സി.പി.എഫ് വേങ്ങാട്
ചരിത്രത്തിന്റെ അര്‍ത്ഥഗര്‍ഭമായ മൗനം നൂറ്റാണ്ടുകള്‍ക്കിപ്പുറവും കണ്ണൂര്‍ കോട്ടയെ വിട്ട്മാറിയിട്ടില്ല, മാപ്പിള ബേ ഉള്‍ക്കടലിലെ തിരമാലകളുടെ അകമ്പടിയുണ്ടായിട്ട് പോലും...
നട്ടുച്ച നേരത്തുപോലും പേടിപ്പെടുത്തുന്ന കണ്ണൂര്‍ കോട്ടയിലെ ഭീകരമായ അന്തരീക്ഷത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല.
ശക്തമായ മതിലും കോട്ടവാതിലും തീ തുപ്പാന്‍ വെമ്പിനില്‍ക്കുന്ന പീരങ്കികളും പണ്ടെങ്ങോ ചെയ്ത ക്രൂര കൃത്യങ്ങളുടെ മൂകസാക്ഷികളാണ്. ജയിലും കഴുമരവും വെടിയറകളും നല്‍കുന്ന ഭീകരതക്കിടയിലും ഒരു ദീനവിലാപത്തിന്റെ അലയൊലി കോട്ടക്ക് മുകളില്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്.
അധികരത്തിന്റെ ഹുങ്കില്‍ പറങ്കികള്‍ ചെയ്തുകൂട്ടിയ ക്രൂരതകളില്‍ ബലിയര്‍പ്പിക്കപ്പെട്ട അത്മാക്കളുടെ വിലാപമായിരിക്കാം ഒരു പക്ഷെ അത്. വിട്ടുമാറാത്ത ദുരൂഹതയും ഇപ്പോഴും പേടിപ്പെടുത്തുന്ന ക്രൂരതകളും കണ്ണൂര്‍ കോട്ടക്ക് നല്‍കുന്നത് ഭീകരതയുടെ മുഖമാണ്. നൂറ്റാണ്ടുകള്‍ അമര്‍ത്തിച്ചവിട്ടിക്കടന്നുപോയ കോട്ട കൊത്തങ്ങളില്‍ തഴമ്പേറ്റ് കിടക്കുന്ന ദുരൂഹതകളും ക്രൂരകൃത്യങ്ങളും കേട്ടറിയുന്ന ഏതൊരു സഞ്ചാരിയും ഒരു കാര്യം ഉറപ്പിച്ചു പറയും 'കണ്ണൂര്‍ കോട്ടക്ക് ചരിത്രം മാപ്പ് നല്‍കില്ല...'
കേരളത്തില്‍ ആധിപത്യംസ്ഥാപിച്ച പറങ്കികള്‍ക്ക് എന്നും കനത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നത് മുസ്ലിങ്ങളായ കച്ചവടക്കാരില്‍ നിന്നാണ്. പുതിയ വ്യാപര നയവുമായെത്തിയ വിദേശികള്‍ക്ക് മുസ്ലിങ്ങളായ പ്രത്യേകിച്ച് അറബികളായ കച്ചവടക്കാരെ പിണക്കി വ്യാപാരാനുകൂല്യങ്ങള്‍ നല്‍കാന്‍ മിക്ക രാജക്കന്‍മാരും തയാറായിരുന്നില്ല. ഇതില്‍ പ്രധാനിയാണ് കോഴിക്കോട്ട സാമൂതിരി. അത്‌കൊണ്ട് തന്നെയാണ് മാപ്പിളമാരായ കച്ചവടക്കാരെ അവസരം കിട്ടുമ്പോഴെല്ലാം ആക്രമിക്കാനും അവരുടെ കപ്പലുകള്‍ കൊള്ളയടിക്കാനും പറങ്കികള്‍ ശ്രമിച്ചത്. ഇത് ചിലപ്പോള്‍ വലിയ ക്രൂരകൃത്യമായി മാറി. ഇതിന് വേദിയായതൊ, പലപ്പോഴും അവരുടെ കേന്ദ്രങ്ങളായ കോട്ട കൊത്തളങ്ങളും. ഇത്തരം ചില ക്രൂരതകളുടെ കഥകള്‍ കണ്ണൂര്‍ സെന്റ്ആഞ്ചലോ കോട്ടക്കും പറയാനുണ്ട.്
