സി പി എഫ് വേങ്ങാട്
കഴിഞ്ഞ ദിവസം എഴുത്തുകാരനും ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറുമായ ടി.ടി ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പന്തളം കൊട്ടാരത്തെ കുറിച്ചൊരു പോസ്റ്റിട്ട സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പന്തളത്തെ രാജകുടുംബത്തെ പരിഹസിക്കുക എന്നത് എന്റെ ലക്ഷ്യമല്ലെന്നും പക്ഷെ ചരിത്രം വളച്ചൊടിക്കാന്‍ മുതിരുമ്പോള്‍ അതെക്കുറിച്ച് എതിര്‍ വാദങ്ങള്‍ പറയാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അഭിപ്രായപ്പെട്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ചുരുക്കം ഇതാണ്
'ഒന്നാമതായി പന്തളം രാജവംശം എന്നൊന്ന് കേരളചരിത്രത്തില്‍ ഇല്ല. മാര്‍ത്താണ്ഡവര്‍മ്മ വേണാടിനു വടക്കോട്ടുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കിയത് എങ്ങനെയാണ് എന്ന് നമുക്കറിയാം. ദേശിങ്ങനാടുമായി (കൊല്ലം) യുദ്ധം ഉണ്ടായി. തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നിവരുമായി യുദ്ധം ഉണ്ടായി. കായംകുളം , ഇളയിടത് സ്വരൂപം (കൊട്ടാരക്കര) എന്നിവരുമായി യുദ്ധം ഉണ്ടായി. ചെമ്പകശ്ശേരി (അമ്പലപ്പുഴ) യുമായി യുദ്ധം ഉണ്ടായി. ഈ പ്രദേശങ്ങള്‍ എല്ലാം മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കി. കൊച്ചി പിടിച്ചടക്കിയില്ലെങ്കിലും കൊച്ചിയുമായി യുദ്ധവും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അനുകൂലമായ ഉടംപടിയുമുണ്ടായി. പക്ഷെ ഇതിലൊന്നും നാം മാര്‍ത്താണ്ഡവര്‍മ്മ പന്തളം പിടിച്ചതായി കേള്‍ക്കുന്നില്ല. കാരണം മറ്റൊന്നുമല്ല. അങ്ങനെ ഒരു രാജ്യമോ രാജാവോ ഉണ്ടായിരുന്നില്ല.
പിന്നെ ഇത് വെറും കെട്ടുകഥ ആണോ അല്ല. പാണ്ഡ്യദേശത്ത് നിന്ന് തിരുമല നായക്കനെ പേടിച്ചു ജീവരക്ഷക്ക് അഭയാര്‍ഥികളായി വന്നവരാണ് പൂഞ്ഞാര്‍, പന്തളം പ്രദേശങ്ങളില്‍ അവിടുത്തെ ജന്മികളുടെ കാരുണ്യത്തോടെ സ്വന്തം ക്ഷത്രിയ വംശ ബന്ധം ഉയര്‍ത്തിക്കാട്ടി വസ്തുവകകള്‍ സമ്പാദിച്ചു കഴിഞ്ഞു പോന്നിരുന്നത്. ഈ ക്ഷത്രിയ വംശ ബന്ധം അംഗീകരിച്ചു കൊടുത്തു എന്നതല്ലാതെ ഇവരുടെ പ്രദേശത്തെ പിടിച്ചടക്കേണ്ട ഒരു രാജ്യമായി മാര്‍ത്താണ്ഡവര്‍മ്മ പരിഗണിച്ചിരുന്നില്ല എന്നാണു മനസ്സിലാവുന്നത്.'
സര്‍...അങ്ങയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു കുറച്ചു കാര്യം ഇവിടെ കുറിക്കട്ടെ. അറിവിന്റെ കാര്യത്തില്‍ താങ്കളുടെ അയലത്ത് പോലും നില്‍ക്കാനുള്ള കഴിവില്ലെങ്കിലും ഒരു ചരിത്ര ഗവേഷകന്‍ എന്ന നിലയില്‍ താങ്കളുടെ അഭിപ്രായത്തോട് ഒട്ടും യോജിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ പന്തളവുമായി ഞാന്‍ കണ്ടെത്തിയ കാര്യം ഇവിടെ കുറിക്കട്ടെ.
പാണ്ഡ്യ രാജ്യത്ത് നിന്നെത്തിയ പന്തളം കുടുംബം രാജവംശമായിരുന്നില്ലെന്നും ജന്മികുടുംബം മാത്രമായിരുന്നുവെന്നാണ് താങ്കള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന അവകാശ വാദം.
സര്‍...രാജവംശങ്ങളുടെ പിറവിയെ കുറിച്ച് അന്വേഷണം നടത്തുന്ന സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും കേരളീയ സമൂഹത്തില്‍ സ്വരൂപങ്ങള്‍ (രാജവംശങ്ങള്‍) ഉണ്ടായത് ഭൂ സ്വത്തുകളുടെ അടിസ്ഥാനത്തിലാണെന്ന് കണ്ടെത്താന്‍ ഒരു വിഷമവുമില്ല. സാമ്പത്തികമായി ഉയര്‍ന്ന കുടുംബങ്ങള്‍ കുടുതല്‍ ഭൂമി വാങ്ങിയും പിടിച്ചെടുത്തും ശക്തമാരായി വളര്‍ന്നു. സൈന്യം ഇല്ലാത്തത് കൊണ്ട് ഒരു വംശം രാജവംശമല്ലാതായിപ്പോവുമോ.. നമ്മള്‍ വീട് പണികഴിപ്പിച്ചാലും പണം കൊടുത്ത് വീട് വാങ്ങിയാലും നമ്മുടെ സ്വന്തം വീട് തന്നെയല്ലേ...
