Monday, 17 April 2017

ഭാഷാസ്‌നേഹികള്‍ ഓര്‍ക്കുന്നുണ്ടോ ഈ പാതിരിയെ





സി.പി.എഫ് വേങ്ങാട്

സ്ഥലം 
നൂറ്റാണ്ട്മുമ്പ്  ധര്‍മടത്തെ മീന്‍ മാര്‍ക്കറ്റ്.
'നല്ല പിടക്കുന്ന ചെമ്പല്ലി. 
ബേം ബന്നോ' 
മീന്‍കാരന്റെ വിളികേട്ട് ആളുകള്‍ അടുത്തുകൂടി.
അല്‍പ്പനേരത്തിനകം അവിടെ പുരുഷാരമായി. 
എന്നാല്‍ ഈ ആള്‍ക്കൂട്ടത്തില്‍ ഒരു താടിക്കാരന്‍ സായിപ്പ് നാട്ടുകാരുടെ വര്‍ത്തമാനവും ശ്രദ്ധിച്ച് നില്‍പ്പുണ്ടായിരുന്നു.  
'ബായ് നോക്കാതെ സായ്‌പ്പേ  മീംമാങ്ങി ബേം പോട്...!
നാട്ടുകാരുടെ കമന്റ് തന്റെ നോട്ടു ബുക്കില്‍ സായിപ്പ് കുറിച്ചിട്ടു.  മീന്‍മാര്‍ക്കറ്റില്‍ നാട്ടുകാരുടെ വാക്പ്രയോഗം വാ പൊളിച്ച് നോക്കിനിന്ന സായിപ്പ് ആരാണ്? അത് മറ്റാരുമല്ല മലയാള ഭാഷക്ക് മഹാനിഘണ്ടു നിര്‍മ്മിച്ച സാക്ഷാല്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്. 
അന്നത്തെ നാട്ടുമലയാള ശൈലികളില്‍ പലതും ഇന്ന്  പ്രയോഗത്തിലില്ല. സൗന്ദര്യം തുളുമ്പുന്ന ആശൈലികള്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവിലൂടെ ഇന്നും ജീവിക്കുന്നു. 
ഒരു നിയോഗം പോലെ തലശ്ശേരിയിലെത്തിയ ഗുണ്ടര്‍ട്ട് സായ്പ്പിന് ഇതുപോലെ നിരവധി അനുഭവങ്ങള്‍ ഉണ്ടായിരുന്നു. യാത്രക്കിടെ ഒരു ഇല കിട്ടിയാല്‍ പോലും അദ്ദേഹം ആ ഇലകാണിച്ച് വഴിയില്‍ കാണുന്നവരോടെല്ലാം അതിന്റെ  പേരും പ്രത്യേകതയും ചോദിച്ചു മനസിലാക്കുക പതിവാണ്. മലയാളത്തിന് ഒരു വ്യാകരണ ഗ്രന്ഥമുണ്ടാക്കാന്‍ ഒരു ജര്‍മ്മന്‍ സായിപ്പ് എന്തിന് ഈ കഷ്ടപ്പാടുകള്‍ അനുഭവിച്ചു...  ഒരു മറുനാടന്‍ സായിപ്പിന്റെ കറകളഞ്ഞ ഭാഷാ സ്‌നേഹം എന്നല്ലാതെ മറ്റെന്ത് പറയാന്‍.
മലയാളഭാഷക്ക് ഗുണ്ടര്‍ട്ട് ചെയ്ത സേവനങ്ങള്‍  വിലമതിക്കാനാവാത്തതാണ്.ഭാഷക്ക് നിഘണ്ടുവും  ആദ്യത്തെ പത്രവും പുറത്തിറക്കി അദ്ദേഹം കൈരളിയുടെ ദത്തുപുത്രനായി.ഈ വരുന്ന ഏപ്രില്‍ 25ന് അദ്ദേഹത്തിന്റെ 124 ല്ലാം ചരമ വാര്‍ഷിക ദിനം കടന്നു പോവുമ്പോള്‍ മലയാളി ഒരിക്കല്‍ കൂടി നിസ്വാര്‍ത്ഥനായ ആ സായിപ്പിന്റെ ഓര്‍മ പുതുക്കുകയാണ്.
