Tuesday, 9 July 2019

മഞ്ചേരി കോവിലകത്തിന് ചിലത് പറയാനുണ്ട്...


സിപിഎഫ് വേങ്ങാട്‌





മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ അധികമാരുമാറിയതെ ഒരു കോവിലകമുണ്ട്... മഞ്ചേരി പുതിയ കോവിലകം. വള്ളുവനാട് അധിപനായി വള്ളുവക്കോനാതിരി നാടുവാണ കാലം അവരുമായി അടുത്ത ബന്ധം പുലർത്തുകയും സാമന്തപ്പദവിക്ക് തുല്യമായ ഒരു നില കൈവരിക്കുകയും ചെയ്തവരാണ് ഈ കോവിലകത്തുകാര്‍. എഴുതപ്പെട്ട ചരിത്ര രേഖകള്‍ മഞ്ചേരി കോവിലകത്തിന്റെ രചനക്കായി ഇല്ലെങ്കിലും ചരിത്രത്തില്‍ അങ്ങിങ്ങായുള്ള ചില ചെറിയ പരാമര്‍ശങ്ങളെ കൂട്ടുപിടിച്ച് നടത്തിയ പഠനത്തിലുടെ കിട്ടിയ അറിവുകള്‍ വിസ്മയമേകുന്നതാണ്.
മഞ്ചേരി കോവിലകത്തിന്റെ ചരിത്രം തേടുമ്പോള്‍ 800 വര്‍ഷം പഴക്കമുള്ള ചരിത്ര സംഭവങ്ങളിലേക്കാണ് നാം ചെന്നെത്തുക. കേരളത്തില്‍ മറ്റ് നാടുവാഴി ഭരണം ഉടലെടുത്തത് പോലെ തന്നെ കുലശേഖര സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തോടെയാണ് മഞ്ചേരി കോവിലകക്കാരുടെ ഉത്ഭവം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. നികുതി പിരിക്കാനും, തീര്‍പ്പുകല്‍പ്പിക്കാനും മറ്റും ഇവര്‍ക്കു അധികാരമുണ്ടായിരുന്നു. മഞ്ചേരി, വണ്ടൂര്‍, പാണ്ടിക്കാട്, തുടങ്ങീ ഒരുപാടു പ്രദേശങ്ങള്‍ ഇവരുടെ അധീനതയിലായിരുന്നു. വള്ളുവക്കോനാതിരിയാണു ഇവര്‍ക്കു അധികാരമെല്ലാം കല്‍പ്പിച്ചു കൊടുത്തതെന്നു കരുതപ്പെടുന്നു.



ഇന്നലെയാണ് (09-07-2019) ചരിത്രമുറങ്ങുന്ന മഞ്ചേരിയിലെ പുതിയ കോവിലകം തേടിയുള്ള യാത്ര. നേരത്തെ ഇവിടെ സന്ദര്‍ശനം അനുവദിച്ചില്ലെങ്കിലും അരീക്കോട് ഹൈസ്‌കൂളിലെ അധ്യാപികയായ എന്റെ സുഹൃത്ത് സഫിയ മുഖാന്തിരം സന്ദര്‍ശനത്തിനുള്ള അനുവാദം നേടിയെടുക്കുകയായിരുന്നു. കോവിലകത്തെ ശാന്തിക്കാരന്റെ മകളുടെ അധ്യാപികയായിരുന്നു സഫിയ. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് കോവിലക സന്ദര്‍ശനത്തിന് അനുവാദം നേടിയെടുത്തത്.