സാമൂതിരിയുടെ തട്ടകമായ കോഴിക്കോട് നിന്നും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാതിരുന്ന പോര്‍ച്ചുഗീസുകാര്‍ കണ്ണൂരില്‍ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചത്. മാത്രമല്ല കേരളത്തിലെ പ്രധാന കച്ചവട കേന്ദ്രങ്ങളിലെല്ലാം കോട്ടകള്‍ സ്ഥാപിക്കാനിറങ്ങിപ്പുറപ്പെട്ട പോര്‍ച്ചുഗീസ് വൈസ്രോയി ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡക്ക് തന്റെ വൈസ്രോയി സ്ഥാനം നിലനില്‍ക്കണമെങ്കില്‍ കണ്ണൂരില്‍ കോട്ട കെട്ടേണ്ടത് അത്യാവശ്യമാണ്. കൊച്ചിയിലും കൊല്ലത്തും കോട്ട കെട്ടിയ അദ്ദേഹം കണ്ണൂരിലും ഇക്കാര്യത്തില്‍ വിജയിക്കുകതന്നെ ചെയ്തു.
കോലത്തിരിയെ അനുനയിപ്പിച്ച് തങ്ങളുടെ കച്ചവട കേന്ദ്രത്തിന് ചുറ്റും തുടക്കത്തില്‍ ഒരു മതില്‍ കെട്ടാന്‍ അനുവാദം വാങ്ങിയ പോര്‍ച്ചുഗീസുകാര്‍ ക്രമേണ കോട്ടകെട്ടാനുള്ള സാഹചര്യമൊരുക്കുകയും തുടര്‍ന്ന് അതിന്റെ പണിയാരംഭിക്കുകയും ചെയ്തു.അങ്ങിനെ 1505 ഓക്‌ടോബര്‍ 23ന് കണ്ണൂര്‍ കോട്ടയുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
ഏതൊരാക്രണത്തെയും പ്രതിരോധിക്കാന്‍ പാകത്തില്‍ ത്രികോണാകൃതിയില്‍ പണിത കോട്ടക്ക് സെന്റ്ആഞ്ചലോസ് എന്നവര്‍ പേരിട്ടു. ദക്ഷിണേന്ത്യയിലെ പറങ്കികളുടെ പ്രധാന ശക്തികേന്ദ്രമായിതീര്‍ന്നു പിന്നീട് കണ്ണൂര്‍ കോട്ട. ക്രമേണ ഒരു നാവിക ശക്തിയായി വളര്‍ന്നുവന്ന പോര്‍ച്ചുഗീസുകാരുടെ മുസ്ലിം വിരുദ്ധ സ്വഭാവം വിണ്ടും ഉണര്‍ന്നുതുടങ്ങി. തങ്ങളുടെ അനുമതി (പാസ്) കൂടാതെ കടലിലൂടെ പോകുന്ന എല്ലാകപ്പലുകളും അവര്‍ കൊള്ളയടിച്ചു. മുസ്ലിം വ്യാപാരികളുടെയും അറബികളുടെയും കപ്പലുകളാണ് അവര്‍ പ്രധാനമായും കൊള്ളയടിച്ചിരുന്നത്.