ഗ്രോവ്‌സ് എന്ന ഇംഗ്ലീഷുകാരനൊപ്പമാണ് ഗുണ്ടര്‍ട്ട് ഇന്ത്യയിലെത്തുന്നത്. മിഷന്‍ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഇതിനായി അദ്ദേഹം കേരളത്തിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. വടക്കെ മലബാറില്‍ മിഷന്‍ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായ തലശ്ശേരി ഇല്ലിക്കുന്നില്‍ 1839 ഏപ്രില്‍ 13ന് ഒരു വിഷു ദിനത്തിലായിരുന്നു അദ്ദേഹം എത്തിയത്.വിദേശികള്‍ക്കെന്നും വിസ്മയമായ തലശ്ശേരി ഗുണ്ടര്‍ട്ടിനെയും തന്റെ മായാ വലയത്തിലാക്കാന്‍ മടിച്ചില്ല.അപരിചിതരെ പോലും പെട്ടെന്ന് തന്നിലേക്കാകര്‍ഷിക്കുന്ന ഈ നഗരം ഈ ഭാഷാ സ്‌നേഹിയെയും തന്നിലേക്കടുപ്പിച്ചു. ഇല്ലിക്കുന്ന് ബംഗ്ലാവില്‍ രണ്ട് പതിറ്റാണ്ട് കാലം താമസിച്ച് മലയാള ഭാഷക്ക് കരുത്തുറ്റ സംഭാവനകള്‍ നല്‍കി ഗുണ്ടര്‍ട്ട് തിരിച്ചു പോയതും ഒരു വിഷു ദിനത്തിലായിരുന്നു- ചരിത്ര നിയോഗം പൂര്‍ത്തിയാക്കിയ സംതൃപ്തിയോടെ...അറിയുന്തോറും വിസ്മയമേകുന്നതാണ് ഗുണ്ടര്‍ട്ടിന്റെ ജീവിത കഥ.
തലശ്ശേരിയിലെത്തിയ ഗുണ്ടര്‍ട്ട് തുടക്കത്തില്‍ നെട്ടൂരിലെ ബംഗ്ലാവിലും കോട്ടക്കടുത്ത ഫെല്‍സ് ഹൗസിലുമായി താമസിച്ചു. പിന്നീട്  നെട്ടൂര്‍ ബംഗ്ലാവില്‍ തന്നെ സ്ഥിര താമസമാക്കുകയായിരുന്നു.ഇതിനിടെ കണ്ണൂര്‍ ചിറക്കലിലും കുറച്ചു കാലം താമസിച്ചു. മലബാറില്‍ മിഷന്‍ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഹെബിക്കില്‍ നിന്നും  ചുമതല ഏറ്റെടുത്ത ഗുണ്ടര്‍ട്ട് അതിന്റെ പ്രചരണത്തിനായി ഏറെ പ്രയത്‌നിച്ചു.അഞ്ചരക്കണ്ടിയിലെ  ബ്രൗണ്‍ സായ്പ്പിന്റെ കറപ്പഎസ്റ്റേറ്റില്‍ തോട്ടം  ജോലിക്കായി വയനാട്ടില്‍ നിന്നും കൊണ്ടുവന്ന  വേട്ടുവ സമുദായത്തില്‍ പെട്ട തൊഴിലാളികള്‍ക്ക്  സുവിശേഷം പറഞ്ഞ് കൊടുക്കലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചുമതല. തുടക്കത്തില്‍ മിഷന്‍ പ്രവര്‍ത്തനത്തില്‍ മാത്രമായിരുന്നു ഗുണ്ടര്‍ട്ടിന്റെ പ്രവര്‍ത്തനം.