എട്ടുകെട്ടാണ് ഈ കോവിലകം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിന്റെ മുന്‍വശം നവീകരിച്ചിട്ടുണ്ട്. രണ്ടു നടുമുറ്റവും പൂമുഖവും പാട്ടു തറയും കളപ്പുരയും പത്തായവും അടങ്ങിയ താഴത്തെ നിയും നാലു കിടപ്പുമുറികളും വലിയ ഹാളുമുള്ള മുകള്‍ നിലയും അടങ്ങുന്നതാണ് ഈ രാജഹര്‍മ്യം. മഞ്ചേരികോവിലകത്തെ കാരണവര്‍മ്മാരാണു ഇവിടെ താമസിക്കുക.  കാരണവന്‍മാരെ ബഹുമാനത്തോടെ കാരണമുല്‍പ്പാട് എന്നും മറ്റുള്ള പുരുഷന്മാരെ തിരുമുല്‍പ്പാട് എന്നുമാണ് വിളിച്ചിരുന്നത്. സ്ത്രീകള്‍ തമ്പാട്ടിമാര്‍ എന്നും അറിയപ്പെട്ടു. കോവിലകത്തിനുള്ളില്‍ കാണപ്പെട്ട അച്ചാര്‍ ഭരണകിളും പിച്ചളപ്പാത്രങ്ങളും ആള്‍ക്കണ്ണാടികളും മേക്കട്ടിയോടുകൂടിയ കട്ടിലും കൗതുകമുളവാക്കി.
പത്തായപ്പുര ചിറക്കല്‍ മഠം എന്നറിയപ്പെടുന്നു. പണ്ട് കോവിലം അമ്പലത്തിലെ പൂജക്കു വരുന്ന ബ്രാഹ്മണര്‍ താമസിക്കുന്ന മഠമായിരുന്നു ഇത്. ഇവിടുത്തെ പാട്ടുതറയുടെ നിര്‍മ്മിതിക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. മരപ്പണികളുടെ അളവുകളെല്ലാം കൃത്യമായി പാലിച്ചിട്ടുണ്ട്. അതുപോലെ തന്നെ പുമുഖപ്പടി കടന്നെത്തുമ്പോള്‍ കാണുന്ന പുമുഖത്തറയും ഭംഗിയാര്‍ന്നതാണ്. മര ഉരുപ്പിടികള്‍ കുറവായിരുന്ന പണ്ട് കാലത്ത് കൂടിയിരുന്ന് സംസാരിക്കാനാണത്രെ പുമുഖത്തറ പണിതിരിക്കുന്നത്. ഇതിന്റെ മുകളിലത്തെ മച്ചിന് മുകളില്‍ കാണപ്പെട്ട കൊത്തുപണികള്‍ മനോഹരമാണ്. വ്യത്യസ്തമായ കൊത്തുപണികളാണിവയെന്നത് ഏറെ ശ്രദ്ദേയം.

മഞ്ചേരി ഏറനാടന്‍ പ്രദേശമാണെലും വള്ളുവനാടന്‍ സംസ്‌കാരം പിന്തുടരുന്നവരാണ് കോവിലകത്തുകാര്‍.  ഇവിടുത്തെ പരദേവത ഏറാട്ട് കാളനും (ശിവന്‍) മുതൃകുന്നു ഭഗവതി( ദുര്‍ഗ)യുമാണു. തിരുമാന്ധാംകുന്നിലമ്മക്കു ഇവിടെ പാട്ടുതറയില്‍ വച്ചു പാട്ടു നടത്താറുണ്ട്.  കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കോവിലകത്തിന് സമീപത്തെ പുത്തന്‍ കോവിലകം എന്ന എട്ടുകെട്ടു പൊളിച്ചു മാറ്റിയിരുന്നു. അവിടെയാണു പണ്ട് കാലത്തു കോവിലകത്തെ മറ്റു കുടുംബാംഗങ്ങള്‍ താമസിച്ചിരുന്നത്. ഏതായാവും വല്ലപ്പോഴുമെത്തുന്ന സന്ദര്‍ശകരോട് പഴയ പ്രതാപം അയവിറക്കുകയാണ് മഞ്ചേരിയിലെ ഈ പുത്തന്‍ കോവിലകം.

No comments:

Post a Comment