ഫ്രാന്‍സിസ്‌കോ ഡി.അല്‍മേഡ ക്രൂരനായ ഒരു വൈസ്രോയിയാണ്. അധികാര വടംവലിയില്‍ തനിക്ക് പകരം വന്ന അല്‍ബൂക്കര്‍ക്ക് എന്ന വൈസ്രോയിയെ അല്‍മേഡ കോട്ടയിലെ തടവില്‍ പാര്‍പ്പിച്ചിരുന്നു. പിന്നീട് പറങ്കി പട്ടാള മേധാവി മാര്‍ഷല്‍ ജോണ്‍ ഫെര്‍ണാഡോ എത്തിയാണ് അല്‍ബൂക്കര്‍ക്കിനെ മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഭയന്നാണ് കോട്ട മേധാവിയായിരുന്ന ലോറന്‍സോ ഡി ബ്രിട്ടോ നാടുവിട്ടത്.
ഒരു ഭാഗത്ത് സാമൂതിരിയെ അനുനയിപ്പിച്ച് കാര്യങ്ങള്‍ നേടിയെടുക്കുമ്പോഴും കടല്‍ കൊള്ളനടത്താന്‍ അവര്‍ ഒട്ടും മടികാണിച്ചില്ല. ഇന്ത്യന്‍ സമുദ്രത്തിലുടെ തങ്ങളുടെ പാസില്ലാതെ ആരെയും സഞ്ചരിക്കാന്‍ അവര്‍ അനുവദിക്കാത്ത അവസ്ഥവരെയെത്തി. പറങ്കികളുമായി സൗഹൃദത്തിലായിരുന്ന കൊച്ചിയുടെയും കോലത്തിരിയുടെയും പാസുള്ളവരെ പോലും അവര്‍ സഞ്ചരിക്കാന്‍ അനുവദിച്ചില്ല. ഒരിക്കല്‍ കണ്ണൂര്‍ കടല്‍തീരത്ത് വെച്ച് കോലത്തിരിയുടെ പാസുണ്ടായിരുന്ന ഒരു കപ്പല്‍ പറങ്കികള്‍ കൊള്ളയടിച്ചു. ഇതോടെ കോലത്തിരി അവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു.
1507ല്‍ കോലത്തിരിയുടെയും സാമൂതിരിയുടെയും നാട്ടുകാരുടെയും 600 ഓളം ഭടന്‍മാര്‍ കോട്ട വളഞ്ഞു. നാലുമാസമായിരുന്നു ഉപരോധം. 10,000 പേരടങ്ങുന്ന പറങ്കികള്‍ കോട്ടക്കതത്തായി.കോട്ടയിലകപ്പെട്ട പറങ്കികള്‍ ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ വലഞ്ഞു. അവസാനം കടല്‍ ഞണ്ട്, പല്ലി, എലി എന്നിവയെ പിടികൂടി ഭക്ഷിച്ച് പശിയടക്കിയെന്നും ചരിത്രം.
അപ്രതീക്ശഷിതമായി 11 കപ്പലുകളിലെത്തിയ പോര്‍ച്ചുഗീസികാര്‍ അവരെ രക്ഷപ്പെടുത്തി. ചോരക്കടല്‍ സൃഷ്ടിച്ച ഏറ്റുമുട്ടലിനോടുവില്‍ വിടവാങ്ങല്‍.
അറ്റ് വീണ തലയും കാലുകളും കൈവിരലുകലും യുദ്ധത്തിന്റെ ഭീകരത വര്‍ധിപ്പിച്ചു. മുസ്ലിം സ്ത്രീകളെ അപമാനിച്ചുവെന്ന പേരില്‍ 1545ല്‍ വീണ്ടും യുദ്ധം നടന്നെങ്കിലും പറങ്കികള്‍ക്ക് തന്നെയായിരുന്നു വിജയം.
വാസ്‌കോഡഗാമയുടെ രണ്ടാംവരവ് പറങ്കികള്‍ക്ക് നേട്ടം തന്നെയായിരുന്നു. കോലത്തിരിയുമായുള്ള പിണക്കം മാറ്റിയെടുത്ത ഗാമക്ക് പുതിയ വ്യാപാരക്കരാറുകളും ലഭിച്ചു. എന്നാല്‍ തരം കിട്ടുമ്പോഴെല്ലം പറങ്കികള്‍ തങ്ങളുടെ ക്രൂര വിനോദങ്ങള്‍ നടത്താനും മറന്നില്ല.
കണ്ണൂരിലെ പ്രമുഖ കച്ചവടക്കാരനും അറക്കല്‍ ആലിരാജയുടെ സൈനിക മേധാവിയുമായിരുന്ന വലിയ ഹസനെ കടല്‍കൊള്ളക്കാരന്‍ എന്ന കുറ്റം ചുമത്തി പിടികൂടി. തടവില്‍ പാര്‍പ്പിച്ചു. പിന്നീട് അദ്ദേഹത്തെ ക്രുരമായി കൊലപ്പെടുത്തി. വര്‍ഷങ്ങളോളം കോലത്തിരിയും മുസ്ലിങ്ങളും തമ്മില്‍ നിലനിന്നിരുന്ന ബന്ധത്തിന് വിള്ളല്‍ വീഴ്ത്തിയ സംഭവമായാണ് ചരിത്രകാരന്‍മാര്‍ ഈ ക്രൂരതയെ വിശേഷിപ്പിച്ചത്.
ചരിത്രത്തില്‍ പൊടിപിടിച്ചു കിടക്കുന്ന മറ്റൊരു സംഭവം അധികമാരുമാറിയില്ല, അത് ഇപ്രകാരം...
തങ്ങള്‍ക്കെന്നും തലവേദന സൃടിച്ച കുഞ്ഞാലിമരക്കാറെ പിടികൂടിയ പറങ്കികള്‍ ഗോവയില്‍ കൊണ്ടുപോയി തലഅറുത്തു കൊന്നു. ശരീര ഭാഗങ്ങള്‍ കഷ്ണങ്ങളാക്കി ഗോവന്‍ തീരങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. ഒരു ഭരണിയില്‍ ഉപ്പിലിട്ട് സൂക്ഷിച്ച തല പിന്നീട് കണ്ണൂര്‍ കോട്ടയില്‍ കൊണ്ടുവന്ന് ഒരു മുളിയില്‍ കുത്തിവെച്ച് അതിന് ചുറ്റും നിന്ന് നൃത്തം ചെയ്തു. ഇങ്ങനെയാണ് പറങ്കികള്‍ കുഞ്ഞാലി മരക്കാറോടുള്ള പക തീര്‍ത്തത്.
തീര്‍ന്നില്ല കണ്ണൂര്‍ കോട്ടയുടെ മൂകസാക്ഷിത്വം.
ബ്രിട്ടീഷുകാര്‍ കോട്ടയുടെ അധിപന്‍മാരായ സമയത്തും ഒരു സംഭവം അരങ്ങേറി. രണ്ടാം മൈസൂര്‍ യുദ്ധത്തില്‍ സന്ധിക്കപേക്ഷിച്ച് യുദ്ധം നിര്‍ത്തിയ ടിപ്പുവിനോട് ഇംഗ്ലീഷുകാര്‍ ഭാരിച്ച കപ്പംആവശ്യപ്പെട്ടു. അത് നല്‍കാന്‍ ടിപ്പുവിന് കഴിയാതെ വന്നപ്പോള്‍ ടിപ്പുവിന്റെ രണ്ടു മക്കളെ ജാമ്യക്കാരായി തടവില്‍ പാര്‍പ്പിച്ച സംഭവവും ചരിത്രത്തിന്റെ കണ്ണീരണിഞ്ഞ സംഭവമാണ്. കേരളവരര്‍മ്മ പഴശ്ശി രാജയുടെ രണ്ട് മക്കളെയും അവിടെ തടവില്‍ പാര്‍പ്പിച്ചിരുന്നു.
ഇതെല്ലാം ചരിത്രം വെളിച്ചത്ത് കൊണ്ടുവന്ന ക്രൂരതകള്‍... ഇനി നമ്മളറിയാത്തവ എത്രയോ ഉണ്ട് അവ കാലമാകുന്ന ചരിത്രം തന്നെ പുറത്ത് കൊണ്ടുവരട്ടെ.
No comments:
Post a Comment