തികഞ്ഞ ഒരു ഭാഷാ സ്‌നേഹിയായിരുന്നു ഗുണ്ടര്‍ട്ട്. നിരവധി ഭാഷകള്‍ ഈ ജര്‍മന്‍ മിഷണറിക്ക് വശമായിരുന്നു.17 ഭാഷകളിലുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഗുണ്ടര്‍ട്ടിന്റെ പേരില്‍ നെട്ടൂരിലെ ഇല്ലിക്കുന്ന് ബംഗ്ലാവില്‍ എത്താറുണ്ട്.  മിഷന്‍ പ്രചരണത്തെ ത്വരിതപ്പെടുത്തന്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് കഴിയുമെന്ന വിശ്വാസം ഗുണ്ടര്‍ട്ടിനെ ഇരുത്തി ചിന്തിപ്പിച്ചു.  മലയാളത്തില്‍ വര്‍ത്തമാന പത്രങ്ങള്‍ തുടങ്ങാന്‍ അദ്ദേഹത്തിന് പ്രചോദനമായത് ആ ഒരു വിശ്വാസമാണ്.അങ്ങിനെ മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരം പുറത്തിറങ്ങി.ഗുണ്ടര്‍ട്ടാണ് ഇതിന്റെ പത്രാധിപരെന്ന് വിശ്വസിച്ച് പോരുന്നു.  ബംഗ്ലാവിന് സമീപമുള്ള പള്ളിക്കോലായിയില്‍ സ്ഥാപിച്ച ലിത്തോപ്രസിലാണ് രാജ്യസമാചാരം അച്ചടിച്ചത്.1845 ജൂണിലാണ് രാജ്യ സമാചാരത്തിന്റെ ആദ്യ ലക്കം പുറത്ത് വന്നത്. പൂര്‍ണമായും മതപ്രബോധനം എന്നതാണ് രാജ്യ സമാചാരത്തിന്റെ ലക്ഷ്യം. 
യേശുവില്‍ അഭയം കണ്ടെത്തിയ വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കുണ്ടായ ദിവ്യാനുഭവമാണ് രാജ്യ സമാചാരത്തിന്റെ താളുകളില്‍ പതിഞ്ഞിരുന്നത്. 1850 ഡിസംബറില്‍ ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു.
1847 ഡിസംബറില്‍ പുറത്തിറങ്ങയ 'പശ്ചിമോദയം' ഭാഷയിലെ രണ്ടാമത്തെ പത്രമായാണ് കണക്കാക്കപ്പെടുന്നത്.  ബംഗ്ലാവ് കേന്ദ്രീകരിച്ചാണ് പശ്ചിമോദയവും   പുറത്തിറങ്ങിയത്.രാജ്യ സമാചാരത്തെ അപേക്ഷിച്ച്  പശ്ചിമോദയം തികച്ചും വിഭിന്നമാണ്. റോയല്‍ എട്ടിലൊന്നു വലിപ്പത്തില്‍ എട്ടു പേജുകളാണ് ഉണ്ടായിരുന്നത്. വാല്യം നമ്പറും പത്രാധിപരുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. മിഷന്‍ പ്രവര്‍ത്തനത്തിനായി ഗുണ്ടര്‍ട്ടിനെ സഹായിക്കാനെത്തിയ എഫ്.മുള്ളര്‍ ആണ് ഇതിന്റെ പത്രാധിപര്‍. ചരിത്രം,ഭൂമിശാസ്ത്രം,ഭരണം എന്നീ മേഖലകളില്‍ പാശ്ചാത്യ മേഖലയിലുണ്ടായ  പരിഷ്‌കരണവും പുരോഗതിയും ഇതിലെ വിഷയങ്ങളായിരുന്നു. 1851 വരെ പശ്ചിമോദയം പ്രസിദ്ധീകരണം തുടര്‍ന്നതായി വിശ്വസിക്കപ്പെടുന്നു.