പിന്നെ മാര്‍ത്താണ്ഡ വര്‍മ്മ പന്തളത്തെ ആക്രമിക്കാതിരുന്നത് അവര്‍ സ്വന്തമായി സൈന്യം പോലുമില്ലാത്ത രാജ്യമായത് കൊണ്ടാണെന്നും താങ്കള്‍ പറയുന്നു.
സര്‍...അത് സൈന്യമില്ലാതിരുന്ന രാജംവംശം ആയതുകൊണ്ടായിരുന്നില്ല. മറിച്ച് തിരുവിതാംകൂറും പന്തളവും തമ്മലുള്ള ഊഷ്മളമായ ബന്ധം കൊണ്ട് തന്നെയാണ്. ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെച്ചാണ് പന്തളം ഒരു രാജ്യമല്ലെന്ന വാദവുമായി താങ്കള്‍ രംഗത്ത് വന്നത്.
സര്‍...തിരുവിതാംകൂറുമായുള്ള ബന്ധമാണ് മാര്‍ത്താണ്ഡവര്‍മ്മയെ പന്തളം രാജ്യം ആക്രമിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ച കാര്യമെന്ന് പ്രധാനപ്പെട്ട ചിരിത്ര ഗ്രന്ധങ്ങളിലെല്ലാം തന്നെ സുവ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. താങ്കള്‍ക്കും അക്കാര്യം അറിയാമായിരിക്കും എങ്കിലും അക്കാര്യം ഇവിടെ വീണ്ടും ഓര്‍മ്മപ്പെടുത്തട്ടെ.
(1) കേരളത്തില്‍ ഏറെ കാലം താമസിച്ച ഡച്ചു പാതിരിയായ ജേക്കബ് കാന്റര്‍ വിഷര്‍ തന്റെ കത്തുകളില്‍ (Letters From Malabar) ഇക്കാര്യം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. വിഷറുടെ കത്തുകള്‍ക്ക് വിശദീകരണ കുറിപ്പെഴുതിയ കെ പി പത്മനാഭ മേനോന്‍ തന്റെ 'History of Kerala' എന്ന ഗ്രന്ഥത്തില്‍ 84-ാം പേജില്‍ ഇക്കാര്യം വിവരിക്കുന്നുണ്ട്.
(2) ടി കെ വേലുപ്പിള്ളയുടെ ' Travancore state Manual' എന്ന ഗ്രന്ഥത്തില്‍ പറയുന്ന കാര്യം നോക്കാം...
'They had possession on both sides of the Ghats. They were always friendly to the kings of Travancore and their co operation was of great advantage to MarthandaVarma for the subjection of Kayamakulam...Page-544.'
( അവര്‍ക്ക് പശ്ചിമ ഘട്ടത്തിന്റെ ഇരുവശങ്ങളിലും ഭൂമി ഉണ്ടായിരുന്നു. തിരുവിതാംകൂറുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നവരായിരുന്നു ഇവര്‍. ഇവരുടെ ഉറച്ച പിന്തുണയാണ് മാര്‍ത്താണ്ഡവര്‍മ്മക്ക് കായംകുളം പിടിച്ചെടുക്കാന്‍ സഹായികമായത്.)
(3) ഇനി പ്രമുഖ ചരിത്രകാരനായ എ ശ്രീധരമേനോന്‍ പറയുന്ന കാര്യം നോക്കാം...
'MarthandaVarma didn't annex Pandalam as its ruler helped him in the campaigns against Kayamkulam- A Survey of Kerala History, A Sreedhara Menon Page -164.'
( കായംകുളം പിടിച്ചെടുക്കാന്‍ സഹായിച്ചതുകൊണ്ടാണ് മാര്‍ത്താണ്ഡ വര്‍മ്മ പന്തളത്തെ ആക്രമിക്കാതിരുന്നത്.)
മേല്‍പ്പറഞ്ഞ ഉദ്ദരണികളില്‍ നിന്നും മാര്‍ത്താണ്ഡവര്‍മ്മ പന്തളം ആക്രമിക്കാതിരിക്കാന്‍ കാരണം അവരുമായുള്ള നല്ല ബന്ധവും കായംകുളം പിടിച്ചടക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചതുകൊണ്ടും മാത്രമാണ് എന്ന കാര്യം വ്യക്തമായല്ലോ
സര്‍... പന്തളം ഒരു രാജ്യമായിരുന്നെന്നും അവിടെ അന്തസ്സുള്ള രാജവംശം ഉണ്ടായിരുന്നെന്നും ഇതില്‍ നിന്നും സാമാന്യ ബുദ്ദിയുള്ള ആര്‍ക്കും മനസിലാക്കാവുന്നതാണ്. പിന്നെ എന്തിന് വെറുതെ ഒരു കോലാഹലം...ചരിത്രം താങ്കളെ കുറ്റക്കാരനെന്ന് വിധിക്കാതിരിക്കട്ടെ.
No comments:
Post a Comment