിൽപ്പന നടത്തി. വലിയ പ്രതിഷേധങ്ങൾക്കിടയിൽ ബംഗ്ലാവും പൊളിച്ചു നീക്കുകയായിരുന്നു.  നൂറു വർഷം പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കണമെന്ന പുരാവസ്തു വകുപ്പിന്റെ ഉത്തരവ് നിലനിൽക്കെയാണ് ഇത് തകർത്തത്. അങ്ങിനെ എല്ലാ പ്രധിഷേധങ്ങളും അടിച്ചമർത്തി മെഡിക്കൽ കോളേജ് കെട്ടിടം ഉയർന്നുവന്നു.

അഞ്ചരക്കണ്ടിക്ക് ഇന്ന് പഴയ പ്രതാപമില്ല. പ്രകൃതി ഭംഗിയുമില്ല കോൺക്രീറ്റ് കെട്ടിടങ്ങളും പൊടിപടലങ്ങളും നിറഞ്ഞു ദിനംപ്രതി നഗരമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ നാട്ടിൻപുറം.  ലോകപ്രശസ്തമായ കറപ്പ തോട്ടവും ബ്രൗണിന്റെ ബാക്കിങ് ഹാം കൊട്ടാരവും ഇനി കേൾവിയിൽ തെളിയുന്ന ചിത്രങ്ങൾ മാത്രം.


റജിസ്ട്രേഷൻ

പിറന്നത് ഇവിടെ !

----------------------------------

ലോകപ്രസിദ്ധമായ കറപ്പ തോട്ടം കൊണ്ടോ തോട്ടത്തിന് നടുവിലെ ബക്കിങ്ഹാം കൊട്ടാരം കൊണ്ടോ മാത്രമല്ല അഞ്ചരക്കണ്ടി ചരിത്രത്തിൽ ചേക്കേറിയത്, കേരളത്തിന് അന്നുവരെ അന്യമായിരുന്ന ഒരു സമ്പ്രദായത്തിന് ഈ നാട് സാക്ഷ്യം വഹിച്ചത് കൊണ്ടു കൂടിയാണ്. ഭൂമി അളന്നു തിട്ടപ്പെടുത്തി അതിരുകൾ നിർണയിച്ചു രേഖപ്പെടുത്തിവെക്കുന്ന രീതി, അതായത് റജിസ്ട്രേഷൻ ആദ്യമായി തുടങ്ങിയത് അഞ്ചരക്കണ്ടിയിലാണ്. ബ്രൗൺ സായ്‌പിന്റെ കറപ്പ തോട്ടത്തിലെ കൊട്ടാരമാണ് ഇതിന് സാക്ഷ്യം വഹിച്ചത്.

പ്രഭു കുടുംബംഗാമായ ബ്രൗൺ ഭു സ്വത്ത്‌ സമ്പാദിക്കുന്നതിൽ അതീവ തല്പരനായിരുന്നു. കമ്പനിയുടെ കയ്യിലെ തോട്ടത്തിന് പുറമെ മറ്റ് സ്വത്തുക്കളും ബ്രൗൺ വിലകൊടുത്തു വാങ്ങി. ഭു സ്വത്ത്‌ ക്രമതീതമായി വർധിച്ചപ്പോൾ കൈവശം വന്നുചേർന്ന സ്ഥലത്തിന്റെ അതിരുകൾ നിർണയിക്കുകയും അന്യർ കയ്യേറാത്ത വിധം രേഖകൾ എഴുതി ഉണ്ടാക്കുന്നതിനെ പറ്റി അദ്ദേഹം ആലോചിക്കുകയും ചെയ്തു. അങ്ങിനെയാണ് ബ്രൗണിന്റെ ബുദ്ധിയിൽ റജിസ്ട്രേഷൻ എന്ന ആശയം രൂപപ്പെട്ടത്.

സ്വന്തം ബംഗ്ലാവിൽ തന്നെ ഇതിനായി ഒരു മുറി ഒരുക്കുകയും ഗുമസ്ഥന്മാരെ നിയമിക്കുകയും ചെയ്തു. ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി വിലക്ക് വാങ്ങിയ കറപ്പ തോട്ടത്തിന്റെ റജിസ്ട്രേഷനാണു ആദ്യമായി നടന്നതെന്നാണ് ലഭ്യമായ രേഖകൾ നൽകുന്ന വിവരം. 1798നും 1865നും ഇടയിലാവാം ഇത് നടന്നത്. 


തനിക്ക് മാത്രമല്ല മറ്റുള്ളവർക്ക് കൂടി ഈ നിയമം ബാധകമാക്കണമെന്ന് ബ്രൗൺ തീരുമാനിക്കുകയും നാട്ടുകാരുടെ സ്വത്തുക്കളും അളന്നു വേർതിരിക്കാനുള്ള നടപടികൾക്ക് തുടക്കമിടുകയും ചെയ്തു. ഇതിനായി പ്രത്യേക ജോലിക്കാരെയും നിയമിച്ചു. എഴുതപ്പെട്ട രേഖകളിൽ മായം ചേർക്കാതിരിക്കാൻ രജിസ്റ്റർ ചെയ്ത ഭൂമിയുടെ ഒരു കോപ്പി തന്റെ ബംഗ്ലാവിലും സൂക്ഷിച്ചു. ഭൂമി കൈമാറുമ്പോൾ നാട്ടുകാർ ബ്രൗണിന്റെ ഓഫീസിനെ സമീപിക്കാനും തുടങ്ങി. 1828ൽ ബ്രൗൺ ഒന്നാമൻ മരണപ്പെടുന്നുണ്ട്. പിന്നീട് രജിസ്‌ട്രേഷൻ കാര്യങ്ങൾ നിയന്ത്രിച്ചത് ബ്രൗൺ രണ്ടാമനാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. 5-12-1864ലെ ഉത്തരവ് പ്രകാരം ബ്രൗണിന്റെ എല്ലാ നടപടികൾക്കും ബ്രിട്ടീഷ് സർക്കാർ നിയമ സാധുത നൽകി. 

മുദ്ര നിയമം നിലവിലില്ലാത്തതിനാൽ ആക്കാലത്തു 1865മുതൽ1877 വരെ ബ്രൗൺ നിർദേശിക്കുന്ന കടലാസിലായിരുന്നു രേഖകൾ തയാറാക്കിയിരുന്നത്. മുദ്രനിയമം വന്നതോടെ മദിരാശിയിൽ നിന്നും അവ വരുത്തി രേഖകൾ തയ്യാറാക്കി. 1865വരെയുള്ള എല്ലാ ഭൂമി ഇടപാടുകളുടെയും രേഖകൾ ബ്രൗണിന്റെ ബംഗ്ലാവിൽ സൂക്ഷിച്ചിരുന്നു.

 റജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചതോടെ ബംഗ്ലാവിൽ അസൗകര്യം നേരിടുകയും ബ്രിട്ടീഷുകാർ പണിതു നൽകിയ പുതിയ കെട്ടിട (ഇന്നത്തെ അഞ്ചരക്കണ്ടി റജിസ്ട്രാർ ഓഫീസ്?)ത്തിലേക്ക് (1865) മാറ്റുകയും ചെയ്തു. വാടക കെട്ടിടമാണിതെന്ന് രേഖകളിൽ കാണുന്നു. കേരളത്തിലെ ഒരു പക്ഷെ ഇന്ത്യയിലെ തന്നെ ആദ്യത്തെ റജിസ്റ്റർ ഓഫീസ് ഇതാണെന്ന് കരുതപ്പെടുന്നു. 

 1877 മാർച്ച്‌ ഒന്നാം തീയതിയാണ് വാടക കെട്ടിടം സർക്കാർ കെട്ടിടമായി രേഖപ്പെടുത്തികാണുന്നത്. ബ്രൗൺ കുടുംബത്തിന്റെ കയ്യിലുള്ള വാടക കെട്ടിടം ഒരുപക്ഷെ സർക്കാർ ഏറ്റെടുത്തതാവാം. 


