Tuesday, 12 June 2018

History ends in Eraniel...ഇരണിയലില്‍ ചരിത്രം അവസാനിക്കുന്നു



CPF Vengad

Eraniel palace at Kanyakumari Tamil Nadu India,which is the first major palace of the Travancore dynasty in Kerala is today gasping for breath.
There is no clear evidence about the construction of the palace,but I think the construction took place more than 600 years ago.
Located on a campus 3.5 acres, the palace has three identified parts,such as Padippura, main palace and spring palace.
Today the ravage of time and vandals have reduced the palace to a skeleton. The roof tiles have been mercilessly raided. The teak and rose wood beems have been stolen.
Local people says that 45 different  types of wooden sculptures were plunded from the palace and shipped abroad.
Dear friends a pale shadow of its glorious past,the palace today evokes dismay and grief in the mind of heritage lovers...




സിപിഎഫ് വേങ്ങാട്

നൂറ്റാണ്ടുകള്‍ അമര്‍ത്തിച്ചവിട്ടിപ്പോയ ചരിത്രത്തിന്റെ രാജ വീഥികളില്‍ ഇപ്പോള്‍ കുളമ്പടികളുടെ ശബ്ദമില്ല. രാജ വിളംബരങ്ങളുടെ പ്രകമ്പനങ്ങളില്ല. ആളുകള്‍ തിങ്ങി നിറഞ്ഞ കൊട്ടാരവളപ്പില്‍ രാജാവോ റാണിയോ തോഴിമാരോ ഇല്ല. തകര്‍ന്നടിഞ്ഞ ഒരു കൊട്ടാരത്തിന്റെ അവശിഷ്ടള്‍മാത്രം...അതെ, നിലംപൊത്തിയ കൊട്ടാരക്കൂമ്പാരമാണ് ഇന്ന് ഇരണിയലിലുള്ളത്.
അപരിചിതരെ പോലും കണ്ണ് നിറക്കുന്ന ഒരു ചരിത്രസാക്ഷിയുടെ ദയനീയ കാഴ്ച വിവരണാതീതമാണ്. തിരുവിതാംകൂര്‍ രാജ വംശത്തിന്റെ ആദ്യത്തെ രാജധാനിയായ ഈ ചരിത്ര സ്മാരകം എല്ലും തോലുമായി കിടക്കുന്ന കാഴ്ച കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന് നേരെ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ഇടിഞ്ഞു പൊളിഞ്ഞ ചുമരുകളും നിലംപൊത്തിയ മേര്‍ക്കൂരകളും കാണുന്ന ആരും അറിയാതെ നിലവിളിച്ചുപോകും....'തിരുവിതാംകൂര്‍ വാണ പൊന്നു തമ്പുരാക്കന്‍മാരെ നിങ്ങളിത് കാണുന്നില്ലയോ' എന്ന്. കാരണം സ്ഥിതി അത്രമാത്രം ദയനീയവും വേദനാജനകവുമാണ്.
ചരിത്രത്തിന്റെ ഗതിവിഗതികള്‍ മാറ്റി മറിച്ച പല സംഭവങ്ങള്‍ക്കും മൂകസാക്ഷിയായ ഒരു കൊട്ടാരത്തിന്റെ അവസ്ഥക്ക് കാരണം തമിഴ്‌നാട് സര്‍ക്കാറാണ്. കാരണം സംസ്ഥാന രൂപികരണത്തോടെ കന്യാകുമാരി ജില്ലയിലായി ഇരണിയല്‍. അതോടെ കൊട്ടാരത്തിന്റെ പതനവും ആരംഭിച്ചു.
ഇരണിയല്‍ കൊട്ടാരം ഇനി എത്രനാള്‍ എന്ന ചോദ്യമുയരുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തോട് തമിഴ്‌നാട് സര്‍ക്കാര്‍ അനുവര്‍ത്തിച്ച് വരുന്ന അവഗണനാ മനോഭാവമാണ് കൊട്ടാരം നമ്മോട് പറയുന്നത്. തകര്‍ന്ന് കിടക്കുന്ന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ നമ്മളെ അതിന്റെ ഗതകാല ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും.
ഉച്ചവെയിലിന്റെ തീഷ്ണത കുറഞ്ഞ് വരുന്ന ഒരു വ്യാഴാഴ്ച ദിവസമാണ് ഇരണിയല്‍ തേടിപ്പോയത്. ഒരു കാലത്ത് കുതിര വണ്ടികളും ആനയും അമ്പാരിയും നിറഞ്ഞ് നിന്ന ഇരണിയല്‍ ഇന്ന് ഒരു സാധാരണ നഗരമാണ്. ഒരു കൊട്ടാരം അവിടെ ഉണ്ടായിരുന്നുവെന്നോ ഒരു രാജവംശത്തിന്റെ തലസ്ഥാനമാണിതെന്നോ പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഏറെ പ്രയാസം.
ഇരണിയല്‍ ജംഗ്ഷനില്‍ നിന്ന് ഏതാണ്ട് മൂന്നുകിലോമീറ്റര്‍ അകലെയാണ് തിരുവിതാംകൂറിന്റെ ഈ രാജധാനി. തമിഴ്‌നാട് സര്‍ക്കാര്‍ കൊട്ടാരത്തിന് മുന്നിലായി സ്ഥാപിച്ച തമിഴില്‍ ഏഴുതിയിരിക്കുന്ന ബോര്‍ഡ്  മുന്‍ വശത്തെ ഗേറ്റിന് മുന്നിലായി തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാം. മുന്നിലും പിന്നുലുമുള്ള ഗേറ്റുകള്‍ ഇപ്പോള്‍ പുട്ടിയിട്ട നിലയിലാണ്. പിന്‍ ഭാഗത്തെ മതിലിന് ഉയരം കുറവായതിനാല്‍ കൊട്ടാര വളപ്പിലേക്ക് ചാടിക്കടക്കാനായി. വല്ലപ്പോഴുമെത്തുന്ന ചരിത്രാന്വേഷകരോട് തന്റെ കഴിഞ്ഞ കാല കഥകള്‍ അയവിറക്കുകയാണ് തിരുവിതാംകൂറിന്റെ ഈ രാജധാനി.

അല്‍പ്പം ചരിത്രം
ഏതാണ്ട് 500 വര്‍ഷം മുമ്പാണ് ഇരണിയല്‍ കൊട്ടാരത്തിന്റെ നിര്‍മാണമെന്ന് വിശ്വസിച്ച് പോരുന്നു. തെക്കെ തേവന്‍ചേരിയില്‍ കോയിക്കല്‍ എന്നായിരുന്നത്രെ കൊട്ടാരത്തിന്റെ ആദ്യ നാമം. 1601ല്‍ പത്മനാഭപുരം കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയാകുന്നതുവരെ ഇരണിയല്‍ കൊട്ടാരമായിരുന്നു വേണാടിന്റെ ഭരണ തലസ്ഥാനം. 1629ല്‍ രവിവര്‍മ കുലശേഖര രാജാവാണ് ഇവിടെനിന്ന് പത്മനാഭപുരത്തേക്ക് തലസ്ഥാനം മാറ്റിയത്
മൂന്നര ഏക്കറില്‍ മൂന്ന് ഭാഗങ്ങളായി നാലുകെട്ട് രൂപത്തില്‍ നിര്‍മ്മിച്ച കൊട്ടാരമാണ് ഇരണിയല്‍. പടിപ്പുര, പ്രധാന കൊട്ടാരം, (കുതിര മാളിക)വസന്തമാളിക(സ്പ്രിംഗ് പവലിയന്‍) എന്നിവയാണിവ. കൊട്ടാരത്തിലെ കുതിരമാളികയുടെ വാസ്തുവിദ്യയെക്കുറിച്ചും ചുമര്‍ചിത്രങ്ങളെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ പുരാവസ്ഥുരേഖകള്‍ പരിശോധിച്ചാല്‍ കാണാം. വേനല്‍ചൂടിനെയും മണ്‍സൂണ്‍ മഴയെയും പ്രതിരോധിക്കാന്‍ കഴിയുന്ന വിധത്തിലാണ് വാസ്തുശാസ്ത്ര പ്രകാരം കൊട്ടാരത്തിന്റെ നാലുകെട്ട് പണിതിരിക്കുന്നത്. പ്രധാനമായും മണ്‍കട്ടയും ലൈം പല്‍സ്റ്ററും ഉപയോഗിച്ചാണ് കൊട്ടാരച്ചുമരുകളുടെ നിര്‍മാണം. മേല്‍ക്കൂരകളും വാതിലുകളും വീട്ടിത്തടികളിലാണ് പണിതിരിക്കുന്നത്.
ചേരമാന്‍ പെരുമാള്‍ കേരളം വിട്ടുപോയത് ഈ കൊട്ടാരത്തില്‍ നിന്നാണെന്നും ഇവിടെ ഉറങ്ങിയ പെരുമാളെ നേരം വെളുത്തപ്പോള്‍ കണ്ടില്ലെന്നുമുള്ള ഐതിഹ്യവും പഴമക്കാര്‍ പറയുന്നുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന കരിങ്കല്ലില്‍ തീര്‍ത്ത ഒറ്റക്കല്‍ കിടക്ക ഇവിടെ ഇപ്പോഴും കാണാം. കട്ടിലിന്റെ വശങ്ങളിലായി കല്ലില്‍കൊത്തിയ ചിത്രപ്പണികളുണ്ട്. കട്ടിലിന്റെ മേല്‍ക്കൂരയിലും മനോഹരമായ ചിത്രപ്പണികളും പെയിംഗുകളും ഉണ്ടായിരുന്നു.
തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സ്ഥാനാരോഹണത്തിന് മുമ്പ് ഇവിടെയെത്തി വസന്തമണ്ഡപത്തില്‍ ഉടവാള്‍വെച്ച് നമസ്‌കരിക്കുന്ന പതിവുണ്ടായിരുന്നു. ആദ്യം ആയ് രാജ്യത്തിന്റെയും പിന്നീട് വേണാടിന്റെയും ഭാഗമായിരുന്ന ഇരണിയല്‍ പാണ്ഡ്യ ചോള വിജയനഗര രാജാക്കന്മാരാല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോഴത്തെ അവസ്ഥ
പേടിപ്പെടുത്തുന്ന പൊന്തക്കാടുകള്‍ക്ക് നടുവിലെ തകര്‍ന്നൊരു നാലുകെട്ടാണ് ഇന്ന് ഇരണിയല്‍ കൊട്ടാരം. പൊളിഞ്ഞു വീണെങ്കിലും പോയകാലത്തിന്റെ പ്രൗഢിയുടെ ശവക്കല്ലറയായി അകത്തളത്തിന്റെയും വസന്തമണ്ഡത്തിന്റെയുമെല്ലാം അവശിഷ്ടങ്ങള്‍ ഇന്നും കാണാം.
മുഖ മണ്ഡപം തകര്‍ന്ന് നിലം പൊത്തിയിരിക്കുന്നു. തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ മരഉരുപ്പടികള്‍ വിവിധ സ്ഥളങ്ങളിലായി കൂട്ടിക്കിടക്കുന്നു. പ്രധാന കൊട്ടാരത്തിലേക്ക് കടന്നാല്‍ ദയനീയമായ കാഴ്ച മനസ് നിയന്ത്രിച്ച് കാണുകയല്ലാതെ മറ്റ് പോം വഴികളില്ല. തകര്‍ന്ന് വീണ ചുമരുകളും ചിത്രപ്പണികള്‍ ആലേഖനം ചെയ്ത വലിയ തൂണുകളും അനാഥമായി കിടക്കുന്നു.
നടുമുറ്റത്ത് അവശിഷ്ടങ്ങളുടെ കൂമ്പാരം ഇവിടെ വലിയ കാട്ടുമരങ്ങള്‍ വളര്‍ന്നു പൊന്തിയിരിക്കുന്നു. ഇഴ ജീവികളുടെ വിഹാര കേന്ദ്രവുമാണിവിടം.
വലിയ കരിങ്കല്‍ ഭിത്തികളില്‍ കൊത്തിയിരിക്കുന്ന ചിത്രപ്പണികള്‍ ജീര്‍ണതകള്‍ക്കിടയിലും ഏറെ മനോഹരമായി തോന്നി. നടുമുറ്റത്തിന് ഇരു വശത്തുമുള്ള മുറികളാവട്ടെ മഴയും വെയിലുമേറ്റ് ജീര്‍ണിച്ചിരിക്കുകയാണ്. ഇതിന്റെ മച്ചുകള്‍ ദ്രവിച്ച് മുകള്‍ ഭാഗത്തെ മുറികള്‍ കാണാനാവും. വലിയ കിടപ്പുമുറിയും അടുക്കളയും കാലപ്പഴക്കത്താല്‍ ഏതെന്ന് തിരിച്ചറിയാനാവില്ല.
തേക്ക് തടിയില്‍ തീര്‍ത്ത മച്ചുകള്‍ ചിതലരിച്ചും ദ്രവിച്ചും  ഒടിഞ്ഞു തൂങ്ങിയിരിക്കുന്നത് കാണാം. ഒഴിഞ്ഞ മദ്യ ബോട്ടിലുകളും പാന്‍പരാഗ് പോലുള്ള ലഹരി വസ്തുക്കളും ഇവിടെ യഥേഷ്ടം. ഇതിന്റെ വശത്തായി മുകളിലേക്ക് കയറി ചെല്ലാനുള്ള കോണിപ്പടിയുണ്ട്. കാലപ്പഴക്കത്താല്‍ ദ്രവിച്ച ചവിട്ടു പടികള്‍ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു. പിരിവള സമ്പ്രദായത്തില്‍ നിര്‍ച്ചിരിക്കുന്ന മേല്‍ക്കൂരയുടെ കഴുക്കോലുകള്‍ ഇളികിയിരിക്കുന്നു. കാലത്തെ അതിജീവിക്കാന്‍ കഴിവുള്ള മൂത്ത തേക്കിന്‍ തടികളായത് കൊണ്ട് മാത്രമാണ്  അവ ഇപ്പോഴും നില നിന്ന് പോരുന്നത്.
ഇനി ഇവിടെ നിന്നും വസന്തമാളികയിലേക്ക് പോകാം. രാജാവ് പള്ളിയുറക്കം നടത്തിയിരുന്ന മാളികയാണിത്. ഇതിലേക്ക് പോകാന്‍ കരിങ്കള്‍ പാളികള്‍ പാകിയ വഴികളുണ്ട്. കൊട്ടാരത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ മാളിക കലാവൈഭവം വിളിച്ചോതുന്നവയാണ്. അതിമനോഹരമാണ് വന്തമാളിക. വെയിലും മഴയും ഏല്‍ക്കാത്ത രീതിയില്‍ മുകളില്‍ നിന്ന ചെരിച്ച് താഴ്ത്തിയ ഈ മണ്ഡപം വളരെ മനോഹരമാണ്. കൊത്തു പണികളാലും വര്‍ണങ്ങളാലും അലങ്കരിച്ച ഈ പള്ളിയറയുടെ ഇപ്പോഴത്തെ അവസ്ത കണ്ടാല്‍ ഏതൊരാളുടെയും കണ്ണ് നിറയും.
തകര്‍ന്ന് വീണ മര ഉരുപ്പടിയും മേല്‍ക്കൂരകളുമാണ് ഇന്ന് വസന്ത മണ്ഡപത്തിനുള്ളത്. തറയില്‍ നിന്നും  കരിങ്കല്‍ പാളികളാല്‍ ഉയര്‍ത്തിക്കെട്ടിയ ഈ മണ്ഡപത്തിന്റെ നിര്‍മാണ വൈഭവം അതിശയിപ്പിക്കുന്നതാണ്. മണ്ഡപത്തിന്റെ മധ്യ ഭാഗത്തായാണ് ചരിത്ര പ്രസിദ്ധമായ കരിങ്കല്‍ കട്ടിലുള്ളത്. വലിയ കരിങ്കള്‍ പാളിയിലാണ് ഇത് കൊത്തിയെടുത്തത്. ഇതിന്റെ വശങ്ങളിലും തറയിലും കൊത്തുവേലകള്‍കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.  കഠിനമായ വേനലിലും  തണുപ്പനുഭവപ്പെടുന്ന ഈ കരിങ്കല്‍ കട്ടില്‍ ആരെയും വിസ്മയിപ്പിക്കും. ഒരു കാലത്ത് രാജാവ് പള്ളിയുറക്കം നടത്തിയിരുന്ന ഈ  മണ്ഡപത്തില്‍ ഇപ്പോഴും ആരൊക്കെയോ പള്ളിയുറക്കം നടത്തുന്നുണ്ടെന്ന് കാര്യത്തില്‍ സംശയമില്ല. ഒഴിഞ്ഞ മദ്യക്കുപ്പികളും ഗര്‍ഭ നിരോധന ഉറകളും  ഇവിടെ യഥേഷ്ടം. തറയിലുറപ്പിച്ച ഈ കട്ടില്‍ ഇളക്കിയെടുത്ത് കൊണ്ട് പോകാന്‍ കഴിയാനാവാത്തതിനാലാണ് ഇപ്പോഴും ഇവിടെ അനാഥമായി കിടക്കുന്നത്. നിര്‍മാണത്തിലെ അപൂര്‍വ്വതയും ആകൃതിയും  ചരിത്ര പ്രാധാന്യവും കൊണ്ട് കേള്‍വി കേട്ട വസന്ത മണ്ഡപം ഇനി കേള്‍വിയില്‍ തെളിയുന്ന ചിത്രമായേക്കും.
ഇനി ഇവിടെ നിന്നിറങ്ങി കൊട്ടാരത്തിന്റെ പിന്നിലൂടെ നടന്നാല്‍ കരളലിയുന്ന കാഴ്്ചകളാണ് കാണാനാവുക. ദ്രവിച്ച് അസ്ഥി പഞ്ചരമായി കിടക്കുന്ന  മേല്‍ക്കൂരയും കഴുക്കോലുകളും ചുമരുകളും  ഇനി എത്രനാള്‍ എന്ന ചോദ്യം മാത്രമാണ് അവശേഷിപ്പിക്കുന്നത്. കൊട്ടാര ചുമരുകളില്‍ ചില സ്ഥലങ്ങളില്‍ വലിയ ദ്വാരങ്ങള്‍ കാണാം. തമിഴ്‌നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഗോഡൗണായി ഈ കൊട്ടാരം ഉപയോഗപ്പെടുത്തിയിരുന്ന കാലത്ത് രാത്രികാലങ്ങളില്‍ അരി മോഷ്ടിക്കാനെത്തിയവരാണ് ഈ തുരങ്കം നിര്‍മിച്ചതെന്നാണ് പരിസരവാസികള്‍ പറയുന്നത്. മാത്രമല്ല  കൊട്ടാരത്തിലെ അപൂര്‍മായ പല മര ഉരുപ്പടികളും തടിയിലും സ്ഫടികത്തിലും നിര്‍മ്മിച്ച അപൂര്‍വ കരകൗശല വസ്തുക്കളും കപ്പലേറി വിദേശത്തെത്തിയെന്നും പരിസരവാസികള്‍ പറയുന്നു.
തേക്ക് തടിയില്‍ തീര്‍ത്ത കൊട്ടാരത്തിലെ പല മര ഉരുപ്പടികളും സമീപ വാസികളില്‍ ചിലര്‍ വീട്ടാവശ്യത്തിനായി ഉപയോഗിച്ചു. അനാഥമായി കിടക്കുന്ന മര ഉരുപ്പടികള്‍ ഇപ്പോഴും  രാത്രികാലങ്ങളില്‍ മോഷ്ടിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നത്തിവരുന്നു. കൊട്ടാര വളപ്പില്‍ ഇപ്പോള്‍ ഒരു വോളിബോള്‍ കോര്‍ട്ടുണ്ട്. ഈ ലേഖകന്‍ ഇരണിയല്‍ കൊട്ടാരം സന്ദര്‍ശിക്കുമ്പോള്‍ (2642018) ഒരു സംഘം  യുവാക്കള്‍ കൊട്ടാര വളപ്പില്‍ നിന്ന് വോളിബോള്‍ കളിച്ചുകൊണ്ടിരിക്കുന്നത് കണ്ടു. ഇത് ഒരു പഴയ കൊട്ടാരമാണെന്ന കാര്യമേ അവര്‍ക്കറിയു. തമിഴ് കലര്‍ന്ന മലയാള ഭാഷയിലുള്ള അവരുടെ സംസാരത്തില്‍ നിന്ന് തന്നെ കേരളത്തിന്റെ ചരിത്ര സ്മാരകങ്ങളോടുള്ള അവഗണന വ്യക്തമായപ്പോള്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് കടന്നില്ല.
ഇരണിയല്‍ കൊട്ടാരത്തിന്റെ ബാക്കിയായ അവശിഷ്ടങ്ങളും ഇനി എത്രനാള്‍ എന്ന ചോദ്യം മാത്രമാണ് ഈ കൊട്ടാരം കണ്ടു മടങ്ങുന്നവരുടെ മനസിലുണ്ടാവുകയുള്ളു. അതുകൊണ്ട് തന്നെ തിരുവിതാംകൂറിന്റെ ആദ്യകാല രാജഭവനമായ ഈ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത് അവ പഴയ രൂപത്തില്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ഇതിനായി നമ്മുടെ ഭരണാധികാരികള്‍ വേണ്ട നടപടിയെടുക്കേണ്ടിയിരിക്കുന്നു. വെറുമൊരു കൊട്ടാരമല്ല ഒരു നാടിന്റെ ചരിത്രമാണ് ചിതലരിച്ചു പൊളിഞ്ഞുവീണിരിക്കുന്നത്. വരും തലമുറക്ക് പാഠമാകേണ്ട ചരിത്രശേഷിപ്പുകളാണ് കാടുമൂടിക്കിടക്കുന്നതെന്ന കാര്യവും നാം മറന്നു പോകരുത്.