ഈ കാലയളവില്‍ തന്നെയാണ് ഗുണ്ടര്‍ട്ട് മലയാളത്തിന് വേണ്ടി ഒരു നിഘണ്ടു തയാറാക്കുന്നത്. ഭാഷക്ക് മതിയായ പരിപോഷണം നല്‍കാന്‍ ഒരു നിഘണ്ടു അന്ത്യന്താപേക്ഷിതമാണെന്ന് കണ്ടെത്തിയ ഗുണ്ടര്‍ട്ട് അതിനുളള ശ്രമം ആരംഭിക്കുകയായിരുന്നു. ചൊക്ലിയിലെ ഊരാച്ചേരി ഗുരുനാഥന്‍മാരില്‍ നിന്നും ഭാഷ പഠിച്ച ഗുണ്ടര്‍ട്ട് അവരുടെ സഹായത്തോടെയാണ് നിഘണ്ടു തയാറാക്കിയത്.നാടന്‍ വാക്കുകള്‍ കേട്ടറിഞ്ഞും അതേക്കുറിച്ച് അന്വേഷണം നടത്തിയുമാണ് അദ്ദേഹം നിഘണ്ടുവിലേക്കുള്ള വാക്കുകള്‍ കണ്ടെത്തിയത്. അതിനായി സാധാരണക്കാരിലെ സാധാണക്കാരിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. പ്രാദേശികമായ പല ഭാഷാപ്രയോഗങ്ങളും വാക്കുകളും അദ്ദേഹം അറിഞ്ഞും കേട്ടും   മനസിലാക്കി.യാത്രക്കിടയില്‍ പോലും നിഘണ്ടുവിലേക്കാവശ്യമായ വാക്കുകള്‍ ശേഖരിച്ചും അവയുടെ പ്രൂഫ് നോക്കിയും തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം മലയാളഭാഷക്ക് വേണ്ടി ചെലവഴിച്ചെന്ന് പറയുമ്പോള്‍ തെറ്റാവില്ല.അങ്ങിനെ വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനുമൊടുവില്‍ മലയാളത്തിന് അമൂല്യമായ ആ  വ്യാകരണ ഗ്രന്ഥം ലഭിച്ചു. ഇന്നും മലയാളത്തിന്റെ അടിസ്ഥാന നിഘണ്ടുവായി ഗുണ്ടര്‍ട്ട് നിഘണ്ടു തന്നെയാണ് കണക്കാക്കിപ്പോരുന്നത്.ഉത്തര കേരളത്തിന്റെ വാമൊഴിക്ക് പ്രയോഗ പ്രസക്തി കല്‍പ്പിച്ച ആദ്യത്തെ ഗ്രന്ഥമാണിത്.1972ല്‍ ഈ നിഘണ്ടുവിന്റെ ശതാബ്ദി ആഘോഷം തലശ്ശേരിയില്‍ ആചരിക്കുകയുണ്ടായി.
 നിഘണ്ടു നിര്‍മാണത്തിനും പത്ര പ്രസിദ്ധികരണത്തിലും നാട്ടുകാരായ  ചിലര്‍ ഗുണ്ടര്‍ട്ടിനെ സഹായിച്ചിരുന്നതായി ചരിത്ര രേഖകളില്‍ കാണാം. പത്രത്തിന്റെ നിര്‍മാണത്തിനാവശ്യമായ വടിവൊത്ത അക്ഷരങ്ങള്‍ കൊത്തിയുണ്ടാക്കിയത് ചോമ്പാല്‍ സ്വദേശിയ കണ്യന്‍ കടുവാണ്. ഇദ്ദേഹം തമിഴ് വംശജനാണ്. നിഘണ്ടു നിര്‍മാണത്തില്‍ ഗുണ്ടര്‍ട്ടിന്റെ ഗുരുനാഥന്‍മാരായ ഊരാച്ചേരി ഗുരുനാഥന്‍മാരുടെ പങ്ക് വളരെ വലുതാണ്. ചൊക്ലി ഊരാച്ചേരിപ്പറമ്പിലെ ഇല്ലത്തില്‍ അഞ്ചു ഗുരുനാഥന്‍മാരാണ് ഉണ്ടായിരുന്നത്. ഇവരെക്കുറിച്ച്  പല കാര്യങ്ങളും ഗുണ്ടര്‍ട്ട് തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ആദരവോടെ പ്രസ്താവിച്ചിരിക്കുന്നതായി കാണാം. എബ്രഹാം മുളിയില്‍ എന്നൊരാളും നിഘണ്ടുനിര്‍മാണത്തില്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.