ഉപ്പോട്ട ചന്തൻ ആദ്യത്തെ സബ്രജിസ്ട്രാർ ആയും ചിണ്ടൻ നമ്പ്യാറെ വെണ്ടറായും നിയമിച്ചു. 1877 മുതലുള്ള രേഖകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

അഞ്ചരക്കണ്ടിക്ക് ശേഷമാണു തലശ്ശേരിയിൽ ജില്ലാ റജിസ്ട്രാർ ഓഫീസ് സ്ഥാപിക്കുന്നത്. ചെന്നൈ ആയിരുന്നു ആസ്ഥാനം. ഇതിന് ശേഷമാണ് മുംബൈ, രാജസ്ഥാൻ, നഗ്പുർ, കോൽക്കാത്ത,അലഹബാദ്, അജ്മീർ, അസം എന്നിവിടങ്ങളിൽ റജിസ്ട്രേഷൻ ഓഫീസുകൾ സ്ഥാപിതമാകുന്നത്. അഞ്ചരക്കണ്ടിയിൽ ആദ്യത്തെ റജിസ്ട്രേഷൻ നടക്കുമ്പോൾ ഏഷ്യയിലെ മറ്റ് ഭാഗങ്ങളിൽ ഈ ഒരു രീതിയെ പറ്റി കേട്ട് കേൾവി പോലും ഉണ്ടായിരുന്നില്ലെന്ന് വിശ്വസിച്ചു പോരുന്നു. അത് കൊണ്ട് തന്നെ ഏഷ്യയിലെ ആദ്യത്തെ രജിസ്റ്റർ ഓഫീസും ഇതായിരിക്കാമെന്നുള്ള വാദവും ചിലർ ഉന്നയിക്കുന്നുണ്ട്.

അഞ്ചരക്കണ്ടിയിലെ ആ പഴയ കെട്ടിടത്തിലാണ് ഇപ്പോഴും റജിസ്റ്റർ ഓഫീസ് പ്രവർത്തിക്കുന്നത്. പഴയ ബ്രിട്ടീഷ് കെട്ടിടങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഇതിന്റെ നിർമാണ രീതി. വെട്ട് കല്ലും തേക്ക് തടിയുമാണ് ഇതിനായി ഉപയോഗിച്ചത്. മേൽക്കുരയും മര ഉരുപ്പടികളും തേക്കിൻ തടികൊണ്ടാണ് പണിതത്. രണ്ട് ഓടുകൾ ഇതിന്റെ മേൽക്കൂരയിൽ പാകിയിരിക്കുന്നത് കാണാം. പണ്ടുകാലത്തെ മേശ, കസേര. അലമാര എന്നിവ ഇവിടെ ഉണ്ടായിരുന്നു. അടുത്ത കാലം വരെ നടുവിലത്തെ ഹാളിൽ രജിസ്ട്രാർക്ക് ഇരിക്കാൻ ഒരു ഡയസ് ഉണ്ടായിരുന്നു. അത് പിന്നീട് എടുത്ത് മാറ്റി. കടുക്ക മഷികൊണ്ട് എഴുതിയ രേഖകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. വിദേശ നിർമിതമായ ഒരു ക്ലോക്കും ഇവിടെ ഉണ്ടായിരുന്നു. 

അഞ്ചരക്കണ്ടിയുടെ പഴയ പ്രതാപം ഇപ്പോഴും നമ്മെ ഓർമ്മപ്പെടുത്തുന്ന ഏക ചരിത്ര സാക്ഷിയാണ് ഈ കെട്ടിടം. ഒന്നര പതിറ്റാണ്ടു പിന്നിടുന്ന ഈ ചരിത്ര സ്മാരകം റജിസ്ട്രേഷൻ വകുപ്പിൽ നിന്നും പുരാവസ്തു വകുപ്പ് ഏറ്റെടുത്തു സംരക്ഷിക്കണമെന്നാണ് എന്റെ വ്യക്തി പരമായ ആവശ്യം.

--------------------------------------------------------------

സഹായക ഗ്രന്ഥങ്ങൾ -

1.Survey of Kerala History - A Sreedhara Menon.

2.AnjaraKandy Plantation file.

3. A journey Form Madras through the countries of  Mysore, Canara, Malabar -Francis Buchanan.

4. Malabar Manual -William Logan.

5.A study in the Agrarian Relations of Malabar.William Logan.

6.ഫ്രാൻസിസ് ബുക്കാനന്റെ കേരളം -വിവ: ഡോ. സി കെ കരീം.