നിഘണ്ടുവിലും പത്രത്തിലുംമാത്രമൊതുങ്ങിയില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഭാഷയെ പരിപോഷിപ്പിക്കുന്നതില്‍ പഴഞ്ചൊല്ലുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മനസിലാക്കിയ ഗുണ്ടര്‍ട്ട് 'പഴഞ്ചൊല്‍മാല' എന്ന പുസ്തകം എഡിറ്റു ചെയ്ത് പുറത്തിറക്കി.മലബാറിലെ ആദ്യത്തെ സ്‌കൂള്‍ ഇന്‍പെക്ടറായിരുന്നു അദ്ദേഹം.   സ്‌കൂള്‍ ഇന്‍സ്‌പെക്ടറായി ജോലിചെയ്യവെ  പല പ്രദേശങ്ങളിലെയും വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച്   ഭാഷാ പഠനത്തിന് പുസ്‌കങ്ങളുടെ ദൗര്‍ലഭ്യമുണ്ടെന്ന് മനസിലാക്കി. അങ്ങിനെയാണ് 'വലിയപാഠാരംഭം' എന്ന അടിസ്ഥാന പാഠാവലി ജന്മം കൊണ്ടത്. അങ്ങിനെ ഒരു മലയാളിക്ക് സ്വപ്‌നം കാണാവുന്നതിലപ്പുറമുള്ള മഹത്തായ സംഭാവനകള്‍ നല്‍കിയാണ് അദ്ദഹം മലയാളത്തോട് വിടപറഞ്ഞത്.1859ല്‍ ജര്‍മ്മനിയിലേക്ക് തിരിച്ചു പോയ ഗുണ്ടര്‍ട്ട് 1893 ഏപ്രില്‍ 25ന് കാല്‍വില്‍ അന്തരിച്ചു.മലയാളത്തിന് അക്ഷര ദീപംപകര്‍ന്നു നല്‍കിയ ഒരു ശുക്രനക്ഷത്രമാണ് അതോടെ പൊലിഞ്ഞത്.
ഗുണ്ടര്‍ട്ട് 20 വര്‍ഷക്കാലം  താമസിച്ച തലശ്ശേരിയിലാവട്ടെ അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്ന  ഒന്നിലധികം സ്മാരകങ്ങളുണ്ട്.ഇതില്‍ പ്രധാനപ്പെട്ടതാണ് ഗുണ്ടര്‍ട്ട് പ്രതിമ. പഴയ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് പിറകിലായി സ്ഥിതി ചെയ്യുന്ന ഈ  പൂര്‍ണകായ പ്രതിമ സന്ദര്‍ശകര്‍ക്കിപ്പോഴും വിസ്മയമേകുന്നതാണ്. പഴയ കോസ്‌മോ  പൊളിറ്റണ്‍ റോഡ് ഗുണ്ടര്‍ട്ട് റോഡ് എന്ന് നാമകരണം ചെയ്തും തലശ്ശേരിക്കാര്‍ അദ്ദേഹത്തോട് മാന്യത കാട്ടി. എന്നാല്‍ അദ്ദേഹത്തിന്റെ  പാദപതനമേറ്റ ബംഗ്ലാവ് ചരിത്ര മ്യൂസിയമാക്കണമെന്ന ആവശ്യത്തിന് ഇപ്പോഴും പരിഹാരമായിട്ടില്ല.വല്ലപ്പോഴുമെത്തുന്ന സഞ്ചാരികളോട് ഇപ്പോള്‍ അവഗണനയുടെ കഥ പറയുകയാണ് ഈ ബംഗ്ലാവ്

അവഗണനയേറ്റ് പത്ര ഗേഹം


ജര്‍മനിയിലെ കാല്‍വിലുള്ള കല്ലറയിലിരുന്ന് ഗുണ്ടര്‍ട്ടിന്റെ ആത്മാവ് ഇപ്പോഴും വിലപിക്കുന്നുണ്ടാവാം. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച് ബംഗ്ലാവ് സംരക്ഷിക്കപ്പെട്ടില്ലല്ലോ എന്നോര്‍ത്ത്.തലശ്ശേരിയില്‍ നടപ്പാക്കിവരുന്ന പൈതൃക നഗരം പദ്ധതിതയുടെ ഭാഗമായി ബംഗ്ലാവ് സംരക്ഷിക്കപ്പെടുമെന്ന് കരുതിയെങ്കിലും യാതൊരു നടപടിയും ഉണ്ടാവാത്തത് തലശ്ശേരിയെ സ്‌നേഹിച്ച ഒരു ഭാഷാപണ്ഡിതനോടുള്ള അവഗണനയാണ്.
കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ചരിത്രത്തില്‍ ഇല്ലിക്കുന്ന് ബംഗ്ലാവിനുള്ള സ്ഥാനം ചെറുതല്ല. മലയാളത്തില്‍ ആദ്യമായി പത്രങ്ങളും   ഭാഷക്ക് ആദ്യമായി ഒരു നിഘണ്ടുവും ജന്മംകൊണ്ടത് ഈ ബംഗ്ലാവില്‍ നിന്നാണ്. 
തലശ്ശേരി നഗരത്തില്‍ നിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ അകലെ നെട്ടൂരില്‍ പെട്ട ഇല്ലിക്കുന്നിലാണ് ബംഗ്ലാവ്  സ്ഥിതി ചെയ്യുന്നത്. ഗുണ്ടര്‍ട്ട് ബംഗ്ലാവ്. മിഷന്‍ പ്രവര്‍ത്തനത്തിനെത്തിയ ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ഭാര്യ ജൂലി ഡിബോയയോടൊപ്പം 20 വര്‍ഷക്കാലം താമസിച്ചത് ഇവിടെയാണ്. അങ്ങിനെയാണ് ഈ ഭവനം ഗുണ്ടര്‍ട്ടിന്റെ നാമധേയത്തില്‍ അറിയാന്‍ തുടങ്ങിയത്.
തലശ്ശേരിയില്‍ ജഡ്ജിയും മിഷന്‍ പ്രവര്‍കനുമായിരുന്ന ഹെബിക് എന്നൊരാളാണ് ഈബംഗ്ലാവ് ഗുണ്ടര്‍ട്ടിന് നല്‍കിയത്.എന്നാല്‍ സ്‌ട്രേഞ്ച് എന്നൊരാളാണ് ബംഗ്ലാവ് മിഷന്‍ പ്രവര്‍ത്തനത്തിനായി വിട്ടുകൊടുത്തതെന്ന്  മറ്റൊരഭിപ്രായവുമുണ്ട്. എന്തായാലും  ഗുണ്ടര്‍ട്ട് ബംഗ്ലാവെന്ന പേരിലാണ് ഈ ചരിത്ര സ്മാരകം പ്രസിദ്ധമായത്.
മലയാളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും പത്രമെന്നവകാശപ്പെടുന്ന 'രാജ്യസമാചാരവും പശ്ചിമോദയവും' പിറന്ന് വിണത് ഈബംഗ്ലാവിലാണ്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു ഗുണ്ടര്‍ട്ട് തയാറാക്കിയതും ഈ ബംഗ്ലാവില്‍ താമസിച്ചു കൊണ്ടാണ്.ഇത്‌കൊണ്ട് മാത്രമായില്ല, വിശ്വോത്തര സാഹിത്യകാരനും നോബല്‍ പ്രൈസ് ജേതാവുമായ ഹെര്‍മന്‍ ഹെസെയുമായി ഈ ബംഗ്ലാവിന് പൊക്കിള്‍കൊടി ബന്ധമുണ്ട്. ഗുണ്ടര്‍ട്ടിന്റെ പേരമകനാണ് ഹെര്‍മന്‍ ഹെസെ. ഹെസെയുടെ അമ്മ മേരി(ഗുണ്ടര്‍ട്ടിന്റെ മകള്‍) ജനിച്ചത് ഈ ബംഗ്ലാവിലാണ്. ഈ ഒരു  ബന്ധം ഊട്ടിയുറപ്പിക്കാനാണ് ഹെസെയുടെ 125-ാം ജന്മദിനാഘോഷത്തിന്റെ തുടക്കം തലശ്ശേരിയില്‍ നിന്നാകാന്‍ സറ്റുട്ഗര്‍ട്ടിലെ ഹെസ്സെ ആഘോഷ കമ്മറ്റിയെ പ്രേരിപ്പിച്ചത്. യുറോപ്പിലെ വിവിധ രാജ്യങ്ങളില്‍ കൊണ്ടാടിയ ഹെസെ ജന്മവാര്‍ഷികത്തിന്റെ ഉദ്ഘാടനം രണ്ടു ദിവസം വിവിധ പരിപാടികളോടെ ആഘോഷിച്ചത് തലശ്ശേരിയുടെ സാംസ്‌കാരിക ചരിത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കുന്നു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഹെസെയുടെ ജന്മനാടായ സ്റ്റുട്ഗര്‍ട്ടില്‍ നിന്ന് നിരവധി പേര്‍ തലശ്ശേരിയിലെത്തിയിരുന്നു. തങ്ങളുടെ പൂര്‍വികന്‍ രണ്ടു പതിറ്റാണ്ട് ചെലഴിച്ച തലശ്ശേരിയെ കണ്‍കുളിര്‍ക്കെ കണ്ട ജര്‍മ്മന്‍ സംഘത്തിന്  നെട്ടൂരിലെ ഗുണ്ടര്‍ട്ട് ബംഗ്ലാവ്  വിസ്മയമായി. അത് ഗുണ്ടര്‍ട്ടിന്റെ പേരില്‍  ഒരു മ്യൂസിയമായി നിലനിര്‍ത്തണമെന്ന് അന്ന് ആവശ്യമുയര്‍ന്നിരുന്നു.ഇപ്പോള്‍ നെട്ടൂര്‍ എന്‍.ടി.ടി.എഫിന്റെ ഹോസ്റ്റലായി പ്രവര്‍ത്തിക്കുന്ന ഈ ബംഗ്ലാവ് സി.എസ്.ഐയുടെ കയ്യിലാണ്. നേരത്തെ ബന്ധപ്പട്ടവര്‍ ഇത് പൊളിച്ചു നീക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
മനോഹരമായ ഇല്ലിക്കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവ്  സന്ദര്‍ശകര്‍ക്ക് ഇപ്പോഴും വിസ്മയമേകുന്നതാണ്. തേക്ക് തടികൊണ്ടാണ് ഇതിന്റെ മരഉരുപ്പടികള്‍ നിര്‍മിച്ചിട്ടുള്ളത്. വിശാലമായ നടുത്തളവും മുറികളും ഈ ബംഗ്ലാവിനുണ്ട്. ഗുണ്ടര്‍ട്ടിന്റെ കാലത്ത് ഇവിടെ വന്‍ ഫോട്ടോ ശേഖരം ഉണ്ടായിരുന്നു. തലശ്ശേരിയുടെ അപൂര്‍വ ചിത്രങ്ങളടങ്ങിയ ശേഖരം ഇപ്പോഴില്ല.  കൊത്തുപണികളാല്‍ അലംകൃതമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മര ഉരുപ്പടികളും ബംഗ്ലാവിലില്ല.  യഥേഷ്ടം വായു സഞ്ചാരവും വെളിച്ചവും കടന്നു വരുന്ന തരത്തിലായിരുന്നു ഇതിന്റെ നിര്‍മാണം.വേണ്ടത്ര സംരക്ഷണം ലഭിക്കാത്ത ബംഗ്ലാവിന് ബലക്ഷയമുള്ളതായി അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഇതിനടുത്ത് തന്നെയാണ് നെട്ടൂര്‍ സി.എസ്.ഐ ചര്‍ച്ച്. ഗുണ്ടര്‍ട്ടാണ് ഈ പള്ളി പണിതത്. സന്ദര്‍ശകര്‍ക്കിപ്പോഴും ആത്മീയ ദര്‍ശനം നല്‍കുകയാണ് ഈ ക്രിസ്ത്യന്‍ ദേവാലയം.
സി.എസ്.ഐയുടെ കീഴിലുള്ള ഈ ചരിത്ര സ്മാരകം ഒഴിപ്പിച്ചെടുത്ത് പുരവസ്തു വകുപ്പിന്റെ മ്യൂസിയവും ഗവേഷണ കേന്ദ്രവുമാക്കണമെന്നാണ്  പൊതുവെയുള്ള അഭിപ്രായം. തലശ്ശേരിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി ഈ സ്മാരകം സംരക്ഷിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും  ഉണ്ടായിട്ടില്ല.അവഗണന ഇനിയും തുടരുകയാണെങ്കില്‍ മലയാള പത്രത്തിന്റെ ജന്മഗേഹമായ ഗുണ്ടര്‍ട്ട് ബംഗ്ലാവ് കേള്‍വിയില്‍ തെളിയുന്ന ചിത്രമായേക്കും.



No comments:

Post